മാവേലിക്കര> കർഷകരെ ദ്രോഹിക്കുന്ന ആസിയൻ കരാർ ഒഴിവാക്കുമോയെന്ന‌് രാഹുൽഗാന്ധി വ്യക്തമാക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ബിജെപിയും കോൺഗ്രസും തൊഴിലാളി ദ്രോഹത്തിൽ ഒരുപോലെയാണ‌്. കോർപ്പറേറ്റുകളോട‌് മമതയും സാമ്രാജ്യത്വത്തിന‌് കീഴടങ്ങാനുള്ള അഭിനിവേശവുമാണ‌് ഇവർക്ക‌്. അതുകൊണ്ടാണ‌് ബദൽ നയം അംഗീകരിക്കുന്നവർ അധികാരത്തിൽ വരേണ്ടത‌്.
രാഹുൽഗാന്ധി മത്സരിക്കാനൊരുങ്ങുന്ന വയനാട്ടിൽ 2016ന‌് മുമ്പ‌് അഞ്ഞൂറിലധികം കർഷകരാണ‌് ആത്മഹത്യ ചെയ‌്തത‌്. നിങ്ങൾ നടപ്പാക്കിയ നയം കൊണ്ടല്ലേ, ഞങ്ങളുടെ പ്രിയപ്പെട്ടവർ ആത്മഹത്യ ചെയ‌്തതെന്ന‌് വയനാട്ടുകാർ രാഹുൽഗാന്ധിയോട‌് ചോദിക്കും. കർഷകരെ ദുരിതത്തിലാക്കിയ ആസിയൻ കരാർ നടപ്പാക്കിയതാണ‌് കർഷക ആത്മഹത്യയിലേക്ക‌് നയിച്ചത‌്. പ്രധാനമന്ത്രി മൻമോഹൻസിങ‌് ഈ കരാർ നടപ്പാക്കുമ്പോൾ അതിന്റെ പിന്നിലെ ശക്തികേന്ദ്രമായിരുന്നു രാഹുൽഗാന്ധി . അത‌് തെറ്റായിപ്പോയെന്ന‌് പറയുമോ. കരാർ ഉപേക്ഷിക്കുമെന്ന‌് പറയുമോ. സംസ്ഥാനങ്ങളോട‌് അഭിപ്രായം ചോദിച്ചല്ല കരാർ നടപ്പാക്കിയത‌്. എല്ലാ കർഷകരെയും ദ്രോഹിക്കുന്നതായിരുന്നു ഈ കരാർ. ഞങ്ങൾ അന്ന‌് എതിർത്തപ്പോൾ വലിയ മെച്ചമെന്നായിരുന്നു കോൺഗ്രസ‌് പറഞ്ഞത‌്. എല്ലാവരുടെയും അനുഭവത്തിൽ അത‌് ദുരിതമായെന്ന‌് മനസിലായി.
കോൺഗ്രസും ബിജെപിയും തുടരുന്നത‌് ഒരേ നയം തന്നെയാണ‌്. ബിജെപിയെ അധികാരത്തിൽ നിന്ന‌് മാറ്റി അതേ നയം തുടരുന്ന ഒരു സർക്കാർ വരുന്നതുകൊണ്ടുകാര്യമില്ല, ജനങ്ങൾക്ക‌് ആശ്വാസം കിട്ടുകയും രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ബദൽ നയം നടപ്പാക്കുന്ന സർക്കാർ അധികാരത്തിൽ വരണം. ഇരുകൂട്ടരും തുടരുന്ന ഉദാരവൽക്കരണനയം രാജ്യത്തിന‌് ഗുണമാകില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ‌് പ്രചരണാർഥം മാവേലിക്കരയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തിലെ യുഡിഎഫ‌് മന്ത്രിസഭ അഴിമതി നിറഞ്ഞതായിരുന്നു. ജീർണതയുടെ രാഷ്ട്രീയമല്ലേ അക്കാലത്ത‌് സംസ്ഥാനത്തുണ്ടായത‌്. ആ ദുർഗന്ധമൊന്നും അവസാനിച്ചിട്ടില്ലല്ലോ. എൽഡിഎഫ‌് സർക്കാർ വന്നിട്ട‌് മൂന്നുവർഷമായി. ഇപ്പോൾ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ‌് കേരളമെന്ന‌് കേന്ദ്രസർക്കാരും അവരുടെ ഏജൻസികൾ തന്നെയും വ്യക്തമാക്കി. യുഡിഎഫ‌് സർക്കാർ പോലെ ജീർണതയുടെ ഒരംശമെങ്കിലും ഇപ്പോഴുണ്ടോ. ബദൽ നയം നടപ്പാക്കുന്ന ഒരു സർക്കാർ വരുന്നതുകൊണ്ടുള്ള മാറ്റമാണിത‌്. ഭരണകാര്യങ്ങളിൽ ഇവിടെ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു. എൽഡിഎഫ‌് സർക്കാർ വന്നപ്പോൾ നിരാശ മാറി പ്രത്യാശയായി.
നടപ്പാകില്ലെന്നു കരുതിയ ദേശീയപാതയും ജലപാതയും നടപ്പായി. 2020ൽ ജലപാതയുടെ ഒന്നാംഘട്ടം പൂർത്തിയാകും. തീരദേശ, മലയോര ഹൈവേ നടപ്പാക്കാൻ 10,000 കോടിരൂപയാണ‌് സർക്കാർ മാറ്റിവച്ചത‌്. ഇതല്ലേ മാറ്റം. തെരഞ്ഞെടുപ്പ‌് കഴിഞ്ഞാലുടൻ ഗെയിൽ പൈപ്പ‌് ലൈൻ നാടിന‌് സമർപ്പിക്കും. കൂടംകുളം വൈദ്യുതി ലഭിക്കാൻ 400 കെവി ലൈൻ വലിയ‌്ക്കണം. ഒരു ടവറിന്റെ കാര്യത്തിലുള്ള കോടതി സ‌്റ്റേ മാറിയാൽ വൈദ്യുതി യഥേഷ്ടം ലഭിക്കും. ഇങ്ങനെയൊക്കെ ഈ നാട‌് മാറുകയാണ‌്. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്ന പ്രശ‌്നം ഈ സർക്കാർ നേരിട്ടു. ചില വിദ്യാലയങ്ങൾ അടഞ്ഞുപോയി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയപ്പോൾ 3.41 ലക്ഷം കുട്ടികളാണ‌് പൊതുവിദ്യാലയങ്ങളിൽ വർധിച്ചത‌്.
ആരോഗ്യരംഗത്തും വീടുകൾ നിർമിക്കുന്നതിലുമുണ്ട‌് ഇതുപോലുള്ള മാറ്റം. ഈ സർക്കാർ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. ഇപ്പോൾ ഇരട്ടിയായി. ഒരു സർക്കാർ എന്നാൽ പാവങ്ങളോട‌് പ്രതിബദ്ധത വേണം. അതിൽ നിന്ന‌് മാറിപ്പോകുന്നതാണ‌് ഉദാരവൽക്കരണ നയം. അതിന്റെ ഗുണം പാവങ്ങൾക്കല്ല, അതിസമ്പന്നർക്കും കോർപറേറ്റുകൾക്കുമാണ‌്. അതിനാണ‌് ബദൽ നയത്തോടു കൂടിയ സർക്കാർ അധികാരത്തിൽ വരേണ്ടത‌്. അതിന‌് കേരളത്തിൽ നിന്ന‌് ഇടതുപക്ഷം ജയിച്ചുവരണം.
നേരത്തെ ഇതുപോലൊരു ഘട്ടമുണ്ടായിരുന്നു, 2004ൽ. വാജ‌്പേയി സർക്കാർ തുടർന്നാൽ രാജ്യത്തിന‌് ആപത്താണെന്ന‌് ജനം ഭയപ്പെട്ടു. അന്ന‌് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കാൻ കഴിയുന്ന കൂട്ടർ ഇടതുപക്ഷമാണെന്ന‌് മനസിലാക്കി. 20ൽ 18 സീറ്റിൽ ഇടതുപക്ഷത്തെ വിജയിപ്പിച്ചു. ഈ തെരഞ്ഞെടുപ്പിൽ അതിനേക്കാൾ കൂടിയ സാഹചര്യമാണ‌്. 18നേക്കാൾ കൂടിയ സീറ്റ‌് ലഭിക്കുന്ന അന്തരീക്ഷമാണ‌് കേരളത്തിലെന്നും പിണറായി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2UiyXVN
via IFTTT
No comments:
Post a Comment