കണ്ണൂർ
കെ സുധാകരന്റെ വിശ്വസ‌്തനും പ്രമുഖ കോൺഗ്രസ‌് നേതാവുമായ പ്രദീപ‌് വട്ടിപ്രം സിപിഐ എമ്മിലേക്ക‌്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എം വി ജയരാജനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ‌് 28 വർഷമായി പിന്തുടരുന്ന കോൺഗ്രസ‌് രാഷ്ടീയം ഉപേക്ഷിച്ചതായി അദ്ദേഹം അറിയിച്ചത‌്. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്ന സിപിഐ എമ്മിനോടു ചേർന്നു പ്രവർത്തിക്കാനാണ‌് തീരുമാനമെന്നും എൽഡിഎഫ‌് സ്ഥാനാർഥികളുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങുമെന്നും പ്രദീപ‌് വട്ടിപ്രം പറഞ്ഞു.
കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന പ്രദീപ‌് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന‌് ഏതാനും മാസം മുമ്പ‌് പാർടിയിൽനിന്ന‌് രാജിവച്ചിരുന്നു. കെഎസ‌്‌യുവിലൂടെയാണ‌് സജീവരാഷ്ട്രീയത്തിലെത്തിയത‌്. യൂത്ത‌് കോൺഗ്രസ‌് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട‌്. മികച്ച വാഗ‌്മിയും പ്രഭാഷകനുമാണ‌്. പാട്യം പത്തായക്കുന്നിലാണ‌് താമസം.
വ്യാഴാഴ‌്ച ഉച്ചയോടെ അഴീക്കോടൻ മന്ദിരത്തിലെത്തിയ പ്രദീപ‌് വട്ടിപ്രത്തെ എം വി ജയരാജൻ ഷാളണിയിച്ച‌് സ്വീകരിച്ചു. കോൺഗ്രസ‌് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കു പോകുന്ന വേളയിൽ സിപിഐ എമ്മാണ‌് രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ കഴിയുന്ന പാർടിയെന്നു തിരിച്ചറിഞ്ഞാണ‌് പ്രദീപ‌് വട്ടിപ്രത്തിന്റെ വരവെന്ന‌് എം വി ജയരാജൻ പറഞ്ഞു.
എൽഡിഎഫ‌് ജില്ലാ കൺവീനർ കെ പി സഹദേവൻ, മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ കെ രാഗേഷ‌് എംപി, സിപിഐ എം നേതാക്കളായ എം സുരേന്ദ്രൻ, എൻ ചന്ദ്രൻ, എം ഷാജർ എന്നിവരും സന്നിഹിതരായി.
from Kerala || Deshabhimani Online News http://bit.ly/2GxluRl
via IFTTT
No comments:
Post a Comment