കൊച്ചി > ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ 14–-മത് വൈസ്ചാൻസലറായി ഡോ. കെ എൻ മധുസൂദനനെ തെരഞ്ഞെടുത്തു. 16 അപേക്ഷകരിൽ നിന്ന് ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. ജെ പ്രഭാഷ്, ഡോ. ജഗദേഷ് കുമാർ (ജെഎൻയു വിസി) എന്നിവർ അംഗങ്ങളായ സെർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽ നിന്നാണ് സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഡോ. മധുസൂദനനെ തെരഞ്ഞെടുത്തത്.
നിലവിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ പ്രൊഫസറും സിൻഡിക്കേറ്റംഗവുമാണ്. രജിസ്ട്രാറുടെ താൽക്കാലിക ചുമതല കൂടി ഡോ. മധുസൂദനൻ വഹിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ രാമന്തളിയിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പയ്യന്നൂർ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഭൗതികശാസ്ത്രത്തിൽ ബിരുദവും നേടി. തുടർന്ന് കൊച്ചി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. രണ്ടു വർഷക്കാലം ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ റിസർച്ച് അസോസിയേറ്റായും തുടർന്ന് അഞ്ചു വർഷക്കാലം ഇറ്റലി, ബെൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷകനായും പ്രവർത്തിച്ചു. 1995- ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ റീഡറായി നിയമിതനായ ഡോ. മധുസൂദനൻ 2004 മുതൽ പ്രൊഫസറാണ്. ഏകദേശം 12 വർഷത്തോളം വിവിധ കാലയളവുകളിലായി വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 2008 മുതൽ 2010 വരെ മഹാത്മാഗാന്ധി സർവകലാശാലയുടെ എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡീൻ ആയിരുന്നു. സ്വദേശത്തും വിദേശത്തുമായി പ്രമുഖ ജേർണലുകളിൽ 90 ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യാന്തര- ദേശീയ സ്ഥാപനങ്ങളുടെ നാല് ഗവേഷണ പദ്ധതികൾ പൂർത്തിയാക്കി. 80 ഓളം ദേശീയ, അന്തർദ്ദേശീയ സമ്മേളനങ്ങളിൽ പങ്കാളിയായ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 11 വിദ്യാർത്ഥികൾ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. അക്കൂസ്റ്റിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഫിസിക്സ് അസോസിയേഷൻ എന്നിവയിലെ ആജീവനാന്ത അംഗമാണ്.
പയ്യൂർ കൊട്ടാരത്തിൽ നടുവിൽ പരേതരായ പി എം കൃഷ്ണൻ അടിയോടിയുടെയും കെ എൻ ശ്രീദേവിയുടെയും മകനാണ്. ഭാര്യ ബിന്ദു പൊതുവാൾ കാക്കനാട് വിസ്ലിക്ക ഐടി കമ്പനിയിൽ ഓപ്പറേഷൻസ് മാനേജരാണ്. ഋത്വിക്(വിശാഖപട്ടണം ഐഎംയു ൽ ബിടെക് 4-ാം സെമസ്റ്റർ), അരുന്ധതി (ഭവൻസ് വരുണ വിദ്യാലയം, കാക്കനാട് 10-ാം തരം) എന്നിവർ മക്കളാണ്.
from Kerala || Deshabhimani Online News http://bit.ly/2IG3aI8
via IFTTT
No comments:
Post a Comment