സുൽത്താൻബത്തേരി
ഉയരവും കരുത്തുംകൊണ്ട് വയനാടിന് കാവൽ നിൽക്കുന്ന വൻ മലയാണ് ബ്രഹ്മഗിരി. വർത്തമാനകാലത്തെ പ്രതിസന്ധിയിൽനിന്ന് കർഷകരെ കാക്കുന്നു പുതിയ ബ്രഹ്മഗിരി; ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി.കാർഷികോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനല്ലാതെ വില നിശ്ചയിക്കാനോ മാന്യമായ പ്രതിഫലം വാങ്ങി മെച്ചപ്പെട്ട ജീവിതം നയിക്കാനോ കഴിയാത്തതാണ് ശരാശരി കർഷകന്റെ ജീവിതം. ഒടുവിൽ ആത്മഹത്യയിൽ അഭയംതേടുന്ന കർഷകർ വയനാടിന്റെ മണ്ണിലുമുണ്ടായി. ആത്മഹത്യയിൽ നിന്നുയർന്ന് ചെറുത്തുനിൽപ്പ് നടത്തി വിജയിച്ച കർഷക കൂട്ടായ്മയുടെ ഏറ്റവും മികച്ച മാതൃകയാണ് വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി.
1991ൽ അധികാരത്തിൽ വന്ന കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ച നവ ഉദാരവൽക്കരണ നയങ്ങളിൽ തകർന്നുപോയ കർഷകരെ വയനാട്ടിൽ അൽപ്പമെങ്കിലും രക്ഷിച്ചത് ക്ഷീരമേഖലയാണ്. ആ മേഖല കേന്ദ്രീകരിച്ച് 1999ൽ നായനാർ സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച തൊഴിലാളി കർഷക സാമൂഹ്യ സഹകരണ സ്ഥാപനമാണ് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി.
ചെറുകിട, ഇടത്തരം കർഷകരെ സംഘടിപ്പിച്ച് സഹകരണ കൃഷിയിലൂടെ ഉൽപ്പാദനം വർധിപ്പിക്കുക, വിള അടിസ്ഥാനമാക്കി ആധുനിക വൻകിട കാർഷിക സംസ്കരണ വ്യവസായങ്ങൾ സ്ഥാപിക്കുക, സംഭരണത്തിനും വിപണനത്തിനും ഇടത്തട്ടുകാരില്ലാത്ത വിപുലമായ ശൃംഖല സ്ഥാപിക്കുക, വ്യാപാരത്തിലൂടെ ലഭിക്കുന്ന മിച്ചവരുമാനം അധിക വിലയായി പ്രാഥമിക ഉൽപ്പാദകരുമായി പങ്കുവയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഈ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ് സൊസൈറ്റി . മലബാർ മീറ്റ് എന്ന ആധുനിക മാംസ സംസ്കരണശാല സ്ഥാപിച്ച് ഗുണനിലവാരമുള്ള മാംസ ഉൽപ്പന്നങ്ങൾ 20 ശതമാനം വിലക്കുറവിൽ നൽകാൻ കഴിയുന്നു. ഇതിന് വടക്കൻ ജില്ലകളിൽ 114 വിപണനശാലകളായി.
കോഴിവളർത്തലിലൂടെ കർഷകർക്ക് വൻ വരുമാനം നേടിക്കൊടുക്കുകയും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ചിക്കൻ ലഭ്യമാക്കുകയും ചെയ്യുന്ന കേരള ചിക്കൻ പദ്ധതിക്കും വൻ പുരോഗതി. സ്വകാര്യ ബ്രോയിലർ കോഴി വ്യവസായികൾ കർഷകർക്ക് ഒരു കോഴിക്ക് അഞ്ചു-മുതൽ ആറു രൂപവരെ വരുമാനം നൽകുമ്പോൾ കേരള ചിക്കൻ പദ്ധതി കർഷകർക്ക് നൽകുന്നത് 11 രൂപവരെ വരുമാനമാണ്. അഞ്ചു വർഷത്തിനകം പ്രതിദിനം രണ്ടു ലക്ഷം കോഴികളെ വിപണനം നടത്താവുന്ന 2000 കടകൾ, 6000 ഫാമുകൾ എന്നിവ സഹിതം 43.82 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ.
ഇപ്പോൾ പൊള്ളാച്ചിയിൽ സ്ഥാപിച്ച ബ്രീഡർ ഫാമിൽനിന്ന് 6000 കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നു. കർഷകരിൽനിന്ന് സംഭരിച്ച കോഴി മലവയൽ മഞ്ചാടിയിലെ സംസ്കരണശാലയിൽ മാംസമാക്കി മാറ്റി കിലോക്ക് 155 രൂപയ്ക്ക് വിൽക്കുന്നു. കർഷകർക്ക് വലിയ വരുമാനമാണ് ഇത് നൽകുന്നത്.വയനാട് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്, ബ്രഹ്മഗിരി കേരള പച്ചമീൻ പദ്ധതി, അഗ്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ, ബ്രഹ്മഗിരി - കുടുംബശ്രീ കർഷക മിനി മാർക്കറ്റ് എന്നിവയും സൊസൈറ്റിയുടെ കീഴിലുള്ള വിവിധ പദ്ധതികളാണ്.
കേരളത്തിൽ ഭൂപരിഷ്കരണാനന്തര കാർഷിക പരിഷ്കരണത്തിന്റെ ഉത്തമ മാതൃകയാണ് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള വിവിധ പദ്ധതികളെന്ന് സൊസൈറ്റി ചെയർമാൻ പി കൃഷ്ണപ്രസാദ് പറഞ്ഞു. കേരളത്തിൽ ഭൂപരിഷ്കരണത്തിലൂടെ കർഷകന് ഭൂമി സ്വന്തമായെങ്കിലും കൃഷി അധിഷ്ഠിത വ്യവസായം, വിപണനം എന്നിവ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഉടമസ്ഥതയിലായില്ല. ഇതിന്റെ ഫലമായാണ് ഉദാരവൽക്കരണ നയംകൊണ്ടുള്ള വിലത്തകർച്ചയ്ക്ക് കർഷകർ വലിയതോതിൽ ഇരയാകുന്നത്. അത് പരിഹരിക്കാൻ വിപണനരംഗത്ത് വൻ സ്വകാര്യ കമ്പനികൾക്കു പകരം സഹകരണ മാതൃക വികസിപ്പിക്കുകയാണ് പ്രായോഗിക ബദൽ. പുൽപ്പള്ളിയിലെ കർഷക ആത്മഹത്യകളെ തുടർന്ന് നടന്ന വൻ കർഷക പ്രക്ഷോഭത്തിലൂടെയാണ് ഈ ബദൽ വളർന്നുവന്നത്. ഉദാരവൽക്കരണ നയത്തിനെതിരായ പ്രക്ഷോഭത്തെ സഹായിക്കാൻ ബ്രഹ്മഗിരി പോലുള്ള ബദലുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2G9D1h7
via IFTTT
No comments:
Post a Comment