തിരുവനന്തപുരം
വേനലവധി കഴിഞ്ഞ‌് സ‌്കൂൾ തുറക്കുന്ന ജൂൺ മൂന്നിനുതന്നെ പ്ലസ‌് വൺ ക്ലാസും ആരംഭിക്കും. പുതിയ അധ്യയന വർഷത്തിൽ ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകൾ ഒരേദിവസം ആരംഭിക്കുന്നത‌് ചരിത്രത്തിൽ ആദ്യമാണ‌്. ഒന്നാം ക്ലാസിലും പ്ലസ‌് വൺ ക്ലാസുകളിലും ഒരേദിവസം ഒന്നിച്ച‌് പ്രവേശനോത്സവവും സംഘടിപ്പിക്കും. തൃശൂരിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഒന്ന‌്, പ്ലസ‌് വൺ ക്ലാസുകളിലെ രണ്ട‌് പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ജൂൺ മൂന്നിന‌് സ‌്കൂൾ തുറക്കുന്ന ദിവസംതന്നെ പ്ലസ‌് വൺ പാഠപുസ‌്തകങ്ങൾ വിദ്യാർഥികളുടെ കൈകളിലെത്തും. മുൻ വർഷങ്ങളിൽ ജൂലൈ, ആഗ‌്സ‌്ത‌് മാസം ആരംഭിച്ചിരുന്ന പ്ലസ‌് വൺ ക്ലാസുകളാണ‌് ഒരു മാസം നേരത്തെ ആരംഭിക്കുന്നത‌്.
അപേക്ഷ 10ന‌്, ആദ്യഘട്ട അലോട്ട്‌മെന്റ‌് 24ന്
മെയ് 10 മുതൽ ഏകജാലക സംവിധാനത്തിൽ പ്ലസ് വൺ അപേക്ഷ ഓൺലൈനായി സ്വീകരിക്കും. 16ന‌് അപേക്ഷകളുടെ പ്രിന്റൗട്ട‌് സ്വീകരിക്കൽ പൂർത്തിയാക്കും. 20ന് ട്രയൽ അലോട്ട‌്മെന്റും 24ന് ആദ്യഘട്ട അലോട്ട‌്മെന്റും നടത്തും.
ഇത്തവണ എസ‌്എസ‌്എൽസി ജയിച്ച എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിന‌് സീറ്റ‌് ഉറപ്പാക്കുന്നതിനും സർക്കാർ മുന്നൊരുക്കം തുടങ്ങി. 4,26,513 പേരാണ‌് വിജയിച്ചത‌്. പ്ലസ‌് വണിന‌് 3,61,763 സീറ്റാണുള്ളത‌്. ഐടിഐ, വൊക്കേഷണൽ, പോളിടെക‌്നിക‌് വിഭാഗങ്ങളിലായി അരലക്ഷത്തിലേറെ സീറ്റുണ്ട‌്. സേ ജയിച്ചുവരുന്നവരെക്കൂടി ഉൾപ്പെടുത്തിയാൽ എല്ലാവർക്കും പ്രവേശനം ലഭിക്കില്ല. ഇത‌് പരിഹരിക്കാൻ 20 ശതമാനം സീറ്റ‌് വർധന സർക്കാരിന്റെ പരിഗണനയിലുണ്ട‌്. വിദ്യാർഥികൾ തീരെ കുറവുള്ള ഹയർ സെക്കൻഡറി ബാച്ചുകൾ ജില്ല മാറ്റി കുട്ടികൾ കൂടുതലുള്ള ജില്ലകൾക്ക‌് നൽകും. എന്നിട്ടും കുട്ടികൾക്ക‌് പ്ലസ‌് വൺ പ്രവേശനം സാധ്യമാകാത്ത പിന്നോക്ക പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ പുതിയ സ‌്കൂളുകളും അധിക ബാച്ചുകളും അനുവദിക്കുന്നതും പരിഗണനയിലുണ്ട‌്.
ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ പുസ‌്തകം വിദ്യാർഥികളുടെ കൈകളിലെത്തി. അടുത്ത അധ്യയനവർഷം പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ 203 അധ്യയനദിനവും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 226 പ്രവൃത്തിദിനവും ഉറപ്പാക്കിയിട്ടുണ്ട‌്. സ‌്കൂളുകൾക്കുമാത്രം നൽകിയിരുന്ന വിദ്യാലയകലണ്ടർ ഇത്തവണ വിദ്യാർഥികൾക്കും അച്ചടിച്ചു നൽകും. പുതിയ അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ രണ്ടുലക്ഷം വിദ്യാർഥികളെ അധികമായി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ‌്.
from Kerala || Deshabhimani Online News http://bit.ly/305MtLD
via IFTTT
No comments:
Post a Comment