തിരുവനന്തപുരം> തെക്ക‌് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരാഴ‌്ചയായി നിലകൊണ്ട ന്യൂനമർദം ഫാനി ചുഴലിക്കാറ്റായി രൂപപ്പെട്ട‌് നീങ്ങിത്തുടങ്ങി. കേരളത്തെ ചുഴലിക്കാറ്റ‌് നേരിട്ട‌് ബാധിക്കില്ലെങ്കിലും ഞായറാഴ‌്ചമുതൽ സംസ്ഥാനത്ത‌് മിക്കയിടങ്ങളിലും കനത്ത മഴയ‌്ക്ക‌് സാധ്യതയുണ്ട‌്. കേരളതീരത്ത‌് കടൽ പ്രക്ഷുബ‌്ധമാകും. ശക്തമായ കാറ്റുമുണ്ടാകും. ഞായറാഴ‌്ച വൈകിട്ടോടെ തീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫാനി വടക്കുപടിഞ്ഞാറ‌് ദിശയിൽ നീങ്ങും. അതിതീവ്രമാകുന്ന ചുഴലി തിങ്കളാഴ‌്ചയോടെ വടക്കൻ തമിഴ‌്നാടിന്റെയും ആന്ധ്രയുടെയും തീരത്തിനടുത്തെത്തും.
ചൊവ്വാഴ‌്ച പുലർച്ചെ തമിഴ‌്നാട്ടിൽ തീരം തൊടുമെന്നാണ‌് പ്രവചനം. തമിഴ‌്നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
എന്നാൽ, കടലിൽ വച്ചുതന്നെ ഇത‌് വടക്കുകിഴക്ക‌് തിരിഞ്ഞ‌് മ്യാൻമർ ഭാഗത്തേക്ക‌് പോകാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ‌് കാണുന്നുണ്ട‌്. ശ്രീലങ്കയ‌്ക്ക‌് 880 കിലോമീറ്റർ തെക്ക‌് കിഴക്കും ചെന്നൈക്ക‌് 1250 കിലോമീറ്റർ തെക്ക‌് കിഴക്കും തെക്കൻ ആന്ധ്രക്ക‌് 1460 കിലോമീറ്റർ കിഴക്കുമായാണ‌് ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം. സമുദ്രതാപനില അനുകൂലമായതിനാൽ ചുഴലിക്കാറ്റിന‌് കരുത്തേറും.
ചില ജില്ലകളിൽ യെല്ലോ അലർട്ട‌്
തിങ്കളാഴ‌്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ‌്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ മണിക്കൂറിൽ 30-–-40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ ഉടൻ തിരിച്ചെത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശനനിർദേശം നൽകിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2VuveUF
via IFTTT
No comments:
Post a Comment