പെരുമ്പാവൂർ
സിനിമാ ഷൂട്ടിങ്ങും അഭിനയവുമല്ല, സമർപ്പിതമായ പൊതുപ്രവർത്തനമെന്ന‌് ഇന്നസെന്റ‌് പറയാതെ പറയുകയാണ‌്. വാചകക്കസർത്തിലല്ല, പ്രവൃത്തിയിലാണ‌് കാര്യമെന്ന‌് വീണ്ടും വീണ്ടും ഓർമപ്പെടുത്തുകയും. നർമം ചാലിച്ച ചെറുഭാഷണം മുതൽ ജനങ്ങളിലേക്ക‌് നീട്ടുന്ന കൈകളിൽവരെയുണ്ട‌് ഒരു ഇന്നസെന്റ‌് ടച്ച‌്. കാഴ‌്ചയിലെ ആ സൗമ്യത കറപുരളാതെ ഹൃദയത്തിലുമുണ്ടെന്ന‌് ആർക്കും മനസ്സിലാകും. അത‌് മനസ്സിലായതുകൊണ്ടാണ‌് അഞ്ചുവർഷം മുമ്പ‌് ചാലക്കുടിയിലെ ജനത ഈ മനുഷ്യനെ ഹൃദയത്തോട‌് ചേർത്തത‌്. ആ ചേർത്തുപിടിക്കലിന‌്, അവരുടെ നിത്യജീവിതത്തിലേക്ക‌് വികസനത്തിന്റെ വഴികൾ വെട്ടിയാണ‌് ഇന്നസെന്റ‌് നന്ദിപറഞ്ഞത‌്. അഞ്ചുവർഷത്തിനിപ്പുറം ആ വഴികൾ കുറെക്കൂടി വിശാലമാക്കാൻ വീണ്ടും ജനപിന്തുണ തേടുമ്പോൾ ഇന്നസെന്റിന‌് കരുത്താകുന്ന പ്ലസ‌് പോയിന്റുകളും ഇതൊക്കെത്തന്നെയാണ‌്.
പുലർച്ചെ അഞ്ചരയ‌്ക്ക‌് ഇരിങ്ങാലക്കുട സൗത്ത‌് ബസാറിലെ ‘പാർപ്പിട’ത്തിൽനിന്ന‌് തുടങ്ങുന്ന തീർത്തും ലൈവായ യാത്ര ഇപ്പോൾ ജനഹൃദയങ്ങളിലേക്കാണ‌്. രാവിലെ സ്വയം ഇട്ടുകുടിക്കുന്ന, അല്ലെങ്കിൽ ഭാര്യ ആലീസ‌് ഇട്ടുകൊടുക്കുന്ന കാപ്പിയിൽ തുടങ്ങുന്ന ദൈനംദിന പരിപാടികളിൽ ഇപ്പോൾ വീട്ടുവീഴ‌്ചകളേയുള്ളൂ. അതില്ലാത്തത‌്, ചിട്ടയായ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മാത്രമാണെന്ന‌് ഇന്നസെന്റ‌് പറയുന്നു. രാവിലെ ഏഴോടെ സുഹൃത്ത‌് ജോസ‌് ചിറ്റിലപ്പിള്ളിക്കൊപ്പം പര്യടനകേന്ദ്രത്തിലേക്ക‌്. അത‌് ചിലപ്പോൾ ആറരയ‌്ക്കുമാകും. ബുധനാഴ‌്ച രാവിലെ പക്ഷേ, ആറരയ‌്ക്കുതന്നെ വീട്ടിൽനിന്നിറങ്ങിയിട്ടും ചാലക്കുടി മണ്ഡലത്തിന്റെ കിഴക്കേ അറ്റത്തുള്ള പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലെത്തുമ്പോൾ സമയം എട്ടര. വേങ്ങൂർ പഞ്ചായത്തിൽ പ്രശസ‌്തമായ പാണിയേലി പോരിനു സമീപം ക്രാരിയേലി നോർത്തിൽ ഇന്നസെന്റിനെയും പ്രതീക്ഷിച്ച‌് കുറഞ്ഞത‌് അഞ്ഞൂറുപേരെങ്കിലും കാത്തിരിക്കുകയാണ‌്. വൈകിയതിന‌് ക്ഷമാപണം പറഞ്ഞുകൊണ്ടാണ‌് പര്യടനത്തിന‌് തുടക്കംകുറിച്ചത‌്. രണ്ടു മിനിറ്റ‌് പ്രസംഗം. പക്ഷേ, ‘എന്തുകൊണ്ട‌് വീണ്ടും നിങ്ങളുടെ മുന്നിൽ’ എന്നുള്ളതിന‌് കൃത്യമായ വിശദീകരണം. പൂക്കളും മാലകളും ബൊക്കെകളുമൊക്കെ സന്തോഷത്തോടെ ഏറ്റുവാങ്ങി അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക‌് തുറന്ന വാഹനത്തിൽ കൈവീശി യാത്ര.
ഇടവഴികളിലൂടെയുള്ള യാത്രയും ചൂടുമൊന്നും ഇന്നസെന്റിന്റെ മനസ്സിനെ തളർത്തുന്നില്ല. അതെന്തുകൊണ്ടെന്ന‌് അദ്ദേഹം തന്നെ പറയും.
‘ ഓരോ മുഖങ്ങളിലും കാണുന്ന പ്രതീക്ഷയും സ‌്നേഹവും കാണുമ്പോൾ, ഞാനിതിനൊക്കെ അർഹനോ എന്ന‌് ദിവസവും സ്വയം ചോദിക്കുകയാണ‌്. അവർ തരുന്ന സ‌്നേഹത്തിനും പ്രതീക്ഷയ‌്ക്കും അതിലിരട്ടിയായി പ്രതിഫലം നൽകാൻ എന്തുചെയ്യാനാകുമെന്ന‌് മാത്രമാണ‌് ഇപ്പോൾ ചിന്ത. അതിനിടിയിൽ മറ്റൊന്നും ചിന്തിക്കാനില്ല. ഇപ്പോൾ രാവിലെ അഞ്ചരയ‌്ക്ക‌് എഴുന്നേൽക്കും മുമ്പേ ഞാൻ മനസ്സിൽ യാത്ര ചെയ്യുകയാണ‌്. ആ യാത്ര, പര്യടനം കഴിഞ്ഞ‌് രാത്രി ഒമ്പതര–- പത്തോടെ വീട്ടിലെത്തിയാലും നിലയ‌്ക്കില്ല. അത്രയേറെ കാണുന്നുണ്ട‌് ഓരൊ ദിവസവും. വടികുത്തിപ്പിടിച്ച‌് ഇടറിയിടറി വന്ന‌് കൈകൂപ്പി, വിറയ‌്ക്കുന്ന ചുണ്ടുമായി വന്ന‌് സ‌്നേഹത്തോടെ നോക്കിയ വയസ്സായ അമ്മയാണ‌് ഇന്ന‌് ഹൃദയത്തിൽ കയറിയതെങ്കിൽ ഇന്നലെ അത‌് വേറൊരാളായിരുന്നു. ഇതുപോലെ നമുക്ക‌് ഹൃദയത്തോട‌് ചേർത്തുനിർത്താൻ തോന്നുന്നവരെ മറ്റെവിടെയും കാണാനാകില്ല. ഇവരാണ‌് മുന്നോട്ടുള്ള കരുത്ത‌് ’ –- ഉച്ചയ‌്ക്ക‌് പര്യടനം അവസാനിച്ചശേഷം പെരുമ്പാവൂരിലെ സ്വകാര്യ ലോഡ‌്ജിൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള വിശ്രമത്തിനിടെ ഇന്നസെന്റ‌് പറയുന്നു.
‘എനിക്ക‌് പൊതുവേദിയിൽ പ്രസംഗിക്കാനറിയുമായിരുന്നില്ല. അത‌് പഠിക്കാനൊന്നുമില്ല. സംസാരിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അടുക്കും ചിട്ടയുമായി മനസ്സിലാലോചിച്ചു പറഞ്ഞാൽ മതി’ എന്ന‌് പറഞ്ഞുതന്നത‌് നടൻ നെടുമുടി വേണുവാണ‌്. ഒരു ഗൾഫ‌് പര്യടനത്തിന‌് യാത്ര തിരിക്കുംമുമ്പ‌് മുംബൈയിൽ ഒരു പരിപാടിയിൽ സംസാരിച്ചാണ‌് ആ പേടി മാറിയത‌്. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. കഴിഞ്ഞതവണ ഇന്നസെന്റ‌് എന്ന ഹാസ്യ നടനെയാണ‌് ആളുകൾ ശ്രദ്ധിച്ചത‌്. ഇക്കുറി അതല്ല, അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വോട്ടർമാർ വിലയിരുത്തും. അതു പറഞ്ഞേ മതിയാകൂ. അതുകൊണ്ട‌് ഇക്കുറി നർമഭാഷണം കുറവാണ‌്. കുറെക്കൂടി ഗൗരവമുള്ള വിഷയങ്ങൾ ഏറെ പറയാനുണ്ടല്ലോ’ എന്ന‌് ഇന്നസെന്റ‌്.
സ്വീകരണകേന്ദ്രങ്ങളിൽ കഴിഞ്ഞതവണ കണ്ടതിലേറെ ജനപങ്കാളിത്തം ഇക്കുറിയും കാണുന്നുണ്ടെന്നും അത‌് ആത്മവിശ്വാസം കുട്ടുന്നുവെന്നും അദ്ദേഹം പറയുമ്പോൾ ശരിയാണെന്ന‌് കൂടെയുള്ളവരും സമ്മതിക്കുന്നു. വിശ്രമത്തിനുശേഷം വീണ്ടും പര്യടനത്തിലേക്ക‌്. വൈകിട്ട‌് മൂന്നരയോടെ രായമംഗലം പഞ്ചായത്തിലേക്ക‌് കടന്ന പര്യടനകേന്ദ്രങ്ങളിൽ രാവിലെ കണ്ടതിനേക്കാൾ വലിയ ജനസഞ്ചയം. ജനക്കൂട്ടത്തെ കണ്ടതോടെ ഇന്നസെന്റിനും ആവേശം. രാത്രി ഏഴരയോടെ തുരുത്തിപ്പറമ്പിലെ സ്വീകരണയോഗത്തോടെ സമാപനം. സിപിഐയുടെ അസിസ‌്റ്റന്റ‌് സെക്രട്ടറി പന്ന്യൻ രവീന്ദ്രനാണ‌് സമാപനസമ്മേളനം ഉദ‌്ഘാടനം. അവിടെ ചെറുപ്രസംഗവും കഴിഞ്ഞാണ‌് ഇന്നസെന്റ‌് വീട്ടിലേക്കുപോയത‌്.
from Kerala || Deshabhimani Online News http://bit.ly/2P5zmoK
via IFTTT
No comments:
Post a Comment