ന്യൂഡൽഹി
ചീഫ‌് ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ മുൻജീവനക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ ആഭ്യന്തരസമിതി അന്വേഷണം പൂർത്തിയായശേഷമേ പരാതിക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കൂവെന്ന‌് മുൻ ജഡ‌്ജി എ കെ പട‌്നായിക്ക‌്. ചീഫ‌് ജസ്റ്റിസിന് എതിരായ ആരോപണങ്ങൾക്കുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകൻ ഉത്സവ‌് ബെയിൻസിന്റെ സത്യവാങ‌്മൂലങ്ങളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച‌് ജസ‌്റ്റിസ‌് പട‌്നായിക്കിനെ ചുമതലപ്പെടുത്തിയിരുന്നു. അഡ്വ. ഉത്സവ‌് ബെയിൻസ‌് കോടതി മുമ്പാകെ സമർപ്പിച്ച മൂന്ന‌് സത്യവാങ‌്മൂലങ്ങളിലെ ആരോപണങ്ങളുടെയും അദ്ദേഹം കൈമാറിയിട്ടുള്ള തെളിവുകളുടെയും ആധികാരികത പരിശോധിക്കാനാണ‌് കോടതി എ കെ പട‌്നായിക്കിനോട‌് നിർദേശിച്ചിട്ടുള്ളത‌്. ചീഫ‌് ജസ്റ്റിസിന് എതിരായ ആരോപണങ്ങൾ ജസ‌്റ്റിസ‌് പട‌്നായിക്ക‌് അന്വേഷിക്കേണ്ടതില്ലെന്ന‌് വ്യക്തമാക്കിയിട്ടുണ്ട‌്.
അന്വേഷണം പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ യുവതിയുടെ പരാതിയിൽ ആഭ്യന്തരസമിതി അന്വേഷണം ആദ്യം പൂർത്തിയാകട്ടെ എന്നാണ‌് ജസ്റ്റിസ‌് പട‌്നായിക്കിന്റെ നിലപാട‌്. കഴിഞ്ഞദിവസം ജസ്റ്റിസ‌് എസ‌് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തരസമിതി ആദ്യസിറ്റിങ‌് നടത്തിയിരുന്നു. ഈ സമിതി മുമ്പാകെ ഹാജരായ സുപ്രീംകോടതി മുൻജീവനക്കാരി തന്റെ മൊഴി രേഖപ്പെടുത്തി. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ അംഗങ്ങളായ സമിതിയുടെ അടുത്ത സിറ്റിങ‌് ഉടനുണ്ടാകും. പട‌്നായിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഭ്യന്തരസമിതി അന്വേഷണത്തെ ഒരുരീതിയിലും ബാധിക്കില്ലെന്ന‌് സുപ്രീംകോടതി പ്രത്യേക ബെഞ്ച‌് ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട‌്. എന്നാൽ, ബന്ധപ്പെട്ട വിഷയത്തിലുള്ള സമാന്തര അന്വേഷണം യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തെ ബാധിക്കുമോയെന്ന ആശങ്ക നിയമവൃത്തങ്ങളിൽ ചിലർ ഉന്നയിച്ചിരുന്നു. ഈ ആശങ്കകൂടി കണക്കിലെടുത്താണ‌് ആഭ്യന്തരസമിതി അന്വേഷണത്തിനുശേഷം ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തുടങ്ങിയാൽമതിയെന്ന‌് എ കെ പട‌്നായിക്ക‌് സ്വന്തം നിലയ‌്ക്ക‌് തീരുമാനമെടുത്തത‌്.
അതേസമയം, നവംബറിൽ ചീഫ‌് ജസ‌്റ്റിസ‌് എന്ന നിലയിൽ ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്‌യുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ രണ്ട‌് അന്വേഷണങ്ങളും ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2VDGYVf
via IFTTT
No comments:
Post a Comment