തിരുവനന്തപുരം
ദേശീയപാത വികസനത്തിന്റെ മുൻഗണനാ പട്ടിക ഭേദഗതി ചെയ‌്ത ഉത്തരവിലും കേരളത്തിന‌് സ്ഥാനമില്ല. മുൻഗണനാ പട്ടികയിൽ മാറ്റമില്ലെന്നും കേരളം രണ്ടാം പട്ടികയിൽ തുടരുമെന്നും ദേശീയപാത അതോറിറ്റി (എൻഎച്ച‌്എഐ) ഭേദഗതി ഉത്തരവിൽ വ്യക്തമാക്കി. കേരളത്തെ ഒഴിവാക്കിയ ഉത്തരവ‌് റദ്ദാക്കുമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ‌്കരിയുടെ പ്രഖ്യാപനം ഇതോടെ വെറും വാക്കായി.
വ്യാഴാഴ‌്ച ഇറക്കിയ ഭേദഗതി ഉത്തരവിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയ ജോലികൾക്കുതന്നെയാണ‌് മുൻഗണനയെന്ന‌് എൻഎച്ച‌്എഐ വ്യക്തമാക്കി. എന്നാൽ, രണ്ടാം പട്ടികയിലെ ജോലികൾ ഉപേക്ഷിച്ചിട്ടില്ല. മെയ‌് രണ്ടുവരെയുള്ള സ്ഥലം ഏറ്റെടുക്കലിന്റെ വിവരങ്ങൾ എൻഎച്ച‌്എഐക്ക‌് സമർപ്പിക്കുന്നമുറയ്ക്ക‌് രണ്ടാംപട്ടികയിലെ ജോലികൾ തുടരുന്നത‌് പരിഗണിക്കാമെന്നാണ‌് ഉത്തരവ‌്. അതായത‌്, കേരളത്തിലെ ദേശീയപാത വികസനം 2021 ഫെബ്രുവരിയിലേക്ക‌് മാറ്റിക്കൊണ്ടുള്ള മെയ‌് രണ്ടിലെ ഉത്തരവ് റദ്ദാക്കുന്നില്ലെന്നർഥം. ഫലത്തിൽ തീരുമാനത്തിൽ ഒരു മാറ്റവും വരുത്താതെ ഭേദഗതി ഉത്തരവിറക്കുകയാണ‌് എൻഎച്ച‌്എഐ ചെയ്തത‌്.
എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ദേശീയപാത വികസനം പൂർത്തിയാകാതിരിക്കാൻ കേന്ദ്ര സർക്കാർ അണിയറനീക്കം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ‌് ഉണ്ടായത‌്. മുഖ്യമന്ത്രിയും പൊതുമരാമത്ത‌് മന്ത്രിയും ഉത്തരവിനെതിരെ ശക്തമായി രംഗത്തിറങ്ങി. റോഡ‌് വികസനത്തിന‌് സ്ഥലം ഏറ്റെടുക്കരുതെന്ന‌് കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള കേന്ദ്രത്തിനയച്ച കത്തും വൻ വിവാദമായി. ഇതേ തുടർന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ‌്, ഉത്തരവ‌് തിരുത്തുമെന്ന‌് കേന്ദ്രമന്ത്രിമാരായ ഗഡ‌്കരിയും അൽഫോണസ‌് കണ്ണാന്തനവും പറഞ്ഞത‌്. കേരളത്തെ ഒഴിവാക്കാനുള്ള തീരുമാനം നേരത്തെ എടുത്തെങ്കിലും ലോക‌്സഭാ തെരഞ്ഞെടുപ്പായതിനാൽ പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെടുപ്പ‌് കഴിഞ്ഞതിനു പിന്നാലെയാണ‌് നിർമാണപ്രവർത്തനങ്ങൾ രണ്ടുവർഷത്തേക്ക‌് നീട്ടിയെന്നു കാണിച്ച‌് എൻഎച്ച‌്എഐ കത്തയച്ചത‌്.
ഭാരത‌്മാല പരിയോജനയിൽ ഉൾപ്പെടുത്തി കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ നാലുവരിപ്പാതയാക്കുന്ന പദ്ധതിയാണ‌് കേന്ദ്ര സർക്കാർ രാഷ‌്ട്രീയ വിരോധത്താൽ അട്ടിമറിച്ചത‌്.
റോഡ‌് നിർമാണത്തിന‌് മുൻഗണനാ പട്ടിക തയ്യാറാക്കിയാണ‌് കേരളത്തെ തഴഞ്ഞത‌്. അടിയന്തരമായി ഏറ്റെടുക്കേണ്ട നിർമാണപ്രവൃത്തികൾ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി. കാസർകോട‌് ഒഴികെയുള്ള ജില്ലകളിലെ നിർമാണം 2021 ഫെബ്രുവരിക്കുശേഷം പരിഗണിക്കേണ്ട രണ്ടാം പട്ടികയിലേക്കു മാറ്റി. സ്ഥലം ഏറ്റെടുക്കൽ ഒഴികെയുള്ള നടപടി നിർത്തിവയ‌്ക്കാനും ഈ ഉത്തരവിൽ പറഞ്ഞിരുന്നു.
ദേശീയപാത വികസനം പൂർണമായും എൻഎച്ച‌്എഐയുടെ നിയന്ത്രണത്തിലാണ്. നിർദേശപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി സ്ഥലമെടുപ്പ് സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുക മാത്രമാണ‌് സംസ്ഥാന ചുമതല. ഇതനുസരിച്ച‌് വിവരങ്ങൾ സംസ്ഥാന പൊതുമരാമത്തു വകുപ്പ‌് ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട‌്. എന്നാൽ, പുതിയ ഉത്തരവിൽ പറയുന്നത‌് മെയ‌് രണ്ടുവരെയുള്ള സ്ഥിതി അംഗീകാരത്തിനായി വീണ്ടും സമർപ്പിക്കണമെന്നാണ‌്. ജോലികൾ അനന്തമായി നീട്ടാനുള്ള തന്ത്രമാണിത‌്. എൻഎച്ച‌്എഐയുടെ തീരുമാനത്തിന് വീണ്ടും സംസ്ഥാനം കാത്തിരിക്കേണ്ട അവസ്ഥയാണ‌്.
ഉത്തരവ് അവ്യക്തം: മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം
ദേശീയപാത വികസന അതോറിറ്റി ഇറക്കിയ ഭേദഗതി ഉത്തരവ് അവ്യക്തത നിറഞ്ഞതാണെന്ന‌് മന്ത്രി ജി സുധാകരൻ പറഞ്ഞു. കേരളത്തെ മുൻഗണനാ പട്ടികയിൽനിന്ന‌് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എൻഎച്ച‌്എഐ ഇറക്കിയ ഭേദഗതി ഉത്തരവിൽ മുൻഗണനാക്രമം മാറ്റിയത‌് റദ്ദാക്കിയിട്ടില്ല. കേരളത്തിലെ ദേശീയപാത വികസനം ഒന്നാംപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ദേശീയപാത അതോറിറ്റിയിലേക്ക് ഓൺലൈനായി സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ, പല ഭാഗത്തും വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
സമയബന്ധിതമായി അവയ്ക്ക് അംഗീകാരം നൽകി ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച‌് മന്ത്രി നിതിൻ ഗഡ‌്കരിക്ക‌് സുധാകരൻ വീണ്ടും കത്തയച്ചിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2VYk4Yz
via IFTTT
No comments:
Post a Comment