തിരുവനന്തപുരം > സിപിഐ എമ്മിനെയും ദേശാഭിമാനിയെയും അധിക്ഷേപിക്കാൻ വർഷങ്ങളോളം മറയാക്കിയ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനോട‌് മാപ്പിരന്ന‌് മലയാള മനോരമ. സിക്കിം ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന‌് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ‌് മാപ്പുപറഞ്ഞതെന്ന‌് മനോരമ ഞായറാഴ‌്ച പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
സാന്റിയാഗോ മാർട്ടിനെതിരെ വാർത്ത നൽകിയതിലും ‘ലോട്ടറി രാജാവ‌്, ലോട്ടറി മാഫിയ, കൊള്ളക്കാരൻ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചതിലും മലയാള മനോരമ പരസ്യമായി മാപ്പുപറഞ്ഞു. ഭാവിയിൽ മാർട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട‌് വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടിവന്നാൽ അവ പത്രധർമത്തോടും ധാർമികമൂല്യങ്ങളോടും നീതിപുലർത്തിയാവുമെന്നും മധ്യസ്ഥ ചർച്ചയിൽ ഉറപ്പുനൽകിയെന്നും വാർത്തയിൽ പറയുന്നു.
മാർട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി കച്ചവടത്തെയും സംബന്ധിച്ച‌് പത്രത്തിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും നൽകിയ വാർത്തകൾ ഒന്നുംതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. മാർട്ടിൻ നൽകിയ അപകീർത്തി കേസിൽ സിക്കിം ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു മധ്യസ്ഥ ചർച്ച. സുപ്രീംകോടതി മുൻ ജഡ‌്ജി ജസ്റ്റിസ‌് കുര്യൻ ജോസഫിന്റെ മധ്യസ്ഥതയിലായിരുന്നു മനോരമയും മാർട്ടിനുമായി ഒത്തുതീർപ്പ‌് ചർച്ച.
മാർട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മനോരമയുംതമ്മിൽ നിലവിലുള്ള എല്ലാ കേസുകളും രമ്യമായി പരിഹരിക്കാൻ ചർച്ചയിൽ തീരുമാനമായി. ലോട്ടറി രാജാവ‌്, ലോട്ടറി മാഫിയ, കൊള്ളക്കാരൻ എന്നിങ്ങനെ വിശേഷിപ്പിച്ച‌് 2007 മുതൽ വർഷങ്ങളോളം മനോരമ നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. മുൻ എൽഡിഎഫ‌് സർക്കാരിനും സിപിഐ എമ്മിനും എതിരെ വലിയതോതിൽ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.
ഈ വാർത്തകൾ പിൻവലിച്ചാണ‌് ഇപ്പോൾ മാർട്ടിന‌് മുമ്പിൽ മാപ്പ‌് അപേക്ഷിച്ചത‌്. ലോട്ടറി രാജാവ‌്, മാഫിയ, കൊള്ളക്കാരൻ തുടങ്ങിയ പദങ്ങൾ എഴുതാൻ ഇടയായതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അവ പിൻവലിക്കുന്നുവെന്നും മനോരമ പറഞ്ഞു. ഇത്തരം പദപ്രയോഗങ്ങളുടെപേരിൽ മാർട്ടിനും അദ്ദേഹത്തിന്റെ ബിസിനസിനും കളങ്കം നേരിട്ടതിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട‌്. ഇതിന്റെ അടിസ്ഥാനത്തിൽ സിക്കിമിലും നാഗലാൻഡിലും നിലവിലുള്ള എല്ലാകേസുകളും രമ്യമായി അവസാനിപ്പിക്കുമെന്നും വാർത്തയിൽ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2HDZAv0
via IFTTT
No comments:
Post a Comment