സി-ബി- ജോ-ർ-ജ്--
ആലപ്പുഴ
പ്രളയമേഖലകളെ വെള്ളപ്പൊക്കത്തിൽനിന്ന‌് കരകയറ്റാൻ നെതർലൻഡ‌്സിന്റെ സഹായം തേടാനുള്ള സർക്കാർ തീരുമാനം കുട്ടനാടിനേകുന്നത‌് പുതുപ്രതീക്ഷ. ഡച്ച‌് സഹായത്തോടെ ‘റൂം ഫോർ റിവർ’ പദ്ധതിയുടെ ഗുണവശങ്ങൾ നടപ്പാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ച‌് ഡച്ച‌് സംഘം ഉടൻ കുട്ടനാട‌് സന്ദർശിക്കും. നദികളുടെയും ജലാശയങ്ങളുടെയും ആഴം വർധിപ്പിക്കാനും സ്വഭാവിക നീരൊഴുക്ക‌് തടസപ്പെടാതെ വെള്ളത്തിന്റെ വാഹകശേഷി വർധിപ്പിക്കാനും കഴിയുന്ന രീതിയാണ‌് ‘റൂം ഫോർ റിവർ’.
സമുദ്രനിരപ്പിന‌് താഴെയുള്ള ഭൂപ്രദേശമായതിനാൽ കൃഷി, മനുഷ്യവാസം, ആവാസവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലെല്ലാം നെതർലൻഡ‌്സുമായി കുട്ടനാടിന‌് ഒട്ടേറെസാമ്യമുണ്ട‌്. നെതർലൻഡ‌്സിലെ ഗണ്യമായ പ്രദേശം സമുദ്രനിരപ്പിൽനിന്ന‌് അഞ്ചര മീറ്റർവരെ താഴെയാണ‌്. ദശാംശം ആറുമുതൽ മൂന്നുമീറ്റർവരെ താഴെയാണ‌് കുട്ടനാട‌്. യൂറോപ്പിലെ വടക്കുപടിഞ്ഞാറൻ രാജ്യമായ നെതർലൻഡ‌്സ‌് ജലപരിപാലനരംഗത്ത‌് ലോകത്തിന‌് മാതൃകയാണ‌്. ഈ രംഗത്തുള്ള അവരുടെ ശാസ‌്ത്രീയ അറിവുകൾ കുട്ടനാട്ടിലെ കൃഷിയിലും മനുഷ്യജീവിതത്തിലും പ്രയോജനപ്പെടുത്താനുള്ള കർമ പദ്ധതിയാണ‌് നടപ്പാക്കുക. കുട്ടനാട്ടിൽ 1350 പാടശേഖരങ്ങരങ്ങളുണ്ട‌്.
എന്നാൽ ഇവ പൂർണമായും ജലസംഭരണികളാക്കാൻ കഴിയുന്നില്ല. 1500 കിലോമീറ്ററിലേറെയാണ‌് കുട്ടനാട്ടിലെ കനാലുകളുടെ ദൈർഘ്യം. മിക്കതും അടഞ്ഞുപോകുകയോ ഒഴുക്ക‌് നിലയ‌്ക്കുകയോ ചെയ‌്തിട്ടുണ്ട‌്. കൈയ്യേറ്റവും കനാലുകളെ ഇല്ലാതാക്കിയിട്ടുണ്ട‌്. ഇവ ശാസ‌്ത്രീയമായി പരിപാലിച്ചാൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ‌്ക്കാനാകുമെന്ന‌് അന്താരാഷ‌്ട്ര കായൽ കൃഷിഗവേഷണ പഠനകേന്ദ്രം ഡയറക‌്ടർ ഡോ. കെ ജി പത്മകുമാർ പറഞ്ഞു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടിനെ പ്രളയം പൂർണമായിതകർത്തിരുന്നു. വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന നിർമാണങ്ങളും കൃഷി രീതിയുമാണ‌് ഇനി ഇവിടെ ആവശ്യം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ വീടുകളും മറ്റ‌് നിർമാണങ്ങളും കൃഷിയും നടപ്പാക്കുന്നതിൽ നെതർലൻഡ‌്സ‌് മാതൃകയാണ‌്. കുട്ടനാടിന‌് യോജിച്ചവ ഇതിൽ നിന്ന‌് തെരഞ്ഞെടുക്കാനാകും.
കുട്ടനാട്ടിൽ മുമ്പും നെതർലൻഡ‌്സ‌് സംഘം പഠനം നടത്തിയിട്ടുണ്ട‌്. ഇന്തോ–-ഡച്ച‌് സംയുക്ത സംരംഭമായി 1985ൽ നെതർലൻഡ‌്സിലെ ബികെഎച്ച‌് കൺസൾട്ടിങ‌് എൻജിനിയേഴ‌്സ‌് കുട്ടനാട്ടിലെ ജലപരിപാലനത്തെക്കുച്ച‌് പഠനം നടത്തി. 1989ൽ ഇവർ റിപ്പോർട്ട‌് നൽകി. മൂവാറ്റുപുഴയാറിൽനിന്ന‌് കുട്ടനാട്ടിലേക്ക‌് വെള്ളമെത്തിക്കാനും തണ്ണീർമുക്കം ബണ്ട‌് സ്ഥിരമായി തുറന്നിടാനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിരുന്നു. കുട്ടനാട്ടിലെ ജലപരിപാലനവുമായി ബന്ധപ്പെട്ട ശാസ‌്ത്രീയ അറിവുകൾക്ക‌് കാർഷികമേഖലയിലെ വിദഗ‌്ധർ ഡച്ച‌് പഠന റിപ്പോർട്ട‌് ആശ്രയിക്കാറുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2Entova
via IFTTT
No comments:
Post a Comment