സ്വന്തം ലേഖകൻ
അഞ്ച് കോടി രൂപ കോഴ വാങ്ങാൻ സന്നദ്ധതയറിയിച്ച് സ്വകാര്യ ടി വി ചാനലിന്റെ ഒളിക്യാമറയിൽ കുടുങ്ങിയ എം കെ രാഘവൻ എംപിക്കെതിരെയുള്ള അന്വേഷണം നിർണായകഘട്ടത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ചാനൽ പ്രവർത്തകരിൽനിന്ന് പൊലീസ് സംഘം മൊഴിയെടുത്തു. രാഘവന്റെ ദൃശ്യവും ശബ്ദവും ഉൾപ്പെടുന്ന സമ്പൂർണ വീഡിയോ ടേപ്പ് ശേഖരിച്ചതായി അന്വേഷണ സംഘം തലവൻ അസിസ്റ്റന്റ് പൊലീസ് കമീഷണർ പി വാഹിദ് പറഞ്ഞു. ടിവി 9 ചാനലിന്റെ ഡൽഹി നൊയ്ഡയിലെ ഓഫീസിലെത്തിയാണ് തെളിവുകൾ ശേഖരിച്ചത്.
വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ ടേപ്പ് തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിലേക്ക് ശാസ്ത്രീയ പരിശോധനക്ക് അയക്കും. റിപ്പോർട്ട് ഉടനെ ഡിജിപിക്ക് കൈമാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മാർച്ച് പത്തിനായിരുന്നു ടിവി 9 ചാനൽ സംഘം കൺസൾട്ടൻസി എന്ന വ്യാജേന കോഴിക്കോട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൂടിയായ എം കെ രാഘവന്റെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടത്. കോഴിക്കോട്ട് ഹോട്ടൽ തുടങ്ങുന്നതിന് 15ഏക്കർ സ്ഥലം ലഭ്യമാക്കുന്നതിന് എംപിയെന്ന നിലയിൽ സഹായം സംഘം ആവശ്യപ്പെട്ടു. ഇതിന് അഞ്ചുകോടി രൂപ സംഘം വാഗ്ദാനം ചെയ്തപ്പോൾ അത് സ്വീകരിക്കാൻ എംപി സന്നദ്ധത അറിയിച്ചു. ഇതിനായി ഡൽഹിയിലെ സെക്രട്ടറിയെ ബന്ധപ്പെടാനും നിർദേശിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20കോടി രൂപ ചെലവഴിച്ചതായും രണ്ട് കോടി മാത്രമാണ് എഐസിസി നൽകിയതെന്നും ചാനൽ സംഘത്തോട് രാഘവൻ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി വൻതോതിൽ മദ്യം നൽകേണ്ടതുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ മൂന്നിനാണ് ചാനൽ വാർത്ത പുറത്തുവിട്ടത്.
രാഘവന്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എൽഡിഎഫ് കോഴിക്കോട് പാർലമെന്റ് മണ്ഡലം കമ്മിറ്റി കലക്ടർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും ചീഫ് ഇലക്ഷൻ കമീഷണർക്കും പരാതി നൽകിയിരുന്നു.
ഇതിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. തന്നെ കുടുക്കാൻ കള്ളരേഖയുണ്ടാക്കി എന്ന എംപിയുടെ പരാതിയും ഇതൊടൊപ്പം അന്വേഷിക്കുന്നുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2G7LK3a
via IFTTT
No comments:
Post a Comment