കൊച്ചി> പത്തുവർഷത്തിനുശേഷം ചിലങ്കയണിഞ്ഞ കസ‌്റ്റംസ‌് കമീഷണർക്ക‌് അന്താരാഷ‌്ട്ര സമ്മേളന വേദിയിൽ നിറഞ്ഞ കൈയടി. വേൾഡ‌് കസ‌്റ്റംസ‌് ഓർഗനൈസേഷന്റെ ഏഷ്യ പസിഫിക‌് കൺവൻഷൻ വേദിയിലാണ‌് കസ‌്റ്റംസ‌് ജോയിന്റ‌് കമീഷണർ അനീഷ‌് പി രാജൻ ഭരതനാട്യം അവതരിപ്പിച്ച‌് ആസ്വാദകമനം നിറച്ചത‌്.
നൃത്തവേദിയിലെ പ്രകടനം 36 വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെയും കസ‌്റ്റംസ‌് തലവന്മാരുടെയും സഹപ്രവർത്തകരുടെയും അനുമോദനം ഏറ്റുവാങ്ങി. ഗ്രാൻഡ‌് ഹയാത്ത‌് കൺവൻഷൻ സെന്ററിലായിരുന്നു പരിപാടി. 2009ൽ ബറോഡയിൽ നടന്ന സിവിൽ സർവീസ‌് ഉദ്യോഗസ്ഥരുടെ ദേശീയ മത്സരത്തിലാണ‌് അവസാനമായി ചിലങ്കയണിഞ്ഞത‌്. ഐആർഎസ‌് 2008 ബാച്ചുകാരനായ അനീഷ‌് പി രാജൻ, ജെഎൻയുവിലാണ‌് എംഎയും എംഫിലും പഠിച്ചത‌്.
ഡോക‌്ടറേറ്റ‌് ചെയ്യുന്നതിനിടെയാണ‌് ഐആർഎസ‌് ലഭിച്ചത‌്. തേവര എസ‌്എച്ച‌് കോളേജിൽ പഠിക്കുമ്പോൾ ആർട‌്സ‌് ക്ലബ‌് സെക്രട്ടറിയായിരുന്നു. 2003ൽ എംജി സർവകലാശാല യുവജനോത്സവത്തിലും താരമായി. പ്രബന്ധ രചനയിലും ഒന്നാമതെത്തി. കോളേജ‌് വിഭ്യാഭ്യാസകാലത്ത‌് ഭരതനാട്യത്തിനുപുറമെ കഥകിലും നാടോടിനൃത്തത്തിലും തിളങ്ങി.
കടവന്ത്ര സ്വദേശിയായ അനീഷ‌് 15 വർഷം ഭരതനാട്യം അഭ്യസിച്ചു. നൃത്യശ്രീ ടോം ബേബി, കലാമണ്ഡലം ഗോപിനാഥ‌് എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. കൊച്ചിയിൽ കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം ജോയിന്റ‌് കമീഷണറാണ‌് അനീഷ‌്.
from Kerala || Deshabhimani Online News http://bit.ly/2Jbi9tV
via IFTTT
No comments:
Post a Comment