കൊടുങ്ങല്ലൂർ
മണപ്പുറത്ത് അലയടിക്കുന്ന എൽഡിഎഫ് തരംഗത്തിന്റെ നേർക്കാഴ്ചയായിരുന്നു ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിന് ഞായറാഴ്ച കയ്പമംഗലം നിയോജകമണ്ഡലത്തിൽ നൽകിയ സ്വീകരണം. വൻജനാവലിയാണ് സ്വീകരണ കേന്ദ്രത്തിലെത്തിയത്. സഖാവ് സർദാർ ഗോപാലകൃഷ്ണന്റെ വീരസ്മരണകളിരമ്പുന്ന എടത്തിരുത്തിയിലെ സർദാർ വായനശാലാ പരിസരത്തുനിന്ന് രാവിലെ 7.30നാണ് പര്യടനം തുടങ്ങിയത്. പ്രൊഫ. കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലാറ സെന്ററിലെ ഊഷ്മള സ്വീകരണത്തിനുശേഷം ചെന്ത്രാപ്പിന്നിയിലെ ചാമക്കാല മൂന്നുംകൂടിയ സെന്ററിലേക്ക്.
പിന്നീട് കോഴിത്തുമ്പിലും കയ്പമംഗലം ഈസ്റ്റിലെ ഓർമവളവിലും കെ ആർ രാമകൃഷ്ണന്റെ വീട്ടുപരിസരത്തും സ്വീകരണം. അയിരൂർ അമ്പലനടയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നീണ്ടനിരയാണ് സ്വീകരിക്കാനുണ്ടായിരുന്നത്. ദേവമംഗലത്ത് മത്സ്യത്തൊഴിലാളികൾ കൂട്ടം കൂട്ടമായെത്തി. കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിൽ പങ്കെടുക്കാൻ ദേശീയ പാതയിലൂടെ വാഹനത്തിൽ കടന്നു പോകുന്നവർ ഇന്നസെന്റിനെ കണ്ടതോടെ ലാൽ സലാം സഖാവേ എന്ന് കൂട്ടത്തോടെ വിളിച്ചു പറഞ്ഞു. 1750 കോടി രൂപയുടെ വികസനം ചാലക്കുടി മണ്ഡലത്തിൽ നടത്താനായെന്ന് ഇന്നസെന്റ് പറഞ്ഞു. ഇനിയും ഒരവസരം ലഭിച്ചാൽ ഒരുപാടു കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പുതരുന്നു. ഇന്നസെന്റിന്റെ വാക്കുകളെ കൈയടിയോടെ ജനം സ്വീകരിച്ചു. കുറ്റിലക്കടവിലെ സ്വീകരണ കേന്ദ്രത്തിലും ആവേശം വാനോളം ഉയർന്നു. പ്ലസ് ടു തുല്യത കോഴ്സിനു പഠിക്കുന്ന 50 വയസ്സ് പിന്നിട്ടവരുൾപ്പെടെയുള്ള വിദ്യാർഥികൾ ഇന്നസെന്റിനെ ഹൃദയപൂർവം സ്വീകരിച്ചു.
.jpg)
സാക്ഷരതാ പ്രേരക് സഹിതയുടെ നേതൃത്വത്തിലാണ് ഇവർ സ്വീകരിക്കാനെത്തിയത്. കൊല്ലാറയിൽ കരിമരുന്ന് പ്രയോഗത്തോടെയും നാസിക് ഡോൾ തീർത്ത വാദ്യമേളത്തോടെയും സ്വീകരണം. തൊഴിലുറപ്പ് തൊഴിലാളികളും വിജയാശംസകൾ നേർന്നു. ഇന്നസെന്റിനെ തീര ദേശം നെഞ്ചേറ്റുകയാണ്. തങ്ങളുടെ പ്രിയസ്ഥാനാർഥിയുടെ വിജയം ഇവർ ഉറപ്പിച്ചു കഴിഞ്ഞു. മതിലകം ഈസ്റ്റിലെ മഞ്ഞളി ഈസ്റ്റിലെ ജേക്കബ്ബിന്റെ വീട്ടു പരിസരത്തും ഊഷ്മള സ്വീകരണം .ജേക്കബ്ബിന്റെ പ്രായം ചെന്ന അമ്മ ശോശാമ്മ ഇന്നസെന്റിന് പൂക്കൾ നൽകി. പിന്നീടുള്ള സ്വീകരണം മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലായിരുന്നു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടുന്ന നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.
തീരദേശ വികസനത്തിന് എന്നും പ്രാമുഖ്യം നൽകുന്ന എൽഡിഎഫ് സർക്കാരിന് പിന്തുണ നൽകുന്നതിനൊപ്പം എൽഡിഎഫ് പ്രതിനിധി പാർലമെന്റിൽ എത്തുമെന്ന പ്രഖ്യാപനമായി സ്വീകരണ കേന്ദ്രങ്ങളിലെ ജനമുന്നേറ്റം. കണി വെള്ളരിയും കണിക്കൊന്നപ്പൂക്കളും മാങ്ങയും വിശറിയുമുൾപ്പെടെ നൽകിയായിരുന്നു സ്വീകരണം. പഴന്തറ, മതിലകം സെന്റർ, കഴുവിലങ്ങ്, ഊമൻതറ, പൊക്ലായ്, വൃന്ദാവനം, ശ്രീകൃഷ്ണമുഖം ക്ഷേത്രപരിസരം, നെല്ലിപ്പൊഴി, വെഴവന, പൊരിബസാർ, കോതപറമ്പ്, എടവിലങ്ങ് ചന്ത, കാതിയാളം, 65–-ാം കോളനി, എറിയാട് ചന്തപ്പാലം, ഹോമിയോ ഡിസ്പെൻസറിപരിസരം, കലാസൃഷ്ടി ക്ലബ്, അഴീക്കോട് മരപ്പാലം, മുനയ്ക്കലിൽ അബ്ദുള്ളയുടെ വീട്ടുപരിസരം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മേനോൻ ബസാറിൽ പര്യടനം സമാപിച്ചു. ഇ ടി ടൈസൺ എംഎൽഎ എൽഡിഎഫ് നേതാക്കളായ പി കെ ചന്ദ്രശേഖരൻ, പി എം അഹമ്മദ്, കെ വി രാജേഷ്, കെ കെ അബീദലി, പി വി മോഹനൻ, എൻ ഇ ഇസ്മായിൽ, മുഹമ്മദ് ചാമക്കാല, ശ്രേയസ് ചെറിയനത്ത്, മോഹനൻ, അഡ്വ. ജോതിപ്രകാശ്, പി എച്ച് നിയാസ്, ജാസിൽ ഇക്ബാൽ, ആർ കെ ബേബി എന്നിവർ സംസാരിച്ചു.
.jpg)
രക്തഹാരവുമായി കുടുംബങ്ങൾ
കൊടുങ്ങല്ലൂർ
തീരദേശ നിയോജകമണ്ഡലമായ കയ്പമംഗലത്തെ ചുവന്ന് തുടുപ്പിക്കുന്നതിന് സ്വന്തം ജീവരക്തം നൽകിയ അനശ്വര രക്തസാക്ഷി സഖാവ് വി കെ ഗോപാലന്റെ മരുമകൾ വിജി ജ്യോതിഷ് പെരിഞ്ഞനത്തെ ഓണപറമ്പിലെ സ്വീകരണകേന്ദ്രത്തിൽ ഇന്നസെന്റിന്റെ വരവും കാത്തിരുന്നു. സ്വന്തമായുണ്ടാക്കിയ കേരകരകൗശല ശിൽപ്പം ഇന്നസെന്റിന് സമ്മാനിക്കാൻ കൈയിൽ കരുതിയിരുന്നു. ഹിന്ദുവർഗീയവാദികളുടെ കുത്തേറ്റ് വി കെ ഗോപാലന്റെ രക്തം ഒഴുകിപ്പരന്ന മണ്ണാണ് ഓണപറമ്പ്, ചെങ്കൊടിയുടെ പാർടിയുടെ പോരാട്ടവീര്യം മണപ്പുറമാകെ ആളിക്കത്തിച്ച റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യ രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ പ്രിയസഖാവായിരുന്നു വി കെ ഗോപാലൻ. സഖാവിന്റെ ജ്വലിക്കുന്ന ഓർമകൾ രക്തനക്ഷത്രംപോലെ ഹൃദയത്തിൽ പേറുന്ന ഓണപറമ്പിലെ ജനങ്ങൾ റെഡ് സല്യൂട്ട് നൽകിയാണ് ഇന്നസെന്റിനെ സ്വീകരിച്ചത്.
സ്വീകരണകേന്ദ്രത്തിലെത്താൻ ആരോഗ്യം അനുവദിച്ചില്ലെങ്കിലും വി കെയുടെ സഹധർമിണി പത്മാക്ഷി ടീച്ചർ ഇന്നസെന്റിന് വിജയാശംസകൾ നേർന്നു. വിജി ജ്യോതിഷിൽനിന്ന് ഉപഹാരവും സ്വീകരിച്ച് ഹൃദയത്തിന്റെ ഭാഷയിൽ സ്വീകരണത്തിന് നന്ദിപറഞ്ഞാണ് ഓണപറമ്പിലെ ജനങ്ങളോട് ഇന്നസെന്റ് യാത്രചോദിച്ചത്.
.jpg)
ആലുവയിൽ രണ്ടാംഘട്ടം പര്യടനം ഇന്ന്
ആലുവ
ഇന്നസെന്റിന്റെ ആലുവ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം തിങ്കളാഴ്ച നടക്കും.രാവിലെ 7.30ന് എടത്തല ചാലേപ്പിള്ളിയിൽനിന്നാണ് സ്വീകരണപരിപാടി ആരംഭിക്കുക. മണലിമുക്ക്, ശിവഗിരി, കുഴിവേലിപ്പടി, പഞ്ചായത്ത് റോഡ്, പുക്കാട്ടുപടി, കുഞ്ചാട്ടുകര, പുക്കാട്ടുമുകൾ, പേങ്ങാട്ടുശേരി കനാൽ പാലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 10.15ന് കീഴ്മാട് പഞ്ചായത്തിൽ പ്രവേശിക്കും.
നാലാംമൈൽ, മുള്ളംകുഴി, കുന്നുംപുറം, കുട്ടമശേരി ലക്ഷംവീട്, ബലിപ്പറമ്പ്, മോസ്കോ, കുട്ടമശേരി, തോട്ടുംമുഖം എന്നീ കേന്ദ്രങ്ങളിലാണ് കീഴ്മാട് പഞ്ചായത്തിലെ സ്വീകരണം.
ഉച്ചയ്ക്കുശേഷമുള്ള സ്വീകരണം ആലുവ പവർ ഹൗസ് കവലയിൽനിന്നാണ് ആരംഭിക്കുക. തുടർന്ന് ശ്രീമൂലനഗരം പഞ്ചായത്തിലെയും കാഞ്ഞൂർ പഞ്ചായത്തിലെയും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് 7.30ന് കാഞ്ഞൂർ പള്ളിയങ്ങാടിയിൽ സമാപിക്കും.
from Kerala || Deshabhimani Online News http://bit.ly/2FY7CxY
via IFTTT
No comments:
Post a Comment