കോട്ടയം
കേരള കോൺഗ്രസ‌് എം ചെയർമാനും മുൻമന്ത്രിയുമായ കെ എം മാണിക്ക‌് ആദരാഞ്ജലി അർപ്പിക്കാൻ വൻജനാവലി. ബുധനാഴ‌്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന‌് കോട്ടയത്തേക്കുള്ള മാർഗമധ്യേ നൂറുകണക്കിനാളുകൾ അഭിവാദ്യം അർപ്പിക്കാനെത്തി. കോട്ടയത്ത‌് തിരുനക്കര മൈതാനിയിലും പാലായിലും പുഷ‌്പചക്രങ്ങളുമായി മണിക്കൂറുകളോളം ജനക്കൂട്ടം കാത്തുനിന്നു. മൃതദേഹം പാലാ കരിങ്ങോഴയ‌്ക്കൽ വീട്ടിലെത്തിയപ്പോൾ പാതിര പിന്നിട്ടു. വ്യാഴാഴ‌്ച പകൽ രണ്ടിന‌് വീട്ടിൽ മരണാനന്തരചടങ്ങുകൾ തുടങ്ങും. തുടർന്ന‌് പാലാ കത്തീഡ്രൽ പള്ളിയിലാണ‌് സംസ‌്ക്കാരം.
പുഷ‌്പാലകൃതമായ കെഎസ‌്ആർടിസി ലോ ഫ്ലോർ ബസിലായിരുന്നു കൊച്ചിയിൽ നിന്നും പാലായിലേക്കുള്ള അന്ത്യയാത്ര. മകൻ ജോസ‌് കെ മാണി എംപിയും പി ജെ ജോസഫും അടുത്ത ബന്ധുക്കളും അനുഗമിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിക്കുസമീപം എത്തി പുഷ‌്പചക്രം അർപ്പിച്ചു. വി എസ‌് അച്യുതാനന്ദനും സ‌്പീക്കർ ശ്രീരാമകൃഷ‌്ണനും കടുത്തുരുത്തി-യിലും മന്ത്രി സി രവീന്ദ്രനാഥ‌് തലയോലപ്പറമ്പിലും പുഷ‌്പചക്രം അർപ്പിച്ചു. പിന്നീടുള്ള കേന്ദ്രങ്ങളിൽ എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌്, തിരുനക്കര മൈതാനത്ത‌് വൈക്കം വിശ്വൻ, കോട്ടയം ലോക‌്സഭാമണ്ഡലം എൽഡിഎഫ‌് സ‌്ഥാനാർഥി വി എൻ വാസവൻ, ഉമ്മൻചാണ്ടി, വയലാർ രവി, വി എം സുധീരൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ അനൂപ് ജേക്കബ്, പി ജെ ജോസഫ് എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ‌്തങ്ങളും ആദരാഞ്ജലി അർപ്പിച്ചു.
തിരുനക്കരയിലെ പൊതുദർശനത്തിന‌് ശേഷം രാത്രി വയസ‌്ക്കരക്കുന്നിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിച്ചു. മണർകാട‌്, കിടങ്ങൂർ, ജന്മനാടായ മരങ്ങാട്ടുപിള്ളി എന്നിവിടങ്ങൾ പിന്നിട്ട‌് പാലായിൽ എത്തുമ്പോൾ പാതിരാവ‌് പിന്നിട്ടു.
from Kerala || Deshabhimani Online News http://bit.ly/2v0kajf
via IFTTT
No comments:
Post a Comment