തൊടുപുഴ
അന്ധവിശ്വാസം മനുഷ്യനെ എവിടെ എത്തിക്കുമെന്നതിന്റെ സമീപകാല ഉദാഹരണമാണ‌് തൊടുപുഴയ‌്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിലെ കമ്പകക്കാനത്ത‌് കഴിഞ്ഞ വർഷം ജൂലൈ 29 ന‌് അർധരാത്രി അരങ്ങേറിയ കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തി ചാണകക്കുഴയിൽ കുഴിച്ചിട്ടെന്ന വാർത്ത മൂന്നു ദിവസം കഴിഞ്ഞ‌് പുലർച്ചെ ഞെട്ടലോടെയാണ‌് കേരളം ശ്രവിച്ചത‌്.
മന്ത്രവാദവും ആഭിചാരവും തൊഴിലായി സ്വീകരിച്ച തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ട‌് കൃഷ്ണൻ(54), ഭാര്യ സുശീല(50), മക്കളായ ആർഷ(21), അർജുൻ(17) എന്നിവരാണ‌് കൊല്ലപ്പെട്ടത‌്. മന്ത്രവാദത്തിൽ കൃഷ‌്ണന്റെ സഹായിയായിരുന്ന അടിമാലി കൊരങ്ങാട്ടി ആദിവാസി ഊരിലുള്ള തേവർകുടിയിലെ അനീഷ‌്(30) ആയിരുന്നു കേസിലെ മുഖ്യപ്രതി. സാമ്പത്തിക തട്ടിപ്പും അതോടൊപ്പം, ഗുരു ഇല്ലാതായാൽ അദ്ദേഹത്തിന്റെ മന്ത്രവിദ്യയും ശക്തിയും സ്വായത്തമാക്കാമെന്ന അന്ധവിശ്വാസവുമാണ‌് കൊലപാതകത്തിലേക്ക‌് നയിച്ചത‌്. തൊടുപുഴ കാരിക്കോട് സ്വദേശി ലിബീഷ‌് ബാബു നാലംഗ കുടുംബത്തെ വകവരുത്താൻ ഇയാൾക്ക‌് കൂട്ടുനിന്നു. സ്വർണവും പണവും നൽകാമെന്ന‌് പ്രലോഭിപ്പിച്ചാണ‌് അനീഷ‌് ഇയാളെ ഒപ്പം കൂട്ടിയത‌്.
രണ്ടുവർഷത്തോളം കൃഷ്ണനൊപ്പം ചേർന്ന‌് അനീഷ‌് പൂജയും മന്ത്രവാദവും പഠിച്ചിരുന്നു. ഇതിന‌് കൃഷ‌്ണൻ ഫീസും വാങ്ങി. അനീഷിന്റെ വീട്ടിൽ ചില പൂജകൾ നടത്തി പണവും വാങ്ങിയിരുന്നു. അനീഷ‌് പിന്നീട‌് കൃഷ‌്ണനിൽ നിന്നും വേർപെട്ട‌് സ്വന്തം നിലയിൽ പൂജകൾ ചെയ‌്തു. എന്നാൽ, ഫലമില്ലെന്ന തോന്നലുണ്ടായി. തന്റെ മാന്ത്രികശക്തി കൃഷ്ണൻ അപഹരിച്ചെന്നായിരുന്നു അനീഷിന്റെ വിശ്വാസം. ഇതോടെ കണക്കുകൂട്ടൽ ആരംഭിച്ചു. കൃഷ്ണന‌് 300 മൂർത്തികളുടെ ശക്തിയുണ്ടെന്നും അയാൾ ഇല്ലാതായാൽ അതുമുഴുവൻ തന്നിൽ വന്നുചേരുമെന്നും അനീഷ‌് വിശ്വസിച്ചു. മാത്രമല്ല, കൃഷ‌്ണന്റെ പക്കൽ ധാരാളം പണവും സ്വർണവും ഉണ്ടെന്നും മനസ്സിലാക്കി. ഇതും മന്ത്രവാദത്തിനുള്ള താളിയോലകളും മോഷ്ടിക്കാമെന്നും കണക്കുകൂട്ടി സുഹൃത്തായ ലിബീഷുമൊത്ത‌് കമ്പകക്കാനത്തേക്ക‌് തിരിയ‌്ക്കുകയായിരുന്നു.
വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന കൃഷ്ണനെ പുറത്തുവരുത്താൻ സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ അനീഷ് കമ്പികൊണ്ട് തലയ്ക്കടിച്ചു. പിന്നാലെയെത്തിയ ഭാര്യ സുശീലയെ ലിബീഷും കൊലപ്പെടുത്തി. മകൾ ആർഷ അക്രമം ചെറുത്തെങ്കിലും കീഴ‌്പ്പെടുത്തി കൊലപ്പെടുത്തി. ബഹളം കേട്ടെത്തിയ കൃഷ‌്ണന്റെ മകൻ അർജുനെ മർദിച്ച‌് അവശനാക്കിയ ശേഷം വെട്ടി. കത്തികൊണ്ട് നാലുപേരുടെയും ശരീരങ്ങൾ വികൃതവുമാക്കി. അമ്മയുടെയും മകളുടെയും മൃതദേഹത്തോട‌് അനാദരവ‌് കാട്ടിയ ശേഷമാണ‌് പ്രതികൾ 40 പവൻ സ്വർണവുമായി മടങ്ങിയത‌്. രണ്ടാം നാൾ പ്രതികൾ കൃഷ‌്ണന്റെ വീട്ടിൽ മടങ്ങിയെത്തി. രക്തക്കറകൾ കഴുകി മൃതദേഹങ്ങൾ മറവു ചെയ‌്ത‌് തെളിവുകൾ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം.
വീട്ടിലെത്തുമ്പോൾ അർജുന്റെ ശരീരത്തിൽ ജീവനുണ്ടായിരുന്നു. തലയ‌്ക്ക‌് ചുറ്റികയ‌്ക്ക‌് അടിച്ച‌് കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹങ്ങൾ വലിച്ചിഴച്ച‌് പിന്നിലെ ചാണകക്കുഴിയ‌്ക്കുള്ളിൽ അടുക്കുകളായി മറവുചെയ‌്ത‌് മടങ്ങി. വീട്ടുകാരെ കാണാനില്ലെന്ന പരിസരവാസികളുടെ പരാതിയിലാണ‌് പൊലീസ‌് അന്വേഷണം നടത്തി കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത‌്.
അനീഷ് മന്ത്രവാദത്തിന് പുറമേ പെയിന്റിങ‌് ജോലിയും ചെയ‌്തിരുന്നു. മദ്യപാനത്തിനും ലഹരിയ‌്ക്കും വേണ്ടിയാണ‌് ഇയാൾ പണം ഉപയോഗിച്ചിരുന്നത‌്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ നാട്ടുകാരോടും അടുപ്പം പുലർത്തിയിരുന്നില്ല. കൊലപാതകത്തിന‌് മുമ്പും ശേഷവും ഒരു മന്ത്രവാദിയുടെ അടുക്കൽ അനീഷ‌് പ്രശ‌്നം വയ‌്ക്കാൻ എത്തിയിരുന്നു. കൃത്യത്തിന‌് അനുയോജ്യ സമയമാണോ എന്നറിയാനായിരുന്നുവത്രെ ആദ്യം എത്തിയത‌്. പൊലീസിൽ നിന്നും രക്ഷപ്പെടാനായിരുന്നു രണ്ടാമത‌് എത്തിയത‌്. ഇതിന‌് പ്രത്യേക കോഴിക്കുരുതിയും നടത്തി. മോഷ്ടിച്ച സ്വർണം പണയം വയ‌്ക്കാനും മറ്റുരീതിയിലും പ്രതികളെ സഹായിച്ച തൊടുപുഴ ആനക്കൂട് ഇലവുംചുവട്ടിൽ ശ്യാംപ്രസാദ‌്(22), മുവാറ്റുപുഴ വെള്ളൂർക്കുന്നം പട്ടരുമഠത്തിൽ സുനീഷ‌്(33) എന്നിവരും ഈ കേസിൽ പ്രതികളാണ‌്.
മന്ത്രവാദത്തിനും മറ്റുമായി ആഡംബര കാറുകളിൽ സ‌്ത്രീകൾ ഉൾപ്പെടെയുള്ളവർ കൃഷ‌്ണന്റെ വീട്ടിൽ പതിവായി എത്താറുണ്ടായിരുന്നു. കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ ലാബ‌് പരിശോധനാ റിപ്പോർട്ടും മറ്റും ലഭിച്ചത‌് സമീപനാളിലാണ‌്. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്ന‌് അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ‌്പി കെ പി ജോസ‌് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2VKwbV6
via IFTTT
No comments:
Post a Comment