തിരുവനന്തപുരം
കേരള ഗവ. നേഴ‌്സസ‌് അസോസിയേഷന്റെ കെജിഎൻഎ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ‌്റ്റ‌് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനം ചെയ്തു. നിപാ പോലുള്ള മാരക വൈറസ‌് ബാധയെ കീഴടക്കാൻ ആരോഗ്യജീവനക്കാരുടെ അർപ്പിതസേവനം സഹായകമായെന്ന‌് മന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത‌് മാറുന്ന മുൻഗണനകൾക്കനുസരിച്ച‌് ഒരുമയോടെയുള്ള പ്രവർത്തനം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഊർജിതശ്രമത്തിന്റെ ഫലമായി മാതൃമരണ നിരക്ക‌് 67ൽനിന്ന‌് 40ആയി കുറയ്ക്കാനായി. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ 67 ആയിരുന്നു നിരക്ക‌്. ഇത‌് 2020ൽ 30ഉം 2030ൽ 20ഉം ആയി കുറയ്ക്കാനുള്ള പ്രവർത്തനങ്ങളാണ‌് സർക്കാർ നടത്തിയത‌്. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം മാതൃമരണ നിരക്ക‌് 46 ആയി കുറയ‌്ക്കാനായി. ബുധനാഴ്ച ചേർന്ന യോഗത്തിലെ കണക്കുകൾ പ്രകാരം മാതൃമരണ നിരക്ക‌് 40 ആയതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത‌് ജീവിതശൈലീരോഗങ്ങൾ വർധിക്കുകയാണ‌്. രാജ്യത്തിന്റെ ഡയബറ്റിക‌് തലസ്ഥാനമായി കേരളം മാറി. കൊളസ‌്ട്രോൾ രോഗികളുടെ എണ്ണത്തിലും സംസ്ഥാനം മുന്നിലാണ‌്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണത്തിലൂടെ ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കാനാകുമെന്നാണ‌് പ്രതീക്ഷ. ക്യാൻസർ രോഗികളിലും വർധനയുണ്ട‌്. ജനസംഖ്യാടിസ്ഥാനത്തിലുള്ള ക്യാൻസർ രജിസ്ട്രി ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിപാ ബാധയെ ചെറുത്ത‌് തോൽപ്പിക്കുന്നതിൽ നേഴ‌്സുമാർ വലിയ പങ്ക‌് വഹിച്ചെന്ന‌് ട്രസ്‌റ്റ‌് ലോഗോ പ്രകാശനംചെയ്ത മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു.
നിപാ ബാധിച്ച‌് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ‌്സായിരുന്ന ലിനിയുടെ സ്‌മരണാർഥമാണ‌് കേരള ഗവ. നേഴ‌്സസ് അസോസിയേഷൻ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ‌് ആരംഭിച്ചത‌്. സംസ്ഥാനത്തെ നേഴ‌്സുമാരിൽനിന്ന് പിരിച്ചെടുത്ത പണമുപയോഗിച്ചാണ‌് ട്രസ്റ്റ‌് പ്രവർത്തിക്കുന്നത‌്. ട്രസ്റ്റിന്റെ ആദ്യ ധനസഹായം നാഡീവ്യൂഹ രോഗബാധിതനായ കോഴിക്കോട് സ്വദേശിയായ നേഴ‌്സ‌് വൈശാഖിന് മന്ത്രി കൈമാറി. വൈശാഖിന്റെ ചികിത്സയ്ക്ക് ആവശ്യമായ സഹായവും വാഗ്ദാനംചെയ്‌തു.
കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് ടി സുബ്രഹ്മണ്യൻ അധ്യക്ഷനായി. എഫ‌്എസ‌്ഇടിഒ ജന. സെക്രട്ടറി ടി സി മാത്തുക്കുട്ടി, ലിനിയുടെ ഭർത്താവ് സജീഷ് എന്നിവർ സംസാരിച്ചു. ലിനിയുടെ അമ്മ രാധ, കുട്ടികളായ ഋതുൽ, സിദ്ധാർഥ‌് എന്നിവർ സന്നിഹിതരായി. കെജിഎൻഎ ജന. സെക്രട്ടറി പി ഉഷാദേവി സ്വാഗതവും ട്രഷറർ എൻ ബി സുധീഷ‌് കുമാർ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Wbz9XS
via IFTTT
No comments:
Post a Comment