ആലപ്പുഴ> വീര്യംകൂടിയ രാസലഹരിയായ എംഡിഎംഎ (മെഥിലീൻഡൈഓക‌്സി മെതാംഫിറ്റമിൻ) യുമായി രണ്ട‌് യുവാക്കളെ എക‌്സൈസ‌് സ‌്പെഷ്യൽ സ‌്ക്വാഡ‌് അറസ്റ്റുചെയ‌്തു. കാസർകോട‌് നീലേശ്വരം പള്ളിക്കര കണിയാംവയൽ ഗ്രേസ് വീട്ടിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബിബിൻ മാത്യൂ (27), കാസർകോട് കാഞ്ഞങ്ങാട് അജാനൂർ ഹാദിൽ മൻസിലിൽ മുഹമ്മദ് ഹാദിൽ (24) എന്നിവരെയാണ‌് എക‌്സൈസ‌് സ‌്പെഷ്യൽ സ‌്ക്വാഡ‌് സിഐ വി റോബർട്ടും സംഘവും അറസ‌്റ്റ‌്ചെയ്തത‌്. ബിബിൻ മാത്യുവിന്റെ പക്കൽനിന്ന‌് അരഗ്രാമിനടുത്തും മുഹമ്മദ‌് ഹാദിലിന്റെ പക്കൽനിന്ന‌് ഏഴ‌് ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. അരഗ്രാമിൽ കൂടുതൽ കൈവശംവച്ചാൽ ജാമ്യം ലഭിക്കാത്തയിനം മയക്കുമരുന്നാണിത‌്. ഗ്രാമിന‌് 5000 രൂപ മുതൽ മുകളിലേക്കാണ‌് വില.
രഹസ്യവിവരത്തെത്തുടർന്ന‌് കഴിഞ്ഞദിവസം കെഎസ‌്ആർടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ‌് രണ്ടുപേരെയും അറസ‌്റ്റ‌്ചെയ‌്തത‌്. പകൽ നടത്തിയ പരിശോധനയിൽ ബിബി എന്നു വിളിക്കുന്ന ബിബിൻ മാത്യുവിനെയാണ‌് ആദ്യം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും അര ഗ്രാമോളം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ടപ്പെന്റഡോൾ ലഹരി ഗുളികകളും പിടികൂടി. ഇയാൾ നാല് വർഷത്തോളമായി എംഡിഎംഎ ഉപയോഗിക്കുന്നതായി മൊഴി നൽകി. സ്വന്തം ഉപയോഗത്തിനായി കൈവശം സൂക്ഷിച്ചതാണ് പിടികൂടിയ ലഹരിവസ്തുക്കൾ. കോട്ടയത്ത് തന്റെ ബന്ധുക്കളെ കാണുന്നതിനായി ആലപ്പുഴയിൽ വന്നിറങ്ങുന്നതിനിടയിലാണ് പിടിയിലായത്. മയക്കുമരുന്ന് പുകവലിക്കുന്നതിനുള്ള 10 രൂപ, 20 രുപ എന്നിവ കൊണ്ടുണ്ടാക്കിയ ‘കറൻസി റോളുകളും’ പിടികൂടിയിരുന്നു.
രാജ്യത്തുതന്നെ ലഭ്യമായതിൽ ഏറ്റവും മാരകമായ ലഹരി വസ‌്തുക്കളിൽ ഒന്നാണ‌് എംഡിഎംഎ. മില്ലിഗ്രാം അളവിൽ പോലും ഉപയോഗിച്ചാൽ രണ്ടുദിവസം വരെ ലഹരി നീളും. നേരിട്ട‌് നാഡീവ്യൂഹത്തെയാണ‌് ബാധിക്കുക. അളവു കൂടിയാൽ മരണകാരണമായേക്കവുന്നത്ര മാരകമാണിത‌്. ഐസ‌്, മെത്ത‌്, ഉൻമാദം എന്നർഥംവരുന്ന എക‌്സ‌്റ്റസി, മോളി തുടങ്ങി ഇരുപതിലധികം ഓമനപ്പേരുകൾ എംഡിഎംഎക്കുണ്ട‌്. പലരൂപത്തിലും കണ്ടുവരാറുണ്ടെങ്കിലും കർപ്പൂരത്തോടു സാമ്യമുള്ള പരലുകളായും പൊടി രൂപത്തിലുമാണ‌് കൂടുതലും പിടികൂടുന്നത‌്. ചൂടാക്കിയാൽ ദ്രാവകരൂപത്തിലേക്കു മാറും. ചൂടാക്കുമ്പോഴുള്ള പുക ശ്വസിക്കുന്നതും ദ്രാവകം പുരട്ടിയ സിഗരറ്റ‌് വലിക്കുന്നതുമാണ‌് സാധാരണ ഉപയോഗരീതികൾ. ലഹരി ഉപയോഗിക്കുന്ന ആഘോഷപരിപാടികളിലെ താരമാണ‌് ഈ പാർടി ഡ്രഗ‌്.
ഒരുകിലോയിൽ താഴെ തൂക്കം വരുന്ന കഞ്ചാവു പിടികൂടിയാൽ ജാമ്യത്തിന‌് അർഹതയുണ്ടെങ്കിൽ എംഡിഎംഎയുടെ കാര്യത്തിൽ ഇത‌് അര ഗ്രാം മാത്രമാണ‌്. 10 ഗ്രാമോ അതിനു മുകളിലോ കൈവശംവച്ചാൽ സ്വത്തുകണ്ടുകെട്ടുന്നതിനു വരെ നടപടിയെടുക്കാം. എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ തടവും ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജില്ലയിൽ ഇതിനു മുമ്പ‌് നാലുതവണ എക‌്സൈസും ഒരുതവണ പൊലീസും ഈയിനത്തിൽപ്പെട്ട മയക്കുമരുന്ന‌് പിടികൂടിയിട്ടുണ്ട‌്. കൊണ്ടുനടക്കുന്നതിനും ഒളിച്ചുകടത്തുന്നതിനും സൗകര്യമായതിനാൽ ഉപയോഗം ചെറുപ്പക്കാർക്കിടയിൽ വർധിക്കുന്നതായാണ് കാണപ്പെടുന്നത്.
എംഡിഎംഎ കണ്ടെത്തിയതിനെത്തുടർന്ന‌് നടത്തിയ തുടരന്വേഷണത്തിലാണ‌് വിൽപനക്കായി കൂടുതൽ ലഹരിമരുന്ന‌് എത്തിക്കാൻ ശ്രമിക്കുന്ന വിവരം എക‌്സൈസിന‌് ലഭിച്ചത‌്. തുടർന്നുള്ള പരിശോധനയിലാണ‌് അന്താരാഷ‌്ട്ര വിപണിയിൽ 50,000 രൂപയോളം വിലമതിക്കുന്ന ഏഴുഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി മുഹമ്മദ് ഹാദിൽ പിടിയിലായത‌്. ആലപ്പുഴയിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് പിടികൂടിയ എംഡിഎംഎ. ട്രെയിനിലും ബസ്സിലുമായി മാറിക്കേറി സഞ്ചരിച്ച് അർധരാത്രിക്ക് ശേഷം വിൽപ്പന സ്ഥലത്ത് എത്തിക്കുന്ന രീതിയാണ് ഇയാളുടേതെന്ന‌് എക‌്സൈസ‌് വ്യക്തമാക്കി. മംഗളൂരുവിൽനിന്ന‌് എത്തിച്ചതാണ് പിടികൂടിയ എംഡിഎംഎ എന്ന് ചോദ്യം ചെയ്തതിൽ ഹാദിൽ സമ്മതിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ആദ്യമായാണ് വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത്. ഇതിനു മുമ്പ‌് ചെറിയ അളവിൽ രണ്ടുതവണ ആലപ്പുഴയിലും ഒരു തവണ കായംകുളത്തും ഈ ലഹരിവസ്തു പിടികൂടിയിട്ടുണ്ട്. മുഹമ്മദ് ഹാദിലിനെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തു.
ബിബിൻ മാത്യുവിന‌് ജാമ്യം ലഭിച്ചു. ആലപ്പുഴ അസ്സി. എക്സൈസ് കമ്മീഷണർ കെ കെ അനിൽകുമാറിനാണ‌് തുടരന്വേഷണച്ചുമതല. മറ്റ‌് സംസ്ഥാനങ്ങളിൽനിന്ന‌് ലഹരിവസ‌്തുക്കൾ എത്തിക്കുന്നവരിലേക്ക‌് അന്വേഷണം വ്യാപിപ്പിക്കുമെന്ന‌് അദ്ദേഹം പറഞ്ഞു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർമാരായ എ കുഞ്ഞുമോൻ, ജി അലക്സാണ്ടർ, വി ജെ ടോമിച്ചൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി അനിലാൽ, വി അരുൺ, കെ ജി ഓംകാരനാഥ്, ടി ജിയേഷ്, എസ‌് ശ്രീജിത്ത്,എൻ പി അരുൺ, വി എ അഭിലാഷ്, സനൽ സിബിരാജ്, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2JgkKml
via IFTTT
No comments:
Post a Comment