തിരുവനന്തപുരം > ഉയരങ്ങളിലാണ‌് താമസമെങ്കിലും ഫ‌്ളാറ്റുകളിലെ അന്തേവാസികൾക്ക‌് സുരക്ഷ എന്നുമൊരു പ്രശ‌്നം തന്നെയാണ‌്. സെക്യൂരിറ്റിക്കാരന്റെയും നിരീക്ഷണ ക്യാമറകളുടെയും കണ്ണുവെട്ടിച്ച് സാധനങ്ങളുംകൊണ്ട് മുങ്ങുന്ന മോഷ്ടാക്കളുടെ വാർത്ത എന്നുമുണ്ടാകുമ്പോൾ പ്രതിവിധിയുമായി സി–-ഡിറ്റ‌്. തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള കഴക്കൂട്ടം മേഖലയിലെ ഫ്ലാറ്റുകളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജനമെെത്രി പൊലീസിന്റെ സഹകരണവും പദ്ധതിക്കുണ്ട‌്.
നിരീക്ഷണ ക്യാമറകളെ നിർമിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ‌് വെയറുമായി സംയോജിപ്പിച്ചാണ‌് പുതിയ സുരക്ഷാമാർഗമൊരുക്കിയത‌്. സിസിടിവിയിൽ കൃത്രിമത്വം തടയുന്നതിനൊപ്പം പ്രവർത്തനം കാര്യക്ഷമമാക്കാനുമാകും. രാജ്യത്ത് ആദ്യമായാണ് നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഇത്തരം പദ്ധതി. വിജയമായാൽ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന‌് സി–-ഡിറ്റ‌് ജോയിന്റ് ഡയറക്ടർ പി വി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത‌് ഇതിന്റെ പ്രാഥമികപരീക്ഷണം നടത്തി. സ്മാർട്ട‌് സിറ്റിയുടെ ഭാഗമായി യുഎസ്ടി ഗ്ലോബൽ തയ്യാറാക്കിയ സാങ്കേതികവിദ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഫ്ളാറ്റുകളിലെല്ലാം സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. മുഴുവൻ സമയവും നിരീക്ഷിക്കുന്നതും പ്രായോഗികമല്ല. ആ പോരായ്മ പരിഹരിക്കാനാണ‌് പുതിയ മാർഗം തേടുന്നത‌്. ലഭിക്കുന്ന വിവരങ്ങൾ നിർമിതബുദ്ധിയുടെ ഉപയോഗപ്പെടുത്തി മുൻകൂട്ടി തയ്യാറാക്കുന്ന പ്രോഗ്രാമുകളുടെ സഹായത്തോടെ അസ്വാഭാവിക സംഭവവികാസങ്ങൾ കംപ്യൂട്ടർ തിരിച്ചറിയും. അതിലൂടെ മോഷണം, അപകടങ്ങൾ, നിയമലംഘനങ്ങൾ എന്നിവ തിരിച്ചറിയാനും നടപടി സ്വീകരിക്കാനുമാകും.
സെൻസറുണ്ട‌്, എല്ലായിടത്തും
ഫ്ലാറ്റുകളിലേക്ക‌് അതിക്രമിച്ച് കടക്കുക തുടങ്ങി അസാധാരണ സംഭവങ്ങളുടെ വിവരങ്ങൾ സെൻസർ പിടിച്ചെടുത്ത് അപ്പോൾത്തന്നെ കെെമാറും. കൂടാതെ മാലിന്യം നിക്ഷേപിക്കുന്ന ബിൻ നിറയുക, മാലിന്യം വലിച്ചെറിയുക, അനധികൃത പാർക്കിങ് തുടങ്ങിയ മേഖലകളിലും സാങ്കേതികവിദ്യ ഉപയോഗിക്കാം. പ്രോഗ്രാമിങ്ങിന് വിരുദ്ധമായ സംഭവവികാസങ്ങളുണ്ടായാൽ ഉടൻ ബന്ധപ്പെട്ടവർക്കും പൊലീസിനും സന്ദേശം ലഭിക്കും.
സിസിടിവിയിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്ന സോഫ്റ്റ‌് വെയർ സഹായത്തോടെ സർവറുമായി ബന്ധിപ്പിക്കും. സി –- ഡിറ്റിന്റെ ഹെൽപ്പ് ഡെസ്കിൽ ലഭിക്കുന്ന വിവരങ്ങൾ സംയോജിപ്പിച്ച‌് ലഭിക്കുന്ന സന്ദേശത്തിന്റെ വ്യാപ്തി കംപ്യൂട്ടർതന്നെ സ്വയം വിശകലനംചെയ്യും. സാധാരണ സിസിടിവി ദൃശ്യം പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കാൻ വേണ്ടിവരുന്ന സമയം ലാഭിക്കാനുമാകും. ക്യാമറയിലെ വിവരങ്ങൾ സെൻസർവഴി തിരിച്ചറിയുന്നതിലൂടെയാണ് ഇത് സാധ്യമാകുക. സന്ദേശത്തിന്റെ ലിങ്ക് എസ്എംഎസായി മൊബെെലിലും ലഭിക്കും.
from Kerala || Deshabhimani Online News http://bit.ly/2GQ9xqf
via IFTTT
No comments:
Post a Comment