തൃശൂർ
‘ഈ സർക്കാരില്ലെങ്കിൽ ഞങ്ങടെ മകൾക്ക് ഈ ജോലി ലഭിക്കുമായിരുന്നില്ല, പെരുത്ത് സന്തോഷമുണ്ട്’ –- വയനാട് വൈത്തിരി സുഗന്ധഗിരി സ്വദേശി മോഹൻദാസ‌് മാധ്യമങ്ങളോട് മനസ്സു തുറന്നു.
ഭാര്യയും മൂന്നുമക്കളുമുള്ള മോഹൻദാസ് കൂലപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. തുച്ഛമായ കൂലിയേ കിട്ടുന്നുള്ളൂവെങ്കിലും കുട്ടികൾക്ക് കഴിയാവുന്ന രീതിയിൽ വിദ്യാഭ്യാസം നൽകണമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, ജോലിയൊന്നും കിട്ടുമെന്ന പ്രതീക്ഷയില്ലാതിരിക്കെയാണ് മകൾ എം ശ്രീതുവിന് പൊലീസിൽ നിയമന ഉത്തരവുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘‘ ശ്രീതുവിന്റെ രണ്ടാംവർഷ ചരിത്ര ബിരുദ പഠനത്തിനിടെയാണ് പ്രത്യേക പദ്ധതിയിലൂടെ വനമേഖലയിലെ അഭ്യസ്തവിദ്യരെ പൊലീസിൽ എടുക്കുന്ന വിവരം അറിഞ്ഞത്. അപേക്ഷ അയച്ചെങ്കിലും, ജോലി ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അതിനിടെയാണ് പൊലീസ് ഓഫീസറായുള്ള പരിശീലനത്തിന് എത്തണമെന്ന കത്ത് ലഭിക്കുന്നത്. ആദിവാസിമേഖലയിൽനിന്ന് ഇത്തരത്തിൽ ആരെയും ജോലിയിലെടുത്തതായി കേട്ടിട്ടില്ല. എന്തുതന്നെയായാലും സർക്കാരിന് നന്ദി’’ –- മോഹൻദാസ് പറഞ്ഞു.
തങ്കയാണ് ശ്രീതുവിന്റെ അമ്മ. സഹോദരങ്ങളായ നീതു ആയുർവേദ നേഴ്സിങ് വിദ്യാർഥിയും, ശ്രീദേവ് പ്ലസ്ടു വിദ്യാർഥിയുമാണ്.
വയനാട് മേപ്പാടി പരേതനായ രാമന്റെയും സരോജയുടെയും മകൻ സുനിൽകുമാറിനും പറയാനുള്ളത് സർക്കാരിനോടുള്ള കടപ്പാട് മാത്രമാണ്. വനംവകുപ്പിൽ താൽക്കാലിക ജോലിയായിരുന്നു സുനിൽകുമാറിന്. സ്ഥിരനിയമനം ഉണ്ടാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പൊലീസിൽ ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് ഭാര്യ ശോഭ, മക്കളായ ബാലഗോകുൽ, ബസുദേവ് എന്നിവരെ വാരിപ്പുണർന്ന് മുത്തമിട്ട് സുനിൽകുമാർ പറഞ്ഞു.
തൃശൂർ വിമല കോളേജിലെ ബിരുദപഠനം പൂർത്തീകരിച്ച് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് താവളം ഗോട്ടിയാർകണ്ടി ഊരിലെ പി സന്ധ്യ പൊലീസിൽ ആളെ എടുക്കുന്ന വിവരമറിഞ്ഞത്. അപേക്ഷിച്ച ഉടൻ നിയമനവും ലഭിച്ചു. സന്ധ്യയുടെ പാസിങ് ഔട്ട് പരേഡ് കാണാൻ നാട്ടിൽനിന്ന് കുഞ്ഞിക്കുട്ടികളും സഹപാഠികളും അടക്കം നിരവധിപേർ രാമവർമപുരത്തെത്തിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2JOuyDD
via IFTTT
No comments:
Post a Comment