മൂവാറ്റുപുഴ
ശബരി പാതയ്ക്കും മലയോര ഹൈവേയ്ക്കും വേണ്ടിയുള്ള ജനകീയ സമരങ്ങൾ, പൈനാപ്പിൾ കർഷകർക്ക് ആശ്രയമാകുന്ന പൈനാപ്പിൾ ബോർഡിനായുള്ള ഉറച്ച ശബ്ദം, മണ്ണിനെയും മനുഷ്യനെയും സംരക്ഷിക്കാൻ പാർലമെന്റിലും പുറത്തും നിരന്തരം ഇടപെട്ട ജനകീയ എംപിയെ മറക്കാനാകില്ലെന്ന് മൂവാറ്റുപുഴയിലെ കർഷകമനസ്സ്.
ഭൗമസൂചികാപദവി ലഭിച്ച പൈനാപ്പിളിന്റെ മണ്ണിൽ വ്യാഴാഴ്ച രണ്ടാംഘട്ട പൊതു പര്യടനത്തിനെത്തിയ ജോയ്സ് ജോർജിനെ വരവേൽക്കാനെത്തിയത് അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പെടെ ആയിരങ്ങളായിരുന്നു. പൈനാപ്പിളിനൊപ്പം റബറും മറ്റ് ഇതര കൃഷികളും വിളയുന്ന നാട്ടിൽ വികസനപ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനും തുടർച്ചയ്ക്കും ജോയ്സ് ജോർജിന്റെ വിജയം ഉറപ്പിക്കുന്നതായിരുന്നു ഓരോ സ്വീകരണകേന്ദ്രത്തിലെയും ജനസഞ്ചയം.
രാവിലെ 7.30ന് ആവോലി പഞ്ചായത്തിലെ കാവന പുളിക്കായത്ത് കടവിൽനിന്ന് ആരംഭിച്ച പര്യടനം ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കെ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസ് അധ്യക്ഷനായി. എൽദോ എബ്രാഹാം എംഎൽഎ, പി ആർ മുരളീധരൻ, ബാബു പോൾ, ഷൈസൺ പി മാങ്ങഴ എന്നിവർ സംസാരിച്ചു. തുടർന്ന് എലുവിച്ചിറ കോളനിയിൽ സ്ത്രീകളും കുട്ടികളും കണിക്കൊന്നപ്പൂക്കളും പൂച്ചെണ്ടുകളും പഴംനിറച്ച താലങ്ങളുമായി സ്ഥാനാർഥിയെ വരവേറ്റു. ഇലവുംകുന്നുംപുറം, നടുക്കര, വള്ളിക്കട ലക്ഷംവീട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആവോലി പഞ്ചായത്ത് കവലയിലെത്തിയ ജോയ്സിനെ മുൻ കോൺഗ്രസ് പ്രവർത്തകൻ എൺപതുകാരനായ വാഴപ്ലാംകുടി ജോൺചേട്ടൻ കെട്ടിപ്പിടിച്ച് വിജയം ആശംസിച്ചു. നാടിന്റെ വികസനത്തിനായ് ഇത്തവണ ഇടതുപക്ഷത്തിനൊപ്പമാണെന്ന് ജോൺചേട്ടൻ ഉറപ്പുനൽകി.
അടൂപറമ്പ്, കോട്ടപ്പുറം, കാനം കവല, കുരുപ്പത്തടം, കാട്ടുകണ്ടം കവല, നെല്ലിപ്പിള്ളി കവലയിലും ഉജ്വല സ്വീകരണമാണ് ലഭിച്ചത്. ഹോസ്റ്റൽ കവലയിൽ കർഷകത്തൊഴിലാളികളായിരുന്ന തട്ടാമ്പുറത്ത് കുറുമ്പ നെല്ലാൻ, അമ്മിണി ശിവൻ, വാത്യേകുടി അമ്മിണി കേശവൻ, വേങ്ങച്ചുവട്ടിൽ പത്മാവതി മാധവൻ എന്നിവർ വീട്ടുകാർക്കും പ്രവർത്തകർക്കുമൊപ്പമെത്തിയാണ് ജോയ്സിനെ ഇളനീർ നൽകി സ്വീകരിച്ചത്. ഇരു പഞ്ചായത്തകളുടെ അതിർത്തിയായ പെരിങ്ങഴ (മാറാടി)യിൽ ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വളമറ്റം കുഞ്ഞ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരും പ്രവർത്തകരും സ്ഥാനാർഥിയെ വരവേറ്റു.
.jpg)
പെരിങ്ങഴ പള്ളിത്താഴം, പെരുമ്പല്ലൂർ, കണ്ണങ്ങാടി മാളിക പീടികയിലും മനംനിറഞ്ഞ് സ്വീകരണം. വോട്ട് അഭ്യർഥനയ്ക്കൊപ്പം വിഷു, ഈസ്റ്റർ ആശംസ നേർന്ന് ജോയ്സിന്റെ ചെറുപ്രസംഗം. മേമടങ്ങിലെത്തിയപ്പോൾ ജോയ്സിന് വോട്ടഭ്യർഥിച്ച് എട്ടു വയസ്സുകാരി ജ്യോതിലക്ഷ്മിയുടെ തകർപ്പൻ പ്രസംഗം. തുടർന്ന് കുട്ടികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ നെറ്റിപ്പട്ടം നൽകി വരവേൽപ്പ്. മാറിക കവലയിൽ വീട്ടമ്മമാരുടെ സ്വീകരണം. പണ്ടപ്പിള്ളിയിൽ ഭക്ഷണവും വിശ്രമവും.
തുടർന്ന് മൂങ്ങാംകുന്നിൽ മുത്തുക്കുടകളുമായി പ്രവർത്തകർ പാലക്കുഴ പഞ്ചായത്തിലേയ്ക്ക് വരവേറ്റു. എൽഡിഎഫ് പ്രവർത്തകരായ ഫാ. പോൾ തോമസ് പീച്ചിയിലും ഫാ. ബിജു തോമസ് ചക്രവേലിലും പര്യടനത്തിനാപ്പം ചേർന്നു. പുളിഞ്ചോട്, ഇല്ലിക്കുന്ന്, വാലം പാറയും കഴിഞ്ഞ് കണ്ണാത്തുകുഴിത്താഴത്ത് എത്തിയപ്പോൾ ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ വിജയാശംസ. മൂന്നാംമൈലിൽ പ്രദേശവാസികളുടെ സ്വീകരണം. മാറിക ടൗണിലും സെൻട്രൽ പാലക്കുഴയിലും ഉജ്വല സ്വീകരണം.
മാറാടി, വാളകം പഞ്ചായത്തുകളിലെ പര്യടനത്തിനുശേഷം കടാതി പള്ളിത്താഴത്ത് വൻ ജനാവലിയുടെ സ്വീകരണത്തോടെ പര്യടനം സമാപിച്ചു. മൂവാറ്റുപുഴ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം 10ന് മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിൽ നടക്കും.
ആവേശം കത്തിക്കാൻ ജ്യോതിലക്ഷ്മിയും
മൂവാറ്റുപുഴ
ഏഴാം ക്ലാസുകാരി ജ്യോതിലക്ഷ്മിയുടെ ഉശിരൻ പ്രസംഗം: ‘നാടിന്റെ നന്മയ്ക്ക് ജോയ്സ് ജോർജിനെ വിജയിപ്പിക്കണം. കുട്ടികളുടെയും വനിതകളുടെയും സുരക്ഷയ്ക്ക് ഇടതുപക്ഷത്തിനെ വിജയിപ്പിയ്ക്കണം നാടിന്റെ വികസനത്തിനൊപ്പം നിന്ന ജോയ്സിന് വോട്ട് നൽകണം’ ബാലസംഘം പ്രവർത്തകകൂടിയായ ജ്യോതിലക്ഷ്മി ആരക്കുഴ പഞ്ചായത്തിലെ സ്വീകരണകേന്ദ്രങ്ങളിലാണ് കത്തിക്കയറിയത്. പ്രസംഗത്തിനൊടുവിൽ കരഘോഷം. സ്ഥാനാർഥിയെത്തി അഭിവാദ്യം ചെയ്തതോടെ ജ്യോതിലക്ഷ്മി അടുത്ത കേന്ദ്രത്തിലേക്ക്. എൽഡിഎഫ് പ്രവർത്തകരായ പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ഷിനോബിയുടെയും ഗീതുവിന്റെയും മകളാണ്. അഞ്ചുവയസ്സുമുതൽ സമ്മേളനവേദികളിൽ ജ്യോതിലക്ഷ്മി പ്രസംഗത്തിൽ സജീവമാണ്.
.jpg)
‘ജോയ്സിനൊപ്പം ഞാനുമുണ്ട്’
മൂവാറ്റുപുഴ
‘ഇത്തവണ ജോയ്സിനൊപ്പ’മെന്ന് മുൻ കോൺഗ്രസ് പ്രവർത്തകൻ ജോൺചേട്ടൻ. ആവോലിയിൽ സ്വീകരിക്കാനെത്തിയ എൺപതുകഴിഞ്ഞ വാഴപ്ലാംകുടി ജോൺചേട്ടൻ ജോയ്സ് ജോർജിനെ നെഞ്ചോടു ചേർത്ത് പറഞ്ഞു ‘ഞാനും ഒപ്പമുണ്ട്’. നാടിന്റെ വികസനത്തിൽ കർഷകർക്കൊപ്പം, നാട്ടുകാർക്കൊപ്പംനിന്ന ജോയ്സ് ജോർജിനും ഇടതുപക്ഷത്തിനുമാണ് ഇത്തവണ വോട്ട്.
പതിറ്റാണ്ടുകളായി കോൺഗ്രസ് പ്രവർത്തകനായിരുന്ന ജോൺചേട്ടൻ ആവോലി പഞ്ചായത്തിലെ 120–-ാം എൽഡിഎഫ് ബൂത്ത് കൺവൻഷനിൽ പങ്കെടുത്ത് പ്രവർത്തകർക്കൊപ്പം സജീവമാണ്.
.jpg)
വെള്ളാരംകുത്തിലെ ‘രാജപാത’
ഷിജോ എബ്രഹാം
കോതമംഗലം
പൂയംകുട്ടിപ്പുഴയിലെ ചപ്പാത്ത് കടന്നാൽ മണികണ്ഠൻചാലായി. വെള്ളാരംകുത്ത് ആദിവാസി കുടിയിലേക്കുള്ള വഴിയാരംഭിക്കുന്നിടം. ടാർ പൊളിഞ്ഞ് കുണ്ടുംകുഴിയുമായി ആകെ തകർന്ന റോഡായിരുന്നു ഒരുവർഷം മുമ്പുവുരെ ആദിവാസികളുടെയും കുടിയേറ്റ കർഷകരുടെയും ആശ്രയം. ഇപ്പോൾ ഒന്നര കിലോമീറ്ററിലധികം ടൈലുകൾ വിരിച്ച് ഉറപ്പും ഭംഗിയുമുള്ളതാക്കിയ റോഡിലൂടെ സുഗമമായി സഞ്ചരിക്കാം.
ആദിവാസി കോളനികളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വഴിയൊരുക്കിയതാകട്ടെ എൽഡിഎഫ് സർക്കാരും.
കുട്ടമ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് വെള്ളാരംകുത്ത് ആദിവാസി കുടി. അരയൻ, മുതുവാൻ, ഉള്ളാടൻ വിഭാഗത്തിലെ 195 കുടുംബങ്ങൾ. ഇവിടെ അങ്കണവാടിയും സാമൂഹ്യപഠനമുറിയും ലൈബ്രറിയുമായി. മണികണ്ഠൻചാൽമുതൽ വെള്ളാരംകുത്തുവരെ റോഡിൽ സർക്കാരിന്റെ കോർപസ് ഫണ്ട് മുഖേന 1.18 കോടി രൂപ ചെലവിലാണ് ടൈൽ വിരിച്ചത്. വശങ്ങൾ ഇടിഞ്ഞ് പൊളിയാതിരിക്കാൻ കോൺക്രീറ്റിങും നടത്തി.
റോഡിൽ കലുങ്ക് നിർമിക്കാൻ കെ ചന്ദ്രൻപിള്ള രാജ്യസഭാ എംപിയായിരുന്ന സമയത്ത് 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. കോളനിയിൽ ആധുനിക സംവിധാനത്തോടെ അങ്കണവാടി നിർമിക്കാൻ 14 ലക്ഷം രൂപ അനുവദിച്ചത് സി പി നാരായാണൻ എംപിയായിരുന്നപ്പോഴാണ്. കോളനിയിൽ കുടിവെള്ളപദ്ധതിയും സ്ഥാപിച്ചു.
കഴിഞ്ഞവർഷം പട്ടികവർഗവകുപ്പ് നിർമിച്ച സാമൂഹ്യ പഠനമുറി ആദിവാസി കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. എല്ലാ ദിവസവും വൈകിട്ട് നാലുമുതൽ എട്ടുവരെയാണ് കുട്ടികളുടെ ഒത്തുചേർന്നുള്ള പഠനം. സ്വയാർജിത അറിവുകൾ പങ്കുവയ്ക്കുന്നതോടൊപ്പം പാഠഭാഗങ്ങളിലെ സംശയം തീർക്കാൻ ഇൻസ്ട്രക്ടറെയും സർക്കാർ നിയമിച്ചു.
അധ്യയനകാലത്ത് ദിവസവും 40 കുട്ടികളാണ് സാമൂഹ്യ പഠനമുറിയിലെത്തുന്നത്. 2015ൽ സ്ഥാപിതമായ ലൈബ്രറിയിൽ ഇപ്പോൾ 2100 പുസ്തകങ്ങളും നിരവധി പത്രങ്ങളുമുണ്ട്. നിർമാണം മുടങ്ങിയ നിരവധി വീടുകൾ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ശ്രമഫലമായി വെള്ളാരംകുത്തിൽനിന്ന് എറണാകുളത്തേക്കും കോതമംഗലം ഉൾപ്പെടെ മറ്റു പ്രദേശങ്ങളിലേക്കും കെഎസ്ആർടിസി സർവീസും തുടങ്ങാനായി.
from Kerala || Deshabhimani Online News http://bit.ly/2TZ0FBI
via IFTTT
No comments:
Post a Comment