എടപ്പാൾ > നാടോടി ബാലിക ടൂറിസ‌്റ്റ‌് ഹോം വളപ്പിൽ വീണ‌് പരിക്കേറ്റ സംഭവത്തിൽ യുഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പ‌്. പരിക്കേറ്റ ബാലികയെ സംഘത്തിലുണ്ടായിരുന്ന മുതിർന്നവർ ആദ്യം എടപ്പാൾ ഗവ. ആശുപത്രിയിലെത്തിച്ചു. നെറ്റിയിലേറ്റ മുറിവിന് അല‌്പം ആഴമുണ്ടെന്നും ഡ്രസ് ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു. ഇത് എങ്ങനെ സംഭവിച്ചുവെന്ന ഡോക്ടറുടെ ചോദ്യത്തിന് വീണപ്പോൾ പരിക്കേറ്റതാണെന്ന് കുട്ടിയോടൊപ്പമുണ്ടായിരുന്ന മുതിർന്ന നാടോടിസ്ത്രീ ലക്ഷ്മി പറഞ്ഞു. നെറ്റിയിലെ മുറിവ് ഡ്രസ് ചെയ്തുകഴിഞ്ഞ‌് നാടോടികൾ താമസസ്ഥലത്തേക്ക‌് പോകാനുള്ള തയാറെടുപ്പിനിടെ സംഭവമറിഞ്ഞ് ഓടിയെത്തിയ 15–-ഓളം യൂത്ത‌് ലീഗ‌്–കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലെത്തി നാടോടികളോട് കാര്യങ്ങൾ തിരക്കി. തുടർന്ന‌് ചാനലുകാരെയും പത്രക്കാരെയും വിളിച്ചറിയിച്ച് രാഷ്ട്രീയമുതലെടുപ്പിനായി പ്രശ്‌നം സങ്കീർണമാക്കുകയായിരുന്നു. പെരുമ്പറമ്പിൽ കോൺഗ്രസിന്റെ കുടുംബയോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ധൃതിപിടിപ്പിച്ച് ആശുപത്രിയിലെത്തിച്ചതും ഇതിന്റെ ഭാഗമായാണ്.
ആശുപത്രിയിലെത്തിയ പ്രതിപക്ഷ നേതാവ് നാടോടി ബാലികക്ക് വിദഗ്ധ ചികിത്സ വേണമെന്ന് നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് പ്രവർത്തകരും ചാനലുകാരും ചേർന്ന് കുട്ടിയെ പൊന്നാനി ആശുപത്രിയിലേക്ക് മാറ്റി. താമസിയായെ അവരെല്ലാം സ്ഥലംവിട്ടു. അല‌്പം കഴിഞ്ഞ് പൊലീസ് ആശുപത്രിയിൽ എത്തിയപ്പോൾ നാടോടികൾ ബാലികയേയുംകൊണ്ട് ആശുപത്രിയിൽനിന്ന് പോയിരുന്നു. പൊലീസ് ഇവരെ പലയിടത്തും അന്വേഷിച്ചു. ഒടുവിൽ, അവർ താമസിക്കുന്ന പൊന്നാനി കുണ്ടുകടവ് പാലത്തിന്റെ പുറമ്പോക്ക് സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. തുടർന്ന്, തൃശൂർ മെഡിക്കൽ കോളേജിലേക്ക് പരിശോധനക്കായി ബാലിയെ മാറ്റുകയുംചെയ്തു.
യുഡിഎഫ‌്നേതാക്കളുടെ കൂട്ടത്തോടെയുള്ള ചോദ്യംചെയ്യലിൽ നാടോടികൾ എന്ത് പറയണമെന്നറിയാതെ അന്ധാളിച്ചു. ഓടിക്കൂടിയ ചാനലുകാരുടെയും പത്രക്കാരുടെയും നേതാക്കളുടെയും ചോദ്യങ്ങൾകൂടിയായപ്പോൾ അവർ ഭയന്നുവിറച്ചു. ഒടുവിൽ, നേതാക്കളുടെ കണ്ണിറുക്കലിൽ എന്തൊക്കൊയോ വിളിച്ചുപറഞ്ഞു. ഒരിക്കൽ പറഞ്ഞതല്ല പിന്നെ പറഞ്ഞത്. ചാനലുകൾക്കുമുന്നിൽ അവരെക്കൊണ്ട‌് ഇല്ലാക്കഥ പറയിപ്പിക്കാൻ യുഡിഎഫുകാർ നന്നേ പാടുപെട്ടു. വീണാണ് പരിക്കേറ്റതെന്നും ഇതുമായി ബന്ധപ്പെട്ട് ഇവർക്ക് പരാതിയില്ലെന്നും കൂടെയെത്തിയ നാടോടികൾ പറഞ്ഞതായി ബാലികയെ ചികിത്സിച്ച എടപ്പാൾ ഗവ. ആശുപത്രിയിലെ ഡോ. നിമ വേണുഗോപാൽ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ കയറി മോഷണം നടത്തിയെന്നാരോപിച്ച് ഉടമ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2Ume4cn
via IFTTT
No comments:
Post a Comment