തിരുവനന്തപുരം> കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ചില മാധ്യമങ്ങളുടെ ശൈലിയിൽ നിന്ന് രൂപപ്പെട്ട പുതിയ കള്ളക്കഥ ആയിരുന്നു ശബരിമലയിലെ സ്വർണവും വെള്ളിയും കാണാനില്ല എന്ന ഭാവന സൃഷ്ടിയെന്ന‌് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യഥാർത്ഥത്തിൽ 2016 ൽ പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് ഗ്രേഡ് അക്കൗണ്ടന്റ് മോഹൻ റിട്ടയർ ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥൻ റിട്ടയർ ആയാൽ അല്ലെങ്കിൽ സ്ഥാനം മാറിയാൽ തന്റെ ചുമതല രേഖകളും റെക്കോർഡ്‌സും സഹിതം മുഴുവനായും പുതുതായി വരുന്ന ഉദ്യോഗസ്ഥന് കൈ മാറുന്നതാണ് ശരിയായ നടപടി.
എന്നാൽ ഇത് ആറന്മുള സ്ട്രോങ്ങ് റൂമിന്റെ ചുമതല ആയിരുന്നതിനാൽ ശ്രമകരമായ ജോലിയായിരുന്നു. അത് സ്വർണവും വെള്ളിയും ഉള്ളത് കൊണ്ടല്ല. മറിച്ച് രേഖകളുടെ കാര്യത്തിലാണ് നന്നായി പ്രയത്നിക്കേണ്ടി വരുന്നത്. വളരെ പഴയ രേഖകൾ ഉൾപ്പെടെ പരിശോധിക്കുകയും കൈമാറുകയും വേണം. ശ്രമകരമായത് കൊണ്ട് ചുമതല കൈമാറുവാൻ മോഹൻ തയ്യാറായില്ല. അന്നത്തെ ബോർഡ് നടപടിക്രമങ്ങൾ മുറക്ക് നടത്താൻ തുനിഞ്ഞതുമില്ല.
തുടർന്ന് വന്ന പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വെക്കുകയുമായിരുന്നു. പിന്നീട് തന്റെ പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മോഹൻ ബോർഡിന് നൽകിയ നിവേദനത്തെ തുടർന്ന് ചുമതല കൈമാറുന്നതിനുള്ള നടപടികൾ ബോർഡ് ആരംഭിച്ചു. അതിനായി രേഖകൾ പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നല്കാൻ തിരുവാഭരണം കമ്മീഷണറെ ബോർഡ് ചുമതലപ്പെടുത്തി. തിരുവാഭരണം കമ്മീഷ്ണർക്ക് മറ്റു ചുമതലകളും കൂടി ഉണ്ടായിരുന്നതിനാൽ ഈ നടപടിക്രമം നീണ്ട് പോവുകയായിരുന്നു.
ഇതേതുടർന്ന് മോഹൻ കോടതിയെ സമീപിക്കുകയും അടിയന്തരമായി നടപടികൾ പൂർത്തിയാക്കണം എന്ന് കോടതി നിർദ്ദേശിക്കുകയുമായിരുന്നു. ഇന്ന് ലോക്കൽ ഫണ്ട് ഓഡിറ്റർമാർ രേഖകൾ പരിശോധിക്കുകയും യാതൊരുവിധ കുഴപ്പവും രേഖകളിൽ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്തകൾ വ്യാജമാണെന്ന് തെളിയുകയാണ്.
ഇത്തരത്തിൽ വസ്തുത വിരുദ്ധവും വർഗീയ ശക്തികൾക്ക് വളവും നൽകുന്ന വ്യാജ വാർത്തകൾ മെനയുന്നതിലൂടെ നമ്മുടെ മാധ്യമങ്ങൾക്ക് എന്താണ് ലാഭം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. റേറ്റിങ്ങിനും കൂടുതൽ ക്ലിക്കുകൾക്കുമായി ഇക്കൂട്ടർ പണയം വെക്കുന്നത് നമ്മുടെ നാടിന്റെ മത സൗഹാർദ്ദത്തെയും സമാധാന അന്തരീക്ഷത്തെയുമാണ്. മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2W9Kesr
via IFTTT
No comments:
Post a Comment