കല്ലട ബസിൽ യാത്രക്കാർക്ക് മർദനമേറ്റതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ട്രാവൽ ഏജൻസികളിലും സ്വകാര്യ ദീർഘദൂര ബസുകളിലും മോട്ടോർ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. നൂറിലധികം ബസ‌് ടിക്കറ്റ് ബുക്കിങ് ഓഫീസുകളിൽ പരിശോധന നടത്തി. 30 ബുക്കിങ് ഓഫീസുകൾ ലൈസൻസില്ലാതെയാണ‌് പ്രവർത്തിക്കുന്നതെന്ന‌് കണ്ടെത്തി. 28 ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ബസുകളിൽനിന്ന‌് അന്പതിനായിരം രൂപയോളം പിഴ ഈടാക്കി. സ‌്പീഡ‌് ഗവർണറിന്റെ ബന്ധം വിച്ഛേദിച്ചതിനും ചരക്ക‌് കയറ്റിയതിനും വഴിയിൽനിർത്തി ആളുകളെ കയറ്റിയതിനുമാണ‌് പിഴയിട്ടത്. വിവിധ ചെക‌്പോസ‌്റ്റുകളിലും ബസുകളിലും രാത്രിയിലും പരിശോധന നടത്തി.
സർക്കാർ നിർദേശ പ്രകാരം മോട്ടോർ വാഹനവകുപ്പിന്റെ ‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്’ സ‌്ക്വാഡുകളാണ‌് പരിശോധന നടത്തിയത‌്. ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് കേന്ദ്രങ്ങള്‍ നിശ്ചിത സമയത്തിനുളളിൽ ലൈസൻസ് എടുക്കാൻ നോട്ടീസ‌് നൽകി. പെർമിറ്റ് ഇല്ലാതെ സർവീസ‌് നടത്തിയ 23 ടൂറിസ്റ്റ് ബസുകൾക്ക് 5000 രൂപ വീതം പിഴയിട്ടു. ഇതിൽ ആറെണ്ണം കല്ലടയുടെ ബസാണ്.
യാത്രക്കാരുടെ പ്രശ്നങ്ങളും പരാതികളും അറിയിക്കാനായി മോട്ടോർ വാഹന വകുപ്പ് ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയിട്ടുണ്ട‌്. 8281786096 എന്ന നമ്പരിൽ പരാതി വിളിച്ച‌് പറയുകയോ വാട‌്സാപ്പ‌് വഴി അറിയിക്കുകയോ ചെയ്യാം.
വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന‌് മോട്ടോർ വാഹനവകുപ്പ‌് അധികൃതർ പറഞ്ഞു. ദീർഘദൂര ബസുകളിൽ ജിപിഎസ‌് നിർബന്ധമാക്കുന്നത‌് പരിഗണനയിലുണ്ട‌്. നിയമവിരുദ്ധ സർവീസുകളെ തടയുന്നതിന‌് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത‌് സംബന്ധിച്ച് വ്യാഴാഴ‌്ച മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചു.
from Kerala || Deshabhimani Online News http://bit.ly/2IETr4F
via IFTTT
No comments:
Post a Comment