ചെങ്ങന്നൂർ > കെ സുരേന്ദ്രൻ മത്സരിക്കുന്ന പത്തനംതിട്ടയിലേക്ക‌് മാവേലിക്കര മണ്ഡലത്തിലെ ബിജെപി﹣-ആർഎസ‌്എസ‌് പ്രവർത്തകർ കൂട്ടത്തോടെ പോയത‌് ബിഡിജെഎസ‌് സ്ഥാനാർഥിയുടെ പ്രചാരണം അവതാളത്തിലാക്കി. ബിഡിജെഎസ‌് തങ്ങളുടെ അതൃപ‌്തി ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട‌്. യുഡിഎഫ‌് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനുവേണ്ടിയുള്ള കോൺഗ്രസ‌്﹣- ബിജെപി ധാരണയാണിതിന‌് പിന്നിലെന്നാണ‌് ആക്ഷേപം.
കഴിഞ്ഞതവണ ബിജെപി 80,000ത്തോളം വോട്ടുപിടിച്ച സീറ്റാണ‌് ബിഡിജെഎസിന‌് കൈമാറിയത‌്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലത്തിൽ തോറ്റ തഴവ സഹദേവനെയാണ‌് ഏറെ വൈകി കളത്തിലിറക്കിയത‌്. സീറ്റ‌് വിട്ടുകൊടുത്ത ബിജെപി നിലപാട‌് ദളിതരോടുള്ള വഞ്ചനയെന്നായിരുന്നു അവരുടെ മുതിർന്ന നേതാവ‌് ആദ്യം പ്രതികരിച്ചത‌്. പിന്നീട‌് നേതൃത്വം ഇടപെട്ടതോടെ എതിർപ്പ‌് ഉയർന്നില്ല. ബിഡിജെഎസിന‌് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ ബിജെപിയും ആർഎസ‌്എസും സഹായിക്കുമെന്ന ഉറപ്പിലാണ‌് തഴവ സഹദേവൻ സ്ഥാനാർഥിയായത‌്. എന്നാൽ പ്രചാരണത്തിന‌് ബൂത്തുകളിൽ ആളില്ലാത്ത അവസ്ഥയാണുള്ളത‌്. ഇതൊടെ ആദ്യഘട്ട പ്രചാരണം ഏറെ വൈകി. എൽഡിഎഫും യുഡിഎഫും രണ്ടാംഘട്ട പ്രചാരണത്തിലേക്ക‌് കടന്നപ്പോഴാണ‌് തഴവ സഹദേവൻ മണ്ഡലത്തിൽ ഇറങ്ങുന്നത‌്.
ചെങ്ങന്നൂർ, ചങ്ങനാശേരി, കൊട്ടാരക്കര, മാവേലിക്കര പ്രദേശങ്ങളിൽനിന്നാണ‌് കൂടുതൽപേരെ പത്തനംതിട്ടയിലേക്ക‌് നിയോഗിച്ചത‌്. വീടുകയറി വർഗീയ പ്രചാരണം നടത്താൻതന്നെയാണ‌് നിർദേശം. കെ സുരേന്ദ്രന‌് നൽകുന്ന ഓരോ വോട്ടും ശബരിമല ചവിട്ടുന്നതിന‌് തുല്യമാണെന്നുവരെ പ്രചാരണമുണ്ട‌്. ഇതോടെ തഴവ സഹദേവന്റെ പ്രചാരണം ബിഡിജെഎസിന്റെ മാത്രം തലയിലായി. ബിജെപി﹣-ആർഎസ‌്എസ‌് പ്രവർത്തകർ പത്തനംതിട്ടയിൽ പ്രചാരണത്തിന‌് പോയിട്ടുണ്ടെന്ന‌് മണ്ഡലം ചുമതലയുള്ള ബിഡിജെഎസ‌് നേതാവ‌് തുറന്നുസമ്മതിച്ചു.
ബിഡിജെഎസിന‌് മാവേലിക്കര സീറ്റ‌് കൈമാറിയത‌് യുഡിഎഫ‌്﹣-ബിജെപി രഹസ്യധാരണയുടെ ഭാഗമാണെന്ന‌് തുടക്കംമുതൽ എൽഡിഎഫ‌് ഉന്നയിക്കുന്നുണ്ട‌്. അത‌് ശരിവയ‌്ക്കുന്ന തരത്തിലാണ‌് പ്രചാരണം മുന്നോട്ടുപോകുന്നത‌്. ആളും അനക്കവുമില്ലാതെ തഴവയുടെ പര്യടനത്തിന‌് മണ്ഡലത്തിലെങ്ങും ഒരു ചലനവും സൃഷ‌്ടിക്കാനായിട്ടില്ല. മണ്ഡലത്തിൽ വികസനം കൊണ്ടുവരാത്തതിലും പ്രളയത്തിൽ തിരിഞ്ഞുനോക്കാത്തതിലും നിലവിലെ എംപിയായ കൊടിക്കുന്നിൽ സുരേഷിനെതിരെ ജനങ്ങൾക്കിടയിൽ അമർഷം പുകയുകയാണ‌്. ഇതൊന്നും ആയുധമാക്കാതെയുള്ള എൻഡിഎയുടെ പ്രചാരണം നരേന്ദ്രമോഡിയെ പുകഴ‌്ത്തൽ മാത്രമായി. കൊടിക്കുന്നിലിനെതിരെ ഒന്നും മിണ്ടാത്തത‌് ഇതിനകം ചർച്ചയായിട്ടുണ്ട‌്.
2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പി സുധീറിന‌് പോസ്റ്റൽ വോട്ട‌് ഉൾപ്പെടെ 79,743 വോട്ടാണ‌് കിട്ടിയത‌്. ചങ്ങനാശേരി 9,239, കുട്ടനാട‌് 8,739, മാവേലിക്കര 13,067, ചെങ്ങന്നൂർ 15,716, കുന്നത്തൂർ 11,902, കൊട്ടാരക്കര 11,785, പത്തനാപുരം 9,218 എന്നീ ക്രമത്തിലായിരുന്നു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുനില. കഴിഞ്ഞ തവണ കിട്ടിയ വോട്ട‌് നിലനിർത്താനുള്ള പ്രവർത്തനംപോലും എങ്ങുമില്ല. എൻഡിഎ സഖ്യത്തിന്റെ ഭാഗമായതിനാൽ ഇതൊന്നും പരസ്യമായി പ്രകടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണ‌് ബിഡിജെഎസ‌് നേതൃത്വം.
from Kerala || Deshabhimani Online News http://bit.ly/2X2E1KH
via IFTTT
No comments:
Post a Comment