തൃശൂരിൽ ജയം ഉറപ്പില്ലെന്ന‌് ടി എൻ പ്രതാപന്റെ മുൻകൂർ ജാമ്യം. നാല‌് മണ്ഡലത്തിൽ അനായാസ വിജയമെന്നും മറ്റിടങ്ങളിൽ മൽസരം കടുത്തെന്നും കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് ശേഷമുള്ള സ്ഥിതി വിലയിരുത്തലിനായി ചേർന്ന കെപിസിസി നേതൃയോഗത്തിലാണ‌് ‘നെഗറ്റീവ‌് ഫലം’ പ്രതീക്ഷിക്കാമെന്ന‌് ടി എൻ പ്രതാപൻ ആശങ്കാകുലനായത‌്. തെരഞ്ഞെടുപ്പ‌് കാര്യം മാത്രമേ ചർച്ചചെയ്യാൻ പാടുള്ളൂവെന്ന‌് കെപിസിസി പ്രസിഡന്റ‌് മുൻകൂട്ടി വിലക്കിയതിനാൽ വിവാദ വിഷയങ്ങളിലേക്ക‌് കടക്കാൻ ആരും മുതിർന്നില്ല. ഒടുവിൽ ഇരുപത‌് സീറ്റിലും വിജയം ഉറപ്പെന്ന വിലയിരുത്തലോടെ യോഗം പിരിഞ്ഞു.
പാലക്കാട‌് ഒഴികെ 19 സീറ്റിലും വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ‌് കഴിഞ്ഞ ദിവസം യുഡിഎഫ‌് യോഗം നിരീക്ഷിച്ചത‌്. എന്നാൽ, കെപിസിസി നേതൃയോഗം ഒരുപടികൂടി കടന്ന‌് ഇരുപതിലും ജയം ഉറപ്പിച്ചു. പ്രതാപൻ ഒഴികെയുള്ള കോൺഗ്രസ‌് സ്ഥാനാർഥികളെല്ലാം തങ്ങൾ ജയിച്ചുകയറുമെന്ന അവകാശവാദമാണ‌് നിരത്തിയത‌്. ഒടുവിൽ പാലക്കാട്ടെ സ്ഥാനാർഥി വി കെ ശ്രീകണ‌്ഠനും വിജയിക്കുമെന്ന‌് തന്നെ കണക്കുകൂട്ടി. കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, സ്ഥാനാർഥികൾ എന്നിവരുടെ സംയുക്ത യോഗമാണ‌് വിളിച്ചത‌്.

സുരേഷ‌് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായേക്കുമെന്ന സൂചനയാണ‌് പ്രതാപൻ നൽകിയത‌്. ഹിന്ദുവോട്ടിൽ ചോർച്ച സംഭവിച്ചേക്കാമെന്നും കോൺഗ്രസിന‌് ലഭിക്കേണ്ട ഹിന്ദുവോട്ടുകൾ ബിജെപിക്ക‌് പോയിട്ടുണ്ടെന്നും എന്തു സംഭവിക്കുമെന്ന‌് ഇപ്പോൾ പറയാൻ കഴിയില്ലെന്നുമായിരുന്നു പ്രതാപന്റെ നിലപാട‌്. എന്നാൽ, ഈ ആശങ്ക ഉമ്മൻചാണ്ടിയും യുഡിഎഫ‌് കൺവീനർ ബെന്നി ബെഹനാനും തള്ളി. വിജയസാധ്യതയുള്ള മണ്ഡലമായാണ‌് തൃശൂരിനെ പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ആശ്വാസ വാക്കുകൾ. പ്രതാപന്റെ വിനയംകൊണ്ടാണ‌് ഇത്തരത്തിൽ പ്രതികരിച്ചതെന്നായി ബെന്നി ബെഹനാൻ.
പിന്നീട് വാർത്താസമ്മേളനത്തിൽ നാല‌് മണ്ഡലത്തിൽ അനായാസ വിജയമാണെന്നും മറ്റിടങ്ങളിൽ കടുത്ത മൽസരമാണ‌് നേരിട്ടതെന്നും മുല്ലപ്പള്ളി സമ്മതിച്ചു. കോൺഗ്രസിന‌് അനുകൂലമായുണ്ടായ ന്യൂനപക്ഷ ഐക്യദാർഢ്യം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതാപന്റെ ആശങ്കയെക്കുറിച്ചുള്ള ചോദ്യത്തിന‌് ‘വിജയസാധ്യതയെക്കുറിച്ചുള്ള നല്ല ചിത്രമാണ‌് പ്രതാപൻ വരച്ചുതന്നത‌്’ എന്നായിരുന്നു പ്രതികരണം.
തെരഞ്ഞെടുപ്പ‌് ഫണ്ട‌് തട്ടിപ്പ‌്, സ്ഥാനാർഥികളുടെ പരാതികൾ എന്നിവയിൽ ചർച്ച ഫലം വന്നതിനുശേഷം നടത്താനാണ‌് ധാരണ. ഡിസിസി പ്രസിഡന്റുമാർ മാത്രമാണ‌് സംസാരിച്ചത‌്. ടി എൻ പ്രതാപനും വി കെ ശ്രീകണ‌്ഠനും ഡിസിസി പ്രസിഡന്റുമാർ എന്ന നിലയ‌്ക്കാണ‌് അവസരം നൽകിയത‌്.
പുന:സംഘടന ജൂലൈയിൽ
കോൺഗ്രസ‌് പുന:സംഘടന ജൂലൈയിൽ പൂർത്തിയാക്കാൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയോഗം തീരുമാനിച്ചു. കെപിസിസി യോഗത്തിന‌് ശേഷം ചേർന്ന യോഗത്തിലാണ‌് തീരുമാനം. സജീവമല്ലാത്ത കമ്മിറ്റിയെ ഒഴിവാക്കും. ആൾക്കാരെ കുത്തിനിറച്ച ജംബോ കമ്മിറ്റി വേണ്ടെന്നും കമ്മിറ്റിയിൽ തീരുമാനമായി.
from Kerala || Deshabhimani Online News http://bit.ly/2VDEVB3
via IFTTT
No comments:
Post a Comment