തിരുവനന്തപുരം
അവധിക്കാലത്ത‌് ക്യാമ്പസിലെത്തി വിദ്യാർഥിനി ആത്മഹത്യക്ക‌് ശ്രമിച്ച സംഭവം മറയാക്കി യൂണിവേഴ‌്സിറ്റി കോളേജിനെ തകർക്കാൻ സംഘടിതശ്രമം.
അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന‌് മാതൃകയായ കലാലയത്തെയും അതുവഴി എസ‌്എഫ‌്ഐയെയും തകർക്കാൻ പതിറ്റാണ്ടുകളായി ശ്രമങ്ങൾ നടക്കുന്നുണ്ട‌്. 2000ലെ വ്യാജ ചാപ്പകുത്തലിൽ തുടങ്ങിയ വ്യാജപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ‌് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമവും മുതലെടുക്കാനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ നീക്കവും.
വെള്ളിയാഴ്ച രാവിലെയാണ‌് ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ ആറ്റിങ്ങൽ സ്വദേശിയെ ആത്മഹത്യക്ക‌് ശ്രമിച്ച നിലയിൽ കോളേജിലെ വനിതാ വെയിറ്റിങ‌് ഷെഡ്ഡിൽ കണ്ടെത്തിയത‌്. തുടർച്ചയായ സമരങ്ങൾ അധ്യയനദിനങ്ങൾ തടസ്സപ്പെടുത്തുന്നു എന്നും ഇത‌് മാനസിക സമ്മർദമുണ്ടാക്കിയെന്നുമുള്ള കുട്ടിയുടെ ആത്മഹത്യാകുറിപ്പും പൊലിസിന‌് ലഭിച്ചു. ഇതുപയോഗിച്ച‌് എസ‌്എഫ‌്ഐ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്താൻ യുഡിഎഫ‌്–- കെഎസ‌്‌യു നേതൃത്വവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചു.
വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച‌്, പരാതി ഇല്ലെന്ന വിദ്യാർഥിനിയുടെ മൊഴി പുറത്തുവന്നു. മൊഴി രേഖപ്പെടുത്തിയ ആറ്റിങ്ങൽ പൊലീസ‌് കുട്ടിയെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. മാനസിക പിരിമുറുക്കം മൂലമാണ‌് ആത്മഹത്യക്ക‌് ശ്രമിച്ചതെന്ന കുട്ടിയുടെ മൊഴി പുറത്തുവന്നശേഷവും സംഭവത്തിൽ എസ‌്എഫ‌്ഐയെ പഴിചാരാനാണ‌് ചില മാധ്യമങ്ങൾ ശ്രമിച്ചത‌്. മൂന്നാം വർഷ ബിരുദവിദ്യാർഥികളെയും പിജി വിദ്യാർഥികളെയും പങ്കെടുപ്പിച്ച‌് നടത്തിയ യൂണിവേഴ‌്സിറ്റി മാർച്ച‌്, കഴിഞ്ഞ മാർച്ച‌് പത്തിന‌് നടത്തിയ സെക്രട്ടറിയറ്റ‌് മാർച്ച‌് എന്നിവയൊഴികെ പ്രധാന പരിപാടികളൊന്നും എസ‌്എഫ‌്ഐ സമീപകാലത്ത‌് സംഘടിപ്പിച്ചില്ലെന്ന‌് കോളേജ‌് യൂണിറ്റ‌് സെക്രട്ടറി നസീം വ്യക്തമാക്കി. സെക്രട്ടറിയറ്റ‌് മാർച്ചിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഒഴികെയുള്ള പെൺകുട്ടികളെ പങ്കെടുപ്പിച്ചിരുന്നുമില്ല.
വസ്തുതാവിരുദ്ധ പ്രചാരണത്തിലൂടെ എസ‌്എഫ‌്ഐയെയും കോളേജിനെയും തകർക്കാനുള്ള ഗൂഢശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട‌്. 2000ലെ വ്യാജ ചാപ്പകുത്തൽ പ്രചാരണം തെരഞ്ഞെടുപ്പ‌് കാലത്ത‌് എൽഡിഎഫിനെതിരായി ഉപയോഗിക്കാൻ മാധ്യമങ്ങൾ കാണിച്ച അമിതാവേശം വസ്തുതകൾ പുറത്തുവന്നതോടെ പരിഹാസ്യമായിരുന്നു. നിസ്സാര സംഭവങ്ങൾ ഊതിപ്പെരുപ്പിച്ച‌് കോളേജിലെ അക്കാദമിക് അന്തരീക്ഷത്തിനെതിരെ തെറ്റിദ്ധാരണ പരത്താൻ സമീപകാലത്തും ശ്രമമുണ്ടായി.
അക്കാദമിക അന്തരീക്ഷത്തിലും പഠനനിലവാരത്തിലും സംസ്ഥാനത്തെ ഒന്നാമത്തെ കലാലയമായ യൂണിവേഴ‌്സിറ്റി കോളേജ‌് അടുത്തിടെ പുറത്തുവന്ന നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് റാങ്കിങ‌് ഫ്രെയിംവർക്കിൽ 23ാം റാങ്ക‌് നേടിയിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ നിർദേശപ്രകാരം കോളേജ‌് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി കുമാർ പ്രാഥമിക റിപ്പോർട്ട‌് സമർപ്പിച്ചു. വിശദ അന്വേഷണത്തിന‌് സബ‌്കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസ‌് തുടരുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന‌് കന്റോൺമെന്റ‌് പൊലിസ‌് പറഞ്ഞു. തിങ്കളാഴ‌്ച കന്റോൺമെന്റ‌് പൊലീസ‌് വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുക്കും.
from Kerala || Deshabhimani Online News http://bit.ly/2V2HYxN
via IFTTT
No comments:
Post a Comment