ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ‌് മണ്ഡലത്തിലെ പാമ്പുരുത്തി 166ാം നമ്പർ ബൂത്തിൽ കള്ളവോട്ട‌് ചെയ‌്ത ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ കേസെടുത്തു. അബ്ദുൾസലാം, മർഷാദ‌്, കെ പി ഉനൈസ‌്, കെ മുഹമ്മദ‌് അനസ‌്, മുഹമ്മദ‌് അസ്ലം, അബ്ദുൾ സലാം, കെ പി മുഹമ്മദ‌് സാദിഖ‌്, ഷമൽ, മുബഷീർ എന്നിവർക്കെതിരെയാണ‌് മയ്യിൽ പൊലീസ‌് കേസെടുത്തത‌്. അവിഹിത സ്വാധീനമുപയോഗിച്ച‌് ആൾമാറാട്ടം നടത്തി വോട്ടു ചെയ‌്തതിന‌് ഐപിസി 171 സി, ഡി, എഫ‌് വകുപ്പുകൾ പ്രകാരമാണ‌് കേസ‌്. ഒരു വർഷംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത‌്.
ഒമ്പത‌് പേർ 12 കള്ളവോട്ട‌് ചെയ‌്തതായി തെളിഞ്ഞെന്ന‌് കഴിഞ്ഞദിവസം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. തെളിവെടുപ്പിനുശേഷം വരണാധികാരിയായ കണ്ണൂർ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ക്രിമിനൽ കേസ‌് രജിസ‌്റ്റർ ചെയ്യാനും അദ്ദേഹം നിർദേശിച്ചിരുന്നു.
മുപ്പത്തഞ്ചോളം പേർ കള്ളവോട്ടു ചെയ‌്തതായി അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും 12 കള്ളവോട്ട‌് മാത്രമേ തെരഞ്ഞെടുപ്പ‌് കമീഷൻ സ്ഥിരീകരിച്ചുള്ളൂ. കള്ളവോട്ടിങിന‌് കൂട്ടുനിന്ന പ്രിസൈഡിങ‌് ഓഫീസർ, പോളിങ‌് ഓഫീസർ, മൈക്രോ ഒബ‌്സർവർ എന്നിവർക്കെതിരെയും നടപടി സ്വീകരിക്കാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും കമീഷൻ തീരുമാനിച്ചിട്ടുണ്ട‌്. ഈ ബൂത്തിൽ നാട്ടിലില്ലാത്ത 28 പ്രവാസികളുടെ വോട്ട‌് ലീഗുകാർ ചെയ‌്തതായി എൽഡിഎഫ‌് പരാതി നൽകിയിരുന്നു.
മാധ്യമങ്ങൾ ഇതുസംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവിട്ടു. അബ്ദുൾസലാം, മർഷാദ‌്, കെ പി ഉനൈസ‌് എന്നിവർ രണ്ടു വീതവും മറ്റുള്ളവർ ഒരു കള്ളവോട്ടും ചെയ‌്തതായാണ‌് കമീഷൻ സ്ഥിരീകരിച്ചത‌്. ധർമടം മണ്ഡലത്തിലെ 52ാം നമ്പർ ബൂത്തിൽ കള്ളവോട്ട‌് ചെയ‌്തതിന‌് സായൂജിനെതിരെയും കൂത്തുപറമ്പ‌് പൊലീസ‌് കേസെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2LFFTs2
via IFTTT
No comments:
Post a Comment