കോട്ടയം
സാമൂഹ്യ ജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും വേരാഴ്ന്നുനിൽക്കുന്ന വൻമരം പോലെയാണ് എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ. പ്രളയകാലത്തും ദുരന്തമുഖങ്ങളിലും പതറാത്ത ഈ കർമോത്സുകത, കാരുണ്യ പ്രവർത്തനം മുതൽ രാഷ്ട്രീയ രംഗം വരെ അസംഖ്യം ശാഖകളിലായി പടർന്നുനിൽക്കുന്ന പൊതുജീവിതം.
തേടിയെത്തുന്നവർക്കെല്ലാം തണൽ നൽകുന്ന നന്മമരം. കടലില്ലാത്ത നാട്ടകത്ത് തുറമുഖം നിർമിച്ച് കോട്ടയം എംഎൽഎ ആയിരുന്ന കാലത്ത് പ്രകടമാക്കിയ വികസന കാഴ്ചപ്പാടുകൾ. റബറിന്റെ ഈറ്റില്ലമായ ഈ നാട്ടിൽ റബ്കോ സ്ഥാപക ഡയറക്ടറായുള്ള പ്രവർത്തനം. ഇങ്ങനെ ഏറെ സവിശേഷതകൾ നിറഞ്ഞ വ്യക്തിത്വമാണ് രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷത്തിന്റെ കരുത്തായി കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന വി എൻ വാസവന്റേത്.
വൻ സ്വീകാര്യതയാണ് ഇടതുപക്ഷത്തിനും സ്ഥാനാർഥിക്കും കൈവരിക്കാനായത്. ‘വർഗീയത വീഴും, വികസനം വാഴും’ എന്ന മുദ്രാവാക്യം ജനഹൃദയങ്ങളിൽ പതിഞ്ഞുകഴിഞ്ഞു.
സംഘപരിവാറിനും വർഗീതയ്ക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും ഒരിക്കലും ബിജെപിയിലേക്ക് കാലുമാറാത്ത ഉറച്ച നിലപാടും, സ്വന്തം സുഖലോലുപതയ്ക്കായി മണ്ഡലത്തെ അനാഥമാക്കില്ലെന്ന വി എൻ വാസവന്റെ പ്രഖ്യാപനവും എൽഡിഎഫിന് മേൽക്കൈ നൽകി. കഴിഞ്ഞ 43 ദിവസങ്ങളിലായി നടന്ന പ്രചാരണ പ്രവർത്തനങ്ങളിൽ ഒത്തുകൂടിയ ജനസഞ്ചയം അതാണ് സാക്ഷ്യപ്പെടുത്തുന്നത്.
അവർ ഇന്ന് പോളിങ് ബൂത്തിലേക്കുനീങ്ങുമ്പോൾ ഒരേ ഒരു ചിത്രമേ അവരുടെ മനസ്സിലുള്ളൂ. അത് സംശുദ്ധവും കറപുരളാത്തതുമായ സാമൂഹ്യജീവിതത്തിലൂടെ ഇതിനകം നാടിന്റെ ശ്രദ്ധനേടിയ വി എൻ വാസവന്റേതാണ്. പുതിയ വികസന കാഴ്ചപ്പാടുകൾ വളർത്തിയെടുത്തും അവ യാഥാർഥ്യമാക്കാൻ ഭരണ സംവിധാനങ്ങളെ ചലിപ്പിച്ച മികച്ച ഭരണാധികാരിക്കും രാഷ്ട്രീയ നേതൃത്വമായി പ്രവർത്തിക്കുന്നതിനൊപ്പം മറ്റ് അനവധി മേഖലകളിലേക്ക് തന്റെ കർമമണ്ഡലത്തെ വികസിപ്പിച്ച വ്യക്തിത്വത്തിനുള്ള അംഗീകാരമായി അത് മാറും.
ആശ്വാസത്തിന്റെ ആലിംഗനം
വേദനിക്കുന്നവർക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം ആശ്വാസത്തിന്റെ ആലിംഗനമാണ്. നാലര പതിറ്റാണ്ടായി പിന്തുടരുന്ന രാഷ്ട്രീയ ജീവിതം കരുതലിന്റെയും കാരുണ്യത്തിന്റേതുമാണ്. ദുരന്തങ്ങളിൽ ഉയരുന്ന നിലവിളികൾക്കിടയിൽ വാസവനുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, കുമരകം ബോട്ടപകടം, താഴത്തങ്ങാടിയിൽ ബസ് മീനച്ചിലാറ്റിലേക്കു മറിഞ്ഞപ്പോൾ... ഏറ്റവും ഒടുവിലായി മഹാപ്രളയത്തിൽ. പ്രളയത്തിൽ മുങ്ങിയ കുമരകം അടക്കമുള്ള പ്രദേശങ്ങളിൽ ടോറസ് ലോറികൾ എത്തിച്ച് ആയിരങ്ങളുടെ ജീവൻ രക്ഷിച്ചു.
സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ച അവർക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും മരുന്നും അടക്കം ലഭ്യമാക്കി. മികച്ച ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് സാന്ത്വന സ്പർശമായി ഏതു സാഹചര്യത്തിലും അദ്ദേഹം ഒപ്പമുണ്ട് എന്നത് ആയിരങ്ങളുടെ അനുഭവമാണ്.
കാരുണ്യ സ്പർശമായി അഭയം
അഭയം ചാരിറ്റബിൾ സൊസൈറ്റി അമരക്കാരനായി നടത്തിയ ഇടപെടലുകൾ ഏറെ പ്രശംസ പിടിച്ചുപറ്റി. കിടപ്പുരോഗികൾക്ക് പരിചരണവും, ഏറ്റവും കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം, അർഹരായവർക്ക് മരുന്ന് ലഭ്യമാക്കൽ, രക്തം നൽകാൻ പതിനായിരം അംഗങ്ങളുള്ള രക്തദാന സേന, ഭിന്നശേഷിക്കാർക്ക് കുടനിർമാണ യൂണിറ്റ്, മെഡിക്കൽ–-രോഗ നിർണയ ക്യാമ്പുകൾ, കിടപ്പുരോഗികൾക്ക് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും വളണ്ടിയർമാരുടെയും ഹോംകെയർ സൗകര്യം, ഹെൽപ് ഡസ്കുകൾ, സാന്ത്വന പരിചരണത്തിൽ പരിശീലനം. തുടങ്ങി അനുകമ്പയും കരുണയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെമ്പാടും ആശ്വാസമെത്തിക്കുന്നു.
തേടണം; പുതിയ സാധ്യതകൾ
കോട്ടയത്തിന്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. ഐടി മേഖലയിൽ ആധുനിക സാധ്യതകൾക്ക് ഊന്നൽ കൊടുക്കുന്ന പ്രത്യേക സാമ്പത്തിക മേഖല. ഇ കോമേഴ്സ് പോർട്ടലുകൾക്കായി ഒരു സ്റ്റാർട്ടപ് വില്ലേജ്. കൊച്ചിയോട് ചേർന്നുകിടക്കുന്ന പ്രദേശം എന്ന സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ തൊഴിലിടത്തുനിന്ന് താമസസ്ഥലത്തേക്ക് വന്നുപോകാനാകണം. കോട്ടയത്തിനും കൊച്ചിയ്ക്കുമിടയിൽ ഒരു ഹൈ സ്പീഡ് കോറിഡോർ സ്ഥാപിക്കണം. റെയിൽ, റോഡ് സാധ്യതകൾ ഉപയോഗപ്പെടുത്തണം. തൃപ്പൂണിത്തുറവരെ എത്തിനിൽക്കുന്ന മെട്രോ 50 കിലോമീറ്റർ കൂടി നീട്ടിയാൽ കോട്ടയത്തെത്തും. ആറുവരിപ്പാതയാണ് മറ്റൊരു സാധ്യത. കൊച്ചിയുടെ സാറ്റലൈറ്റ് നഗരമായി കോട്ടയം മാറും.
നേട്ടങ്ങൾ, വികസനങ്ങൾ
2006–-11 കാലത്ത് കോട്ടയം നിയമസഭാ മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഏറെയാണ്. നാട്ടകത്ത് മിനി തുറമുഖം, കോട്ടയം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ആരംഭിക്കാനും തൊറാസിക് സർജറി തുടങ്ങാനും അനുമതി, കോട്ടയം ആദ്യത്തെ വൈദ്യുതീകരിച്ച മണ്ഡലം, എട്ട് കുടിവെള്ള പദ്ധതികൾ, ചെറുതും വലുതുമായ 14 പാലങ്ങൾ, 126 റോഡുകൾ, താഴത്തങ്ങാടി ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് തുടക്കം, മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് അനുമതി, കോട്ടയം ദന്തൽ കോളേജിന് അനുമതി തുടങ്ങി നിരവധി നേട്ടങ്ങൾ കോട്ടയത്തുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹം ആവിഷ്കരിച്ച താലോലം പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കി.
ഇനി വേണ്ടത്...
കോട്ടയത്തിനും കൊച്ചിക്കുമിടയിൽ ഹൈസ്പീഡ് കോറിഡോർ, മെഷീൻ ലേണിങ്, റോബോട്ടിക്സ് തുടങ്ങിയ ഐടി മേഖലയിലെ ആധുനിക സാധ്യതകൾക്ക് ഊന്നൽ നൽകുന്ന പ്രത്യേക സാമ്പത്തിക മേഖല. ഇഴഞ്ഞുനീങ്ങുന്ന റെയിൽവേ പാത ഇരട്ടിപ്പിക്കലും സമയബന്ധിമായി പൂർത്തിയാക്കലും. കുമരകം–-നെടുമ്പാശേരി അതിവേഗ പാത, കാർഷിക ഉൽപ്പന്ന സംഭരണ, സംസ്കരണ, വിപണന സംവിധാനം ഉൾക്കൊള്ളുന്ന വിപുലമായ സംവിധാനം. പകർച്ചവ്യാധികൾ നേരിടാൻ റീജണൽ ഗവേഷണ കേന്ദ്രം, ഷീ ടോയ്ലറ്റുകൾ, ഹൈജീനിക് മുലയൂട്ടൽ കേന്ദ്രങ്ങൾ, വിശ്രമ സൗകര്യങ്ങൾ, വൈക്കം–-കുമരകം വേമ്പനാട് കായലോര ടൂറിസം ഹബ്, പുരാതന ആരാധനായലങ്ങളെ ബന്ധിപ്പിച്ച് പിൽഗ്രിം ടൂറിസം പദ്ധതി, കോട്ടയം നെഹ്റു സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, സാംസ്കാരിക നിലയങ്ങൾ, അന്താരാഷ്ട്ര ചരക്കു വിനിയമ ശൃംഖലയായി കോട്ടയം പോർട്ടിനെ മാറ്റൽ.
from Kerala || Deshabhimani Online News http://bit.ly/2VjIfAn
via IFTTT
No comments:
Post a Comment