ജാതിയിലും, സമ്പത്തിലും, പദവിയിലും താഴെക്കിടയിലായിരുന്ന പാവം കർഷകത്തൊഴിലാളി വോട്ടുചെയ‌്തതിന്റെ പേരിൽ രക്തസാക്ഷിയായ ചരിത്രമുണ്ട‌് കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന‌്. കോൺഗ്രസുകാരും ഗുണ്ടകളും ചേർന്ന‌് കർഷകത്തൊഴിലാളികളെ വോട്ടുചെയ്യാൻ അനുവദിക്കാതിരുന്ന കാലത്തിന്റെ ഓർമപ്പെടുത്തലാണ‌് വെൺമണി ചാത്തന്റെ രക്തസാക്ഷിത്വം. 1960 ഫെബ്രുവരി രണ്ടിനായിരുന്നു ചാത്തൻ കോൺഗ്രസുകാരുടെ കൊലക്കത്തിക്ക‌് ഇരയായത‌്.
നിരണംപടയുടെ വിഹാരകാലം
1960ലെ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽനിന്ന‌് കമ്യൂണിസ‌്റ്റു പാർടി സ്ഥാനാർഥിയായി മത്സരിച്ചത‌് അഡ്വ. മാലക്കര ഗോപാലകൃഷ‌്ണൻ നായരായിരുന്നു. വിമോചനസമരകാലത്ത‌് രൂപംകൊണ്ട നിരണംപട ഉൾപ്പെടെയുള്ള സായുധസംഘത്തിന്റെ വിഹാരരംഗമായിരുന്നു അന്ന‌് ചെങ്ങന്നൂർ, തിരുവല്ല മേഖല. പ്രചാരണത്തിന്റെ അവസാനദിവസം രാത്രി കോൺഗ്രസുകാരും ജന്മിമാരുടെ ഗുണ്ടകളും വെൺമണി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും കർഷകത്തൊഴിലാളികളുടെ വീടുകളിൽ കയറി വോട്ടുചെയ്യാൻ പോകുന്നത‌് വിലക്കി. എന്നാൽ പാർടി തീരുമാനമനുസരിച്ച് എല്ലാ വാർഡുകളിൽനിന്നും ആളുകൾ കൂട്ടംകൂട്ടമായി ബൂത്തുകളിലെത്തിയെങ്കിലും കല്യാത്രയിലെ ബൂത്തൊഴിച്ച് ഒരുബൂത്തിലും വോട്ടുചെയ്യാൻ സമ്മതിച്ചില്ല. വിവരമറിഞ്ഞ് ചെങ്ങന്നൂരിൽനിന്ന‌് രാജശേഖരൻ തമ്പി ഉൾപ്പെടെയുള്ള നേതാക്കളെത്തി. എന്നാൽ കോൺഗ്രസുകാർ കാർ തല്ലിപ്പൊളിക്കാനും തീയിടാനുമൊരുങ്ങി. കാറിൽ നിന്നിറങ്ങാൻപോലും അവരെ അനുവദിച്ചില്ല. വോട്ടുരേഖപ്പെടുത്തി ബൂത്തിൽനിന്ന‌് പുറത്തുവന്ന കർഷകത്തൊഴിലാളികളെ കല്യാത്രയിൽ വളഞ്ഞിട്ട‌് ആക്രമിച്ചു.
വൈകിട്ട് കോൺഗ്രസുകാരും ഗുണ്ടകളും കല്യാത്രയിൽ ഒത്തുകൂടിയതറിഞ്ഞ‌് പാവപ്പെട്ടവർ കുട്ടികളുമായി വീടുവിടാൻ തുടങ്ങി. വൈകിട്ട് 7.30ഓടെ കോൺഗ്രസുകാർ കർഷകത്തൊഴിലാളികളുടെ വീടുകയറി ആക്രമണം തുടങ്ങി. പുലിക്കൂട്ടിൽ ചാത്തന്റെ കുടിലിൽ എത്തിയ അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അന്നുതന്നെയായിരുന്നു തിരുവല്ല താലൂക്കിൽ വോട്ടുചെയ്യാൻ ചെന്ന കോട്ടൂർ കുഞ്ഞൂഞ്ഞിനെ കോൺഗ്രസുകാർ പട്ടാപ്പകൽ നടുറോഡിലിട്ടു വെട്ടിക്കൊന്നത‌്.
എ കെ ജിയെത്തി; ലോക‌്സഭയിൽ പ്രമേയവും
ചാത്തന്റെ കൊലപാതകത്തിനുശേഷം ഭീതിയിലായ തൊഴിലാളികളും അനുഭാവികളുമെല്ലാം നാടുവിട്ടുപോയി. ചാത്തന്റെ മൃതദേഹം രണ്ടുദിവസം കിടന്ന് പഴകിയതിനുശേഷമാണ് ചെങ്ങന്നൂരിലുള്ള കമ്യൂണിസ‌്റ്റുപാർടി പ്രവർത്തകർ അറിഞ്ഞത‌്. ആർ രാജശേഖരൻ തമ്പി, കെ ജി ശങ്കരപ്പിള്ള, ഈപ്പൻ കെ തോമസ്, ചന്ദ്രശേഖരൻപിള്ള വൈദ്യർ, എ പി ഗോപാലൻനായർ, തകിടിയിൽ കുഞ്ഞച്ചൻ തുടങ്ങിയവരെത്തി പൊലീസ‌് സഹായത്തോടെ മൃതദേഹം സംസ‌്കരിക്കുകയായിരുന്നു. വിവരമറിഞ്ഞ‌് ഇന്ത്യയുടെ അന്നത്തെ പ്രതിപക്ഷ നേതാവുകൂടിയായ എ കെ ജി സംഭവസ്ഥലത്തെത്തി. പിന്നീട‌് കൊലപാതകത്തെപ്പറ്റി ലോക‌്സഭയിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ‌്തു. എ കെ ജി നൽകിയ തുകകൊണ്ടാണ‌് ചാത്തന്റെ മകൾ ചെല്ലമ്മക്ക് ബുധനൂർ പഞ്ചായത്തിൽ പെരിങ്ങലിപ്പുറത്ത് 10 സെന്റ് സ്ഥലംവാങ്ങി നൽകിയത‌്. ചാത്തന്റെ ഒന്നാം രക്തസാക്ഷി ദിനം 1961ൽ വെണ്മണിയിൽ ആചരിക്കാൻപോലും സമ്മതിച്ചിരുന്നില്ല.
from Kerala || Deshabhimani Online News http://bit.ly/2PIDnzy
via IFTTT
No comments:
Post a Comment