ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് തേടിയിറങ്ങിയ ബിജെപിയെ കേരളം കൈയൊഴിഞ്ഞു. വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വവും ചാനൽ സർവേകളും പ്രഖ്യാപിച്ച തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത്എത്താനേ കഴിഞ്ഞുള്ളൂ. പത്തനംതിട്ടയിൽ കാടിളക്കി ഇറങ്ങിയ കെ സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും മൂന്നാം സ്ഥാനത്തായി.
മിസോറാം ഗവർണർ സ്ഥാനം രാജിവപ്പിച്ച് തിരുവനന്തപുരം പിടിച്ചെടുക്കാൻ നിയോഗിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം നേമത്ത് മാത്രമാണ് മുന്നിൽ എത്തിയത്. നേമത്തിന് പുറമെ കഴിഞ്ഞതവണ ഒ രാജഗോപാൽ മുന്നിൽ എത്തിയ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ കുമ്മനം രണ്ടാമതായി.
ശബരിമലയിൽ നടത്തിയ അക്രമങ്ങളുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രൻ വീരപരിവേഷമണിഞ്ഞ് വിശ്വാസികൾക്കിടയിൽ സഹതാപം സൃഷ്ടിച്ച് വോട്ട് നേടാനായിരുന്നു ശ്രമം. എൻഎസ്എസിന്റെയും പന്തളം കൊട്ടാരത്തിന്റെയും പിന്തുണയോടെ വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു ബിജെപിയും സംഘപരിവാറും.
മാധ്യമങ്ങളുടെ പിന്തുണയോടെ ബിജെപിക്ക് വോട്ട് ഒഴുകുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ഇതുവഴി 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഇത്തവണ 1,56,673 വോട്ട് കൂടുതൽ നേടി. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ബിജെപി നേടിയതിനേക്കാൾ 107053 വോട്ടാണ് ഈ പ്രാവശ്യം നേടിയത്. എന്നിട്ടും 2,95,627 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. പന്തളം കൊട്ടാരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന അടൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജാണ് മുന്നിട്ട് നിൽക്കുന്നത്.
എറണാകുളത്ത് മത്സരിച്ച മറ്റൊരു രാജ്യസഭ എംപി അൽഫോൺസ് കണ്ണന്താനവും മൂന്നാമനായി. വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥി നേടിയതിനേക്കാൾ 1936 വോട്ടുകൾ കുറഞ്ഞു. ഇവിടെ മൂന്നാമതാണ് ബിഡിജെഎസ്. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ മലമ്പുഴ, ചാത്തന്നൂർ, പാലക്കാട് അംബ്ലിമണ്ഡലങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഇവിടങ്ങളിലും മൂന്നാംസ്ഥാനത്താണ്.
from Kerala || Deshabhimani Online News http://bit.ly/2HzDivu
via IFTTT
No comments:
Post a Comment