കോട്ടയം
സ്ഥാനാർഥിയുടെ വരവിന്റെ അറിയിപ്പുമായി വാഹനം വന്നു. ഇതോടെ വഴിയരികിലും വീടുകളുടെ വരാന്തയിലും മുറ്റത്തുമായി സ‌്ത്രീകളടക്കമുള്ളവർ കാത്തുനിൽക്കുന്നു. പിന്നാലെ തുറന്ന വാഹനത്തിൽ വി എൻ വാസവൻ വരുന്നു. കാത്തുനിന്നവർ നിറഞ്ഞ ചിരിയുമായി വാസവനെ അഭിവാദ്യം ചെയ്യുന്നു. കൈ വീശി പ്രത്യഭിവാദ്യം. വോട്ടും മനസ്സും വാസവനൊപ്പമെന്ന‌് അറിയിച്ച‌് ഓരോരുത്തരും വീണ്ടും അഭിവാദ്യം ചെയ്യുന്നു. ഇത‌് സ്ഥാനാർഥി പര്യടനത്തിലെ സ്വീകരണ കേന്ദ്രങ്ങളിലേക്ക‌് എത്തും മുമ്പുള്ള കാഴ‌്ച.
കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ടാംഘട്ട പൊതുപര്യടനത്തിന്റെ ആവേശചിത്രമാണിത‌്. സ്വീകരണ കേന്ദ്രങ്ങളും ആവേശക്കടലായി മാറി. തീപോലെ നിന്ന വെയിലിനെ കൂസാതെയായിരുന്നു ഉച്ചയ‌്ക്കു മുമ്പ‌് വരെ ഓരോയിടത്തേയും സ്വീകരണം. ഉച്ചകഴിഞ്ഞപ്പോൾ പെയ‌്ത മഴയ‌്ക്കും ആവേശ സൂര്യനെ മറയ‌്ക്കാനായില്ല. ഏറ്റുമാനൂരിൽ എല്ലായിടത്തും നെഞ്ചോട‌് ചേർക്കുകയായിരുന്നു വാസവനെ.

ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, നീണ്ടൂർ, അയ‌്മനം, ആർപ്പൂക്കര, തിരുവാർപ്പ‌്, കുമരകം പഞ്ചായത്തുകളിലായിരുന്നു പര്യടനം. കറ്റോട‌് കവലയിൽനിന്ന‌് തുടക്കം. കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ അഡ്വ. വി കെ സത്യവാൻ നായർ പര്യടനം ഉദ്ഘാടനം ചെയ്തു. അനശ്വര രക്തസാക്ഷി ബാബു ജോർജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ‌് വാസവൻ ബുധനാഴ‌്ചത്തെ പര്യടനം ആരംഭിച്ചത‌്. സ‌്ത്രീകളടക്കം നൂറുകണക്കിനാളുകൾ അണിനിരന്ന ഉജ്വല വരവേൽപ്പാണ‌് സ്ഥാനാർഥിക്ക‌് നൽകിയത‌്. സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് ടി ജി വിജയകുമാർ വാസവന‌് പിന്തുണയറിയിച്ച‌് സ്വീകരിക്കാനെത്തി. അടുത്ത സ്വീകരണ കേന്ദ്രങ്ങളിൽ കരകാട്ടത്തോടെയായിരുന്നു വരവേൽപ്പ‌്. എല്ലായിടത്തും സ‌്ത്രീകളുടെ വൻ പങ്കാളിത്തം. ചില കേന്ദ്രങ്ങളിൽ ചെണ്ടമേളം അകമ്പടിയായി. അതിരമ്പുഴയിൽ ഹൃദ്യമായ സ്വീകരണമായിരുന്നു. ഇൻഡസ‌്ട്രിയൽ എസ‌്റ്റേറ്റിൽ ഏത്തക്കുലയും പ ഴക്കുലയും നൽകിയായിരുന്നു വരവേൽപ്പ‌്. ഓണംതുരുത്തിൽ പട്ടുക്കുടയുമായെത്തിയാണ‌് സ്വീകരിച്ചത‌്. യൂണിവേഴ‌്സിറ്റി, മെഡിക്കൽ കോളേജ‌്, പരിപ്പ‌് തുടങ്ങിയയിടങ്ങളിലും ഉജ്വല വരവേൽപ്പായിരുന്നു. കുമരകം പഞ്ചായത്തിലെ ആശാരിമറ്റം കോളനിയിലാണ‌് സമാപനം.
ഏറ്റുമാനൂരിൽ ടി വി ബിജോയി, അതിരമ്പുഴയിൽ പി എൻ സാബു, നീണ്ടൂരിൽ ബാബു ജോർജ‌്, അയ‌്മനത്ത‌് ആർ പ്രമോദ‌് ചന്ദ്രൻ, പി കെ മണി, ആർപ്പൂക്കരയിൽ ടി ടി മാത്യു, തിരുവാർപ്പ‌് ചെങ്ങളം പുതുശേരിയിൽ എം ആർ മനോജ‌്, കുമരകത്ത‌് കെ എസ‌് സലിമോൻ എന്നിവർ സ്ഥാനാർഥിയെ സ്വീകരിച്ചു. എൽഡിഎഫ‌് നേതാക്കളായ കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ, ടി ആർ രഘുനാഥൻ, കെ എൻ രവി, അയ‌്മനം ബാബു, എം എസ‌് സാനു, അഡ്വ. കെ അനിൽകുമാർ, കെ എൻ വേണുഗോപാൽ, അഡ്വ. വി ജയപ്രകാശ‌് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
നഗരം യുവസാഗരം
കോട്ടയം
നഗരത്തെ ഉത്സവഛായയിൽ മുക്കി എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ പ്രചാരണാർഥം വിദ്യാർഥികളും യുവജനങ്ങളും പങ്കെടുത്ത റോഡ‌് ഷോ ആവേശമായി. കൊട്ടിക്കലാശത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വി എൻ വാസവന്റെ ജനകീയത വിളിച്ചോതി നടത്തിയ പരിപാടി നഗരത്തെ ത്രസിപ്പിച്ചു.
അപ്രതീക്ഷിതമായ മഴമൂലം മൂടിയ അന്തരീക്ഷത്തിനും യുവജനങ്ങളുടെ ആവേശം തണുപ്പിക്കാനായില്ല. നാഗമ്പടത്ത‌് ആരംഭിച്ച റോഡ‌് ഷോയിൽ വാദ്യമേളങ്ങളും നിശ‌്ചല ദൃശ്യവും കലാരൂപങ്ങളും അണിനിരന്നു. യുവാക്കളും യുവതികളും ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. കെ കെ റോഡിലൂടെ മുന്നോട്ടുനീങ്ങിയ പ്രകടനത്തിൽ അണിനിരന്നവരെല്ലാം വി എൻ വാസവന്റെ ചിത്രം പതിച്ച വെളുത്ത ടീഷർട്ട‌് അണിഞ്ഞിരുന്നു. അരിവാൾ–-ചുറ്റിക–-നക്ഷത്രം ആലേഖനം ചെയ‌്ത പടുകൂറ്റൻ ബാനർ ആകർഷകമായി. “വിദ്യാർഥികൾ വാസവനൊപ്പം’ എന്നെഴുതിയ വലിയ ബാനറും അവർ ഉയർത്തിയിരുന്നു. ആയിരക്കണക്കിനു വരുന്ന യുവജനം ഒറ്റ സംഘമായി സെൻട്രൽ ജങ‌്ഷനിലേക്ക‌് ഒഴുകിയപ്പോൾ റോഡിന്റെ വശങ്ങളിൽ കാഴ‌്ചക്കാർ നിരന്നു. വി എൻ വാസവന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചായിരുന്നു റോഡ‌് ഷോ. പൂത്തിരിയും മത്താപ്പൂമെല്ലാം പ്രകടനത്തിന‌് കൊഴുപ്പേകി. ഉത്തരേന്ത്യൻ വേഷവും തലപ്പാവുമണിഞ്ഞ നാസിക‌് ധോൽ സംഘം, പരുന്ത‌്, തെയ്യം രൂപങ്ങൾ, ചെണ്ടമേളം, നൃത്തം –- ആകെ ഉത്സവപ്രതീതിയിൽ നടത്തിയ റോഡ‌് ഷോ തിരുനക്കരയിൽ സമാപിച്ചു.

മഴയിലും ചോർന്നില്ല ആവേശം
കോട്ടയം
ബുധനാഴ‌്ച പെയ‌്ത മഴയിലും ആവേശം ചോർന്നില്ല. വി എൻ വാസവൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ടാംഘട്ട പര്യടനത്തിലാണ‌് മഴയെയും വെല്ലുന്ന ആവേശം ദൃശ്യമായത‌്. തച്ചേട്ട‌്പറമ്പ‌് കോളനിയിലെ സീകരണത്തിനിടെയാണ‌് മഴ ചാറിത്തുടങ്ങിയത‌്. മഴ കനത്തിട്ടും ജനങ്ങൾ കാത്തുനിന്നു. തുടർന്ന‌് പര്യടനം പ്രാവട്ടത്തെത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങൾ സ്ഥാനാർഥിയെ ഹൃദ്യമായി വരറ്റേു. പഴങ്ങളടങ്ങിയ കുട്ടയും സമ്മാനിച്ചു. അതിരമ്പുഴ ടൗൺ, യൂണിവേഴ‌്സിറ്റി, മെഡിക്കൽ കോളേജ‌് എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2GtcKeV
via IFTTT
No comments:
Post a Comment