ചെറുതോണി
ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് ചരിത്ര വിജയത്തിനരികെയാണെന്നും ജനങ്ങൾ ഒറ്റക്കെട്ടായി അഭിമാനോജ്വലമായ സുനിശ്ചിത വിജയം നൽകുമെന്നും ഇടുക്കിയിൽ ചേർന്ന എൽഡിഎഫ് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി വിലയിരുത്തി.
മണ്ഡലത്തിലെ 1305 ബൂത്തുകൾ കേന്ദ്രീകരിച്ച് നടന്നുവന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു എൽഡിഎഫ്. ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും ജോയ്സ് ജോർജ് ജയിക്കേണ്ടതിന്റെ ആവശ്യകതയും വോട്ടർമാരിലേക്ക‌് എത്തിക്കാൻ കഴിഞ്ഞതായി ഭാരവാഹികളായ മന്ത്രി എം എം മണി, കെ കെ ശിവരാമൻ, ഗോപി കോട്ടമുറിക്കൽ, കെ കെ ജയചന്ദ്രൻ എന്നിവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസത്തെ പ്രവർത്തനങ്ങളും ക്രമീകരണങ്ങളും യോഗം വിലയിരുത്തി. ഏഴ‌് അസംബ്ലി നിയോജക മണ്ഡലങ്ങളിലും ജോയ്സ് ജോർജ് വൻ ഭൂരിപക്ഷം നേടും. ജോയ്സ് ജോർജിനെ ജയിപ്പിച്ചതിലൂടെ കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിലുണ്ടായ മാറ്റം ഓരോ വോട്ടർമാർക്കും നേരിട്ടറിയാവുന്നതാണ്. ഒരു പ്രാവശ്യംകൂടി ജോയ്സ് ജോർജിന് നൽകിയാൽ ഇടുക്കി മണ്ഡലം ബഹുദൂരം മുന്നേറുമെന്നും പിന്നോക്ക മണ്ഡലമെന്ന ദുഷ‌്പേര‌് മാറ്റി വികസന കുതിപ്പിലേക്ക‌് നാടിനെ നയിക്കുമെന്നും ജനങ്ങൾക്കാകെ ബോധ്യപ്പെട്ടുകഴിഞ്ഞു.
മുൻ എംപിമാരായ സി എം സ്റ്റീഫൻ, പാലാ കെ എം മാത്യു, പി ജെ കുര്യൻ, എ സി ജോസ്, പി സി ചാക്കോ, പി ടി തോമസ് എന്നിവർ നമുക്കുവേണ്ടി പാർലമെന്റിൽ ശബ്ദിക്കുകയോ നിലവാരമുള്ള ഒരു റോഡെങ്കിലും നാട്ടിൽ കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്ന കയ‌്പേറിയ ദുരനുഭവം ജനങ്ങൾ മറന്നിട്ടില്ല. ജോയ്സ് ജോർജ് മിടുക്കനാണെന്നും കഴിവ് തെളിയിച്ചുകഴിഞ്ഞുവെന്നും വിലയിരുത്തിയ ജനങ്ങൾ ഒറ്റക്കെട്ടായി വോട്ട് ചെയ്യും. ഗാഡ്ഗിൽ–- കസ്തൂരിരംഗൻ കമീഷനുകളെ കൊണ്ടുവന്ന കോൺഗ്രസിനെതിരെ കർഷകരുടെ പ്രതിഷേധം വോട്ടിലൂടെ വീണ്ടും രേഖപ്പെടുത്തും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽനിന്ന് ജനങ്ങളെ രക്ഷിച്ചത് ജോയ്സ് ജോർജാണെന്നും അന്തിമ വിജ്ഞാപനം വരുംവരെ ജോയ്സ് ജോർജ് എംപിയായി ഡൽഹിയിൽ ഉണ്ടാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു. നുണ പ്രചാരണം നടത്തിയവർക്കും വ്യക്തിഹത്യ ചെയ്തവർക്കുമെതിരെ സംസ്കാരമുള്ള ജനങ്ങളുടെ പ്രതിഷേധം കൂടിയാവും വോട്ടെടുപ്പ്.
ഈ നാടിനൊന്നാകെ ജയിക്കാൻ മണ്ഡലത്തിലെ ഓരോരുത്തരുടെയും വോട്ടുകൊണ്ട് കഴിയും. ജോയ്സിന് നൽകുന്ന ഓരോ വോട്ടും വിശ്വസ‌്തതയ‌്ക്കുള്ള അംഗീകാരവും മതേതര സർക്കാരിന‌് വേണ്ടിയുള്ള പിന്തുണയാണെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫിന്റെ ഭാഗത്തുനിന്നും എന്തെല്ലാം പ്രകോപനം ഉണ്ടായാലും പൂർണമായ സംയമനത്തോടെ സമാധാനപരമായി തെരഞ്ഞടുപ്പ് നടപടികൾ അവസാനിക്കുംവരെ ഇടതുപക്ഷ പ്രവർത്തകർ അത്യന്തം ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എൽഡിഎഫ് നേതാക്കൾ അഭ്യർഥിച്ചു.
ഇടുക്കിയിൽ 12,03,258 പേർ വിധിയെഴുതും
ഇടുക്കി
ഇടുക്കി മണ്ഡലത്തിൽനിന്നുള്ള പാർലമെന്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സമ്മതിദായകർ ചൊവ്വാഴ‌്ച വിധിയെഴുതും. രാവിലെ ഏഴ‌് മുതൽ വൈകിട്ട് ആറ‌് വരെ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാർക്കായി പ്രത്യേക ബൂത്തുകളും ഒരുക്കിയിട്ടുണ്ട‌്.കൂടാതെ ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കും അവശർക്കും ക്യൂവിൽ നിൽക്കാതെ വോട്ട് ചെയ്യാം. ഇടുക്കി ലോക‌്സഭാ മണ്ഡലത്തിൽ 12,03,258 വോട്ടർമാരാണുള്ളത്.
5,98,891 പുരുഷൻമാരും 6,04,364 സ്ത്രീകളും മൂന്ന‌് ട്രാൻസ്ജെൻഡറും. മൂവാറ്റുപുഴ 1,79,731, കോതമംഗലം 1,61,824, ഉടുമ്പൻചോല- 1,61,001, ദേവികുളം 1,68,816, തൊടുപുഴ- 1,83,871, ഇടുക്കി- 1,81,212, പീരുമേട്- 1,66,803 എന്നിങ്ങനെയാണ‌് വോട്ടർമാരുടെ നിയമസഭാ മണ്ഡലം തിരിച്ചുള്ള എണ്ണം. ശാരീരിക വിഷമതകളുള്ള 3655 വോട്ടർമാരുമുണ്ട‌്.
ഇവരെ ബൂത്തുകളിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തി. 1,305 പോളിങ‌് സ‌്റ്റേഷനുകളാണ് ജില്ലയിലുള്ളത്.
തൊടുപുഴ 208, ഇടുക്കി 196, പീരുമേട് 203, ഉടുമ്പൻചോല 193, ദേവികുളം 195, കോതമംഗലം -157, മൂവാറ്റുപുഴ -153 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ബൂത്തുകളുടെ എണ്ണം. ആറ് മാതൃകാ പോളിങ‌് സ്റ്റേഷനുകളും കട്ടപ്പന, തൊടുപുഴ നഗരസഭകളിൽ വനിതാ പോളിങ‌് ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന അഞ്ച് വീതം പോളിങ‌് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട‌്. പ്രശ്ന ബാധിത ബൂത്തുകളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന വെബ് കാസ്റ്റിങ‌് സൗകര്യവും ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിനായി 4724 പോളിങ‌് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് 107 സെക്ടറൽ ഓഫീസർമാർ, അഞ്ച് സോണൽ മജിസ്‌ട്രേറ്റുമാർ എന്നിവരെയും നിയമിച്ചു. ഇലക്‌ട്രോണിക് കോ -ഓപ്പറേഷൻ ഓഫ് ഇന്ത്യയുടെ എൻജിനിയർമാരുമുണ്ട‌്. രണ്ട് യൂണിറ്റ് വോട്ടിങ് മെഷീൻ അധികമായി അനുവദിച്ചു. ഓരോ മണിക്കൂറിലും പോളിങ‌് റിപ്പോർട്ടുകൾ അറിയിക്കാൻ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പോൾ മാനേജർ എന്ന സോഫ്റ്റ്‌വെയറും വികസിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ‌്ച രാവിലെ എട്ട് മുതൽ എല്ലാ നിയോജക മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങൾ വഴി പോളിങ‌് സാമഗ്രികൾ അതാത് ബൂത്തുകളിലേക്ക് എത്തിച്ചിരുന്നു. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ, കോതമംഗലം എം എ കോളേജ്, തൊടുപുഴ- ന്യൂമാൻ കോളേജ്, ദേവികുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാർ, ഇടുക്കി എംആർഎസ് പൈനാവ്, ഉടുമ്പൻചോല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ നെടുങ്കണ്ടം, പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ കുട്ടിക്കാനം എന്നിവിടങ്ങളിൽനിന്നാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്തത്.
from Kerala || Deshabhimani Online News http://bit.ly/2KXcIAs
via IFTTT
No comments:
Post a Comment