പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും പച്ചക്കറി കൃഷി ആരംഭിക്കും. സർക്കാർ, എയ‌്ഡഡ‌് മേഖലകളിലായുള്ള 12332 വിദ്യാലയങ്ങൾക്ക‌് കൃഷിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ‌് 5000 രൂപ വീതം നൽകും. ഭൂമി ലഭ്യമല്ലാത്ത സ‌്കൂളുകളിൽ ഗ്രോബാഗ‌്, ടെറസ‌് കൃഷി തുടങ്ങിയ മാതൃകകൾ തെരഞ്ഞെടുക്കാം. നിലവിൽ മുപ്പത‌് ശതമാനം സ‌്കൂളുകൾ പിടിഎയുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തുന്നുണ്ട‌്.
3031 സ‌്കൂൾ പാചകപ്പുരകൾക്ക‌് 210 കോടി
പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്തെ 3031 സ‌്കൂളുകളിലെ പാചക പുരകൾ ആധുനിക വൽക്കരിക്കാൻ 210 കോടി രൂപ അനുവദിച്ചു. ഓരോ സ‌്കൂളിനും 5 ലക്ഷം മുതൽ 8.30 ലക്ഷം രൂപ വരെ ലഭ്യമാകും. അടുത്ത മാർച്ച‌് 31 നകം നിർമാണം പൂർത്തിയാക്കണം. കൂടാതെ 1285 പാചക പുരകളുടെ അറ്റകുറ്റപ്പണികൾക്കായി 10000 രൂപ വീതവും അനുവദിച്ചിട്ടുണ്ട‌്. സ‌്കൂളുകളിലെ ഉച്ചഭക്ഷണ അടുക്കളകളിൽ മുഴുവൻ പാചകവാതക കണക‌്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട‌്.
തിളപ്പിച്ചാറ്റിയ വെള്ളമേ നൽകാവൂ
പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്ക‌് കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളമേ നൽകാവൂ എന്ന‌് പൊതുവിദ്യാഭ്യാസ വകുപ്പ‌് നിർദേശിച്ചു. കൂടാതെ സ‌്കൂളുകളിലെ ജലസ‌്സ്രോതസുകളിലെ വെള്ളവും ഉച്ചഭക്ഷണവും ലാബുകളിൽ പരിശോധനയ‌്ക്ക‌് വിധേയമാക്കണം. ഇതിനായി ലാബുകളിൽനിന്ന‌് ടെണ്ടർ വിദ്യാഭ്യാസ വകുപ്പ‌് വിളിച്ചിട്ടുണ്ട‌്. കഴിഞ്ഞ വർഷം 8000 സ‌്കൂളുകളിൽ ഇത്തരം പരിശോധന നടത്തിയിരുന്നു. എന്നാൽ പ്രളയത്തെ തുടർന്ന‌് മുഴുവൻ പരിശോധനകളും പൂർത്തിയാക്കാനായില്ല. ഇത്തവണ ചോറ‌് ഒഴികെയുള്ള സ‌്കൂൾ ഭക്ഷണവിഭവങ്ങൾ (കറികളടക്കം) ലാബുകളിൽ പരിശോധിക്കും.
പ്രഭാത ഭക്ഷണം കൂടുതൽ സ‌്കൂളുകളിലേക്ക‌്
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ കലോറിമൂല്യം, പ്രോട്ടീൻ എന്നിവ ഉറപ്പാക്കുന്നതിനുള്ള വിഭവങ്ങൾ നിർബന്ധമാക്കി. പച്ചക്കറി, പയറുവർഗങ്ങൾ എന്നിവയുടെ രണ്ട‌് കറി ചോറിനൊപ്പം നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിടിഎയുടെയും സഹകരണത്തോടെ ചില വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പ്രഭാത, സായാഹ‌്ന ഭക്ഷണ പദ്ധതികൾ ഇത്തവണ 50 ശതമാനം സ‌്കൂളുകളിലെങ്കിലും നടപ്പാക്കാൻ പ്രധാനാധ്യാപകർ മുൻകൈയെടുക്കണം. പിടിഎ പ്രസിഡന്റ‌് ചെയർമാനും പ്രധാനാധ്യാപകൻ കൺവീനറുമായി ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിക്കണം.
വാർഡുമെമ്പർ, മദർ പിടിഎ പ്രസിഡന്റ‌്, 2 വിദ്യാർഥികൾ, 2 അധ്യാപകർ, പാചക തൊഴിലാളി ഉൾപ്പെടെ ആകെ 10 അംഗങ്ങളുണ്ടായിരിക്കും. പ്രദേശത്തെ സർക്കാർ പിഎച്ച‌്സി ഡോക്ടറും കൃഷി ഓഫീസറും ക്ഷണിതാവായിരിക്കും.
from Kerala || Deshabhimani Online News http://bit.ly/2HLqSB3
via IFTTT
No comments:
Post a Comment