ദേശീയപാത വികസനത്തിന‌് തടസ്സം നിൽക്കുന്ന നിലപാട‌് കേന്ദ്ര സർക്കാർ മാറ്റിയത‌് ജനവികാരം ശക്തമായതിനാലാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയുടെ കത്ത‌് കേരളത്തിന്റെ താൽപ്പര്യത്തിന‌് എതിരായിരുന്നു. അതിനെതിരെ ബിജെപിക്കുള്ളിൽതന്നെ പ്രശ‌്നം ഉണ്ടായി. കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനം പരസ്യമായി രംഗത്തുവന്നു. ജനവികാരം കണക്കിലെടുത്ത‌് തിരുത്താൻ തയ്യാറായത‌് സ്വാഗതാർഹമാണ‌്. സിപിഐ എം സ്വാഗതം ചെയ‌്തതിന്റെ പേരിൽ ഇനി ഉത്തരവ‌് പിൻവലിക്കരുതെന്നും കോടിയേരി പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശ വിധിയുടെ മറവിൽ ആർഎസ‌്എസും ബിജെപിയും കേരളത്തിൽ കലാപത്തിന‌് ശ്രമിച്ചിരുന്നൂവെന്ന വസ‌്തുത പുറത്തുവരികയാണ‌്.
സാമൂഹ്യമാധ്യമങ്ങളിൽ ആർഎസ‌്എസ‌് നേതാക്കന്മാർ നടത്തുന്ന തമ്മിലടി ഇതാണ‌് വെളിപ്പെടുത്തുന്നത‌്. കലാപശ്രമം നടക്കാത്തതിന്റെ നിരാശയാണ‌് ഇതിൽ തെളിയുന്നത‌്. തെരഞ്ഞെടുപ്പിൽ തോറ്റാൽ ആരോപണ പ്രത്യാരോപണം കൂടുതൽ രൂക്ഷമാകും. ആൾമാറാട്ടം നടത്തി ആരെങ്കിലും വോട്ട‌് ചെയ‌്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സിപിഐ എം കള്ളവോട്ട‌് ചെയ്യാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല.
മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസറെ പിന്തുണച്ച മുഖ്യമന്ത്രിയുടെ നിലപാട‌് ശരിയാണ‌്. മുഖ്യമന്ത്രി എന്ന നിലയിൽ തെരഞ്ഞെടുപ്പ‌് കമീഷന‌് എല്ലാ സഹായവും ചെയ‌്തേ പറ്റൂ. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ‌് സിപിഐ എം ടിക്കാറാം മീണയെ വിമർശിച്ചത‌്. കള്ളവോട്ട‌് ചെയ‌്തൂവെന്ന‌് പ്രഖ്യാപിച്ച‌് പഞ്ചായത്ത‌് അംഗത്തെ അയോഗ്യയാക്കാൻ തെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് അധികാരമില്ല. ഇല്ലാത്ത അധികാരം ഉണ്ടെന്ന‌് സ്ഥാപിക്കാൻ ശ്രമിച്ചത‌് തെറ്റാണ‌് എന്ന‌് ഞങ്ങൾ പറഞ്ഞു. അക്കാര്യം അദ്ദേഹത്തിനും പിന്നീട‌് ബോധ്യമായി.
പൊലീസുകാരുടെ തപാൽ വോട്ട‌് ചെയ്യുന്നതിന‌് വ്യക്തമായ മാർഗനിർദേശം നിലവിലുണ്ട‌്. അതിന‌് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കണം. തപാൽ വോട്ട‌് സമാഹരിക്കാൻ സിപിഐ എം ആരെയും നിയോഗിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ തപാൽ വോട്ട‌് അദ്ദേഹത്തിന്റെ ഓഫീസിൽ എൽപ്പിച്ചില്ലെന്ന‌് പറഞ്ഞ‌് സ്ഥലം മാറ്റാൻ നിർദേശിച്ചിട്ടുണ്ടെന്ന‌് കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2PUPY2T
via IFTTT
No comments:
Post a Comment