കൊച്ചി
ചൂർണിക്കരയിൽ കോടികൾ വിലയുള്ള തണ്ണീർത്തടം പുരയിടമാക്കിമാറ്റാൻ ലാൻഡ‌് റവന്യൂ കമീഷണറുടെ വ്യാജ ഉത്തരവ‌് തയ്യാറാക്കിയത‌് അറസ‌്റ്റിലായ കോൺഗ്രസ‌് നേതാവ‌് ശ്രീഭൂതപുരം അപ്പേലി അബു (അബൂട്ടി, -39). 30,000 രൂപ പ്രതിഫലം വാങ്ങി, വ്യാജ ഉത്തരവിൽ കമീഷണറേറ്റിലെ സീനിയർ സൂപ്രണ്ടിന്റെ ഒപ്പും സീലും പതിച്ചുനൽകിയത‌് എൻജിഒ അസോസിയേഷൻ പ്രവർത്തകനും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ‌്ണന്റെ പിഎയുമായിരുന്ന കെ അരുൺ (34). കഴിഞ്ഞദിവസം കസ‌്റ്റഡിയിലെടുത്ത അരുണിനെയും ആലുവ ഡിവൈഎസ‌്പിയുടെ നേതൃത്വത്തിൽ അറസ‌്റ്റ‌് ചെയ‌്തു.
തട്ടിപ്പ‌് പുറത്തായപ്പോൾ മുങ്ങിയ അബുവിന‌് ഒളിവിൽ താമസിക്കാൻ സഹായിച്ച ബന്ധുക്കളായ അഷ‌്റഫ‌്, റഷീദ‌് എന്നിവരും അറസ‌്റ്റിലായി. കമീഷണറേറ്റിലെ ജീവനക്കാർ ഉച്ചയൂണിന‌് പോയപ്പോഴാണ‌് പാങ്ങോട‌് വാഴൂട്ടുകല കെ അരുൺ വ്യാജ ഉത്തരവിൽ ഒപ്പും സീലും പതിച്ചത‌്. തൃശൂർ മതിലകം സ്വദേശിയായ ഹംസ, ഭാര്യ, മകൾ എന്നിവരുടെ പേരിൽ ദേശീയപാതയോട‌് ചേർന്ന‌്, മുട്ടത്തെ 71 സെന്റ‌് സ്ഥലം പുരയിടമാക്കി തരംമാറ്റാനാണ‌് അബു വ്യാജരേഖ നിർമിച്ചുനൽകിയത‌്. ഇതിനായി ഹംസയിൽനിന്ന‌് ഏഴുലക്ഷം രൂപ വാങ്ങി. ഹംസ ഒരുവർഷംമുമ്പാണ‌് അബുവിനോട‌് തന്റെ ആവശ്യമുന്നയിച്ചത‌്. അബുവിന്റെ സുഹൃത്ത‌് ബഷീർവഴി ഹംസ രേഖകൾ നൽകി. ഇതുമായി അബു ചൂർണിക്കര വില്ലേജ‌് ഓഫീസിലെത്തി. മേലുത്തരവുണ്ടെങ്കിലേ അപേക്ഷയിൽ നടപടിയുണ്ടാകൂവെന്ന‌് വില്ലേജ‌് ഓഫീസർ അറിയിച്ചപ്പോൾ, ആർഡി ഓഫീസിൽ അപേക്ഷ നൽകി. അവിടെയും തടസ്സം. തുടർന്നാണ‌് അബു, അരുണിനെ സമീപിച്ചത‌്.
അപേക്ഷയ‌്ക്ക‌് കമീഷണറേറ്റിൽനിന്ന‌് നൽകിയ നമ്പർ റഫറൻസാക്കി അബു വ്യാജ ഉത്തരവ‌് നിർമിച്ചു. ഇതിനായി കമീഷണറേറ്റിലെ മുൻ ഉത്തരവുകൾ പകർത്തി ഡിടിപിയെടുത്ത‌് അരുണിനെ ഏൽപ്പിച്ചു. അരുൺ, സീനിയർ സൂപ്രണ്ടിന്റെ പേരുള്ള സീൽ പതിച്ചുനൽകി. ഈ വ്യാജരേഖ അബു ചൂർണിക്കര വില്ലേജ‌് ഓഫീസിൽ നൽകി.
ഒരു പകർപ്പ‌് താലൂക്ക‌് ഓഫീസിലും എത്തിച്ചു. പുരയിടമാക്കി മാറ്റാനുള്ള അപേക്ഷയിൽ ആർഡിഒയുടെ ഉത്തരവ‌് വേണമെന്ന‌് വില്ലേജ‌് ഓഫീസർ ആർ ശശിലേഖ ആവശ്യപ്പെട്ടു. ഇത‌് ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ പറവൂരിലെ ഡിടിപി സെന്ററിൽ ആർഡിഒയുടെ വ്യാജ ഉത്തരവുണ്ടാക്കി. അതിൽ ഡിജിറ്റൽ സിഗ‌്നേച്ചർ വെട്ടിയൊട്ടിച്ചു. ഫോട്ടോസ‌്റ്റാറ്റ‌് പകർപ്പെടുത്ത‌് വില്ലേജ‌് ഓഫീസിൽ എത്തിച്ചു. ഉത്തരവിൽ സംശയം തോന്നിയ വില്ലേജ‌് ഓഫീസർ മേലധികാരികളെ വിവരം അറിയിച്ചതോടെയാണ‌് തട്ടിപ്പ‌് പുറത്തായത‌്.
സ്ഥലമുടമ ഹംസയാണ‌് കേസിലെ മുഖ്യപ്രതി. ഹംസയുടെ ഭാര്യ, മകൾ, അബു, അരുൺ എന്നിവരാണ‌് മറ്റു പ്രതികൾ. ഇന്ത്യൻ ശിക്ഷാനിയമം 465, 468, 471, 34 വകുപ്പുകൾ പ്രകാരമാണ‌് കേസ‌്. വില്ലേജുതലംമുതൽ കമീഷണറേറ്റുവരെയുള്ള ഓഫീസുകളിലെ രേഖകളെല്ലാം വിജിലൻസ‌് പരിശാേധിച്ചു.
അബു ഇതേരീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ‌് പരിശോധിക്കും. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ച അരുൺ, എൻജിഒ അസോസിയേഷൻ പ്രവർത്തകനാണ‌്. റവന്യൂവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർ പങ്കാളികളായിട്ടുള്ളതായി പൊലീസ‌് സംശയിക്കുന്നു.
from Kerala || Deshabhimani Online News http://bit.ly/2LN0BWO
via IFTTT
No comments:
Post a Comment