മുൻ മന്ത്രി വി വിശ്വനാഥമേനോൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

മുൻ മന്ത്രി വി വിശ്വനാഥമേനോൻ അന്തരിച്ചു

കൊച്ചി> മുൻ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവുമായ വി വിശ്വനാഥ മേനോൻ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന‌് കുറച്ചുകാലമായി അദ്ദേഹം ചികിൽസയിലായിരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ എറണാകുളം ലക്ഷ‌്മി ആശുപത്രിയിലായിരുന്നു അന്ത്യം.

അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ‌് വി വിശ്വനാഥ മേനോൻ ജനിച്ചത‌്. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ  ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റ‌് കോടതികളിലും അഭിഭാഷകനായിരുന്നു.

വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലും സജീവമായിരുന്നു. അഖില കൊച്ചി വിദ്യാർഥി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പ്ര‌‌ക്ഷേ‌‌ാഭങ്ങളിൽ പങ്കെടുത്തതിനാൽ നിരവധി തവണ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1940 ൽ യുദ്ധ സഹായ ഫണ്ടിന്റെ ധനശേഖരാണാർഥം ബ്രിട്ടന്റെ ‘യൂണിയൻ ജാക‌്’  പതാക വിൽപ്പന എറണാകുളത്തെ സ‌്കൂളുകളിൽ നടത്താൻ തീരുമാനിച്ചതിന‌് എതിരായി പ്രവർത്തിച്ചു. ഇതേ തുടർന്ന‌് 13ാം വയസിൽ ആദ്യമായി അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1946 ൽ ജവഹർലാൽ നെഹ‌്റുവിനെ  അറസ‌്റ്റ‌് ചെയ‌്തതിൽ പ്രതിഷേധിച്ച‌് എറണാകുളത്ത‌് വിദ്യാർഥികൾ ഒന്നടങ്കം നടത്തിയ പ്രകടനത്തിനും തുടർന്ന‌് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നൽകി . ഇതേ തുടർന്നും അറസ‌്റ്റ‌് ചെയ്യപ്പെട്ടു.

1947 ൽ മഹാരാജാസ‌് കോളേജ‌് വിദ്യാർഥിയായിരുന്നു. അക്കാലത്ത‌് അമ്പാടി വിശ്വം എന്ന പേരിലാണ‌് അറിയപ്പെട്ടത‌്. സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ‌് കോളേജിൽ ദേശീയ പതാകയ‌്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ച‌് കൊച്ചി രാജാവിന്റെ പതാക വലിച്ചു കീറി കത്തിച്ചു. ഇതേ തുടർന്ന‌് കൊച്ചി സർവകലാശാലയിൽ നിന്നും മഹാരാജാസ‌് കോളേജിൽ നിന്ന‌ും പുറത്താക്കി. കൊച്ചി രാജാവ‌് പുറപ്പെടുവിച്ച ക്രമിനൽ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കൈയേറ്റക്കേസിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1949 ൽ പുണെ  ലോ കോളേജിൽ ചേർന്നു. പിന്നീട‌്  മുംബൈ ലോ കോളേജിലേക്ക‌് മാറി. 1945 ൽ ഇന്ത്യൻ കമ്യൂണിസ‌്റ്റ‌് പാർടി അംഗമായി. കമ്യൂണിസ‌്റ്റ‌് പാർടിയും വിദ്യാർഥി ഫെഡറേഷനും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിരോധം ലംഘിച്ച‌് എറണാകുളത്ത‌് വിദ്യാർഥി ജാഥ നയിച്ചു. തുടർന്ന‌് ഒളിവിൽ പോയി.

1950 ഫെബ്രുവരി 28 ന‌് ഇടപ്പളളി പൊലീസ‌് സ‌്റ്റേഷനിൽ മർദ്ദനം അനുഭവിച്ചിരുന്ന കമ്യൂണിസ‌്റ്റ‌് പാർടി പ്രവർത്തകരുടെ രക്ഷയ‌്ക്കെത്തി പൊലീസുമായി ഏറ്റുമുട്ടി. തുടർന്ന‌് ഇടപ്പള്ളി പൊലീസ‌് സ‌്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായി. 1950‌ ജൂലൈ 12 ന‌് ന്യൂഡൽഹിയിൽ അറസ‌്റ്റിലായി. ഡൽഹിയിലെ ജയിലിൽ ഏകാന്ത തടവ‌് അനുഭവിച്ചു. ഇന്ത്യയിലെ വിവിധ ജയിലുകളിൽ മാറിമാറിക്കിടന്ന‌് ഒടുവിൽ ആലുവ ജയിലിലെത്തി.

പിന്നീട‌് ഇടപ്പള്ളി കേസിൽ നിരപരാധി എന്നുകണ്ട‌് കോടതി വിട്ടയച്ചു. പിന്നീട‌് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി. 1956 ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോർട്ടുകൊച്ചി എന്നീ പ്രദേശങ്ങൾ ചേർത്ത‌് കൊച്ചി നഗരസഭ ഉണ്ടാക്കണം എന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു. 196-0 ൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന‌് കമ്യൂണിസ‌്റ്റ‌് പാർടി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

1964 ൽ പാർടി പിളർന്നപ്പോൾ സിപിഐ എമ്മിൽ നിലകൊണ്ടു. 1964 ൽ ചൈനീസ‌് ചാരനെന്ന പേരിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 18 മാസം ജയിലിൽ കഴിഞ്ഞു. 1967 ലെ പാർലമെന്റ‌്‌ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന‌് മുൻ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ സിപിഐ എം സ്ഥാനാർഥിയായി മൽസരിച്ച‌് വിജയിച്ചു. പാർലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സർവകലാശാല രൂപീകരിച്ചപ്പോൾ  നോമിനേറ്റ‌് ചെയ‌്ത സെനറ്റിൽ അംഗമായി. 1971 ൽ നടന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ‌് അടിയന്താരാവസ്ഥയിൽ ഉണ്ടായ രാജൻ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചത‌്. കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര സേനാനികൾക്ക‌് നൽകുന്ന താമ്രപത്രം നിരസിച്ചു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗമായിരുന്നു.

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മൽസരിച്ചു വിജയിച്ച‌് ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. പിൽക്കാലത്ത‌് അദ്ദേഹം കുറച്ചു കാലം പാർടി പ്രവർത്തനങ്ങളിൽ നിന്ന‌് വിട്ടു നിന്നിരുന്നു. ആത‌്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓർമകൾ’ ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം) , മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.

ഭാര്യ: കെ പ്രഭാവതി മേനോൻ (റിട്ട. ടീച്ചർ) മക്കൾ: അഡ്വ. വി അജിത‌് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ) ഡോ. വി മാധവചന്ദ്രൻ, മരുമക്കൾ: ഡോ. ശ്രീജ അജിത്‌ (അസി. പ്രൊഫസർ സെന്റ‌് പീറ്റേഴ‌്സ‌് കോളേജ‌്, കോലഞ്ചേരി)  പ്രീതി മാധവ‌് (അസി. പ്രൊഫസർ എംഇഎസ‌് കോളേജ‌്, എടത്തല)  കലൂർ ദേശാഭിമാനി റോഡ‌്  ടാഗോർ സ‌്ട്രീറ്റ‌് വടക്കൂട്ട‌് വീട്ടിലായിരുന്നു താമസം.



from Kerala || Deshabhimani ​Online ​News http://bit.ly/2PGn7iH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages