ഇടുക്കി
രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ‌് ദക്ഷിണേന്ത്യയിൽ തരംഗം സൃഷ്ടിക്കുമെന്ന‌് പ്രചരിപ്പിക്കുന്ന കോൺഗ്രസും മാധ്യമങ്ങളും 2014ലെ തെരഞ്ഞെടുപ്പ‌് ഓർമിക്കണമെന്ന‌് സിപിഐ എം പോളിറ്റ‌് ബ‌്യൂറോ അംഗം എം എ ബേബി. സ്വന്തം നാട്ടിൽ തരംഗം സൃഷ്ടിക്കാത്ത രാഹുൽ ഇവിടെ എന്ത‌് തരംഗം സൃഷ്ടിക്കാനാണെന്നും എം എ ബേബി ചോദിച്ചു. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സോണിയയും രാഹുലും മത്സരിച്ചപ്പോൾ രാജ്യത്താകെ 44 സീറ്റ‌് മാത്രമാണ‌് അവർക്ക‌് ലഭിച്ചത‌്. ഹൈറേഞ്ച‌് സംരക്ഷണസമിതി പിന്തുണയുള്ള എൽഡിഎഫ‌് സ്ഥാനാർഥി ജോയ‌്സ‌് ജോർജിന്റെ പ്രചാരണാർഥം ഉപ്പുതറ, ഇരട്ടയാർ, ചെമ്മണ്ണാർ എന്നിവിടങ്ങളിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെയും വർഗീയ പ്രീണനത്തിന്റേയും കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നു. വെറുപ്പിന്റെ രാഷ‌്ട്രീയമാണ‌് ഇരു പാർടികളും മുന്നോട്ടുവയ‌്ക്കുന്നത‌്. കോൺഗ്രസിന്റെ കാലത്തെ അഴിമതിഭരണം അവസാനിപ്പിക്കുമെന്നായിരുന്നു മോഡിയുടെ അവകാശവാദം. എന്നാൽ, റഫേൽ അഴിമതി പുറത്തുവന്നതോടെ മോഡിയുടെ പ്രതിഛായ തകർന്നടിഞ്ഞു. ഇതുമായി ബന്ധപ്പെട്ട‌് പത്രപ്രവർത്തകൻ എൻ റാമിന്റെ പുസ്തകത്തിന്റെ പ്രകാശനംപോലും തടയാൻ ബിജെപി പിന്തുണയുള്ള എഐഎഡിഎംകെ ശ്രമിക്കുകയാണ‌്.
ബിജെപിയുടെ വർഗീയതയുമായി സമരസപ്പെട്ടു പോകുകയാണ‌് കോൺഗ്രസ‌്. പശുവിന്റെ പേരിൽ ജനങ്ങളെ തല്ലിക്കൊന്ന‌് കെട്ടിത്തൂക്കുമ്പോൾ കോൺഗ്രസ‌് ഉറച്ച നിലപാട‌് പോലും എടുക്കുന്നില്ല. വർഗീയതയുടെ പേരിൽ ബിജെപി വോട്ട‌് നേടുമ്പോൾ അതേ വർഗിയ അടിസ്ഥാനത്തിൽ വോട്ട‌് സമാഹരിക്കാനാണ‌് കോൺഗ്രസും ശ്രമിക്കുന്നത‌്. അതിന‌് തെളിവാണ‌് മധ്യപ്രദേശിൽ കോൺഗ്രസ‌് അധികാരത്തിൽ വന്നതിന‌് പിന്നാലെ മാട്ടിറച്ചിയുടെ പേരിൽ നാല‌് മുസ്ലിം ചെറുപ്പക്കാരെ ജയിലിലടച്ചത‌്. കൊടും കുറ്റവാളികൾക്ക‌് മേൽ ചുമത്തുന്ന കുറ്റങ്ങളാണ‌് കോൺഗ്രസ‌് സർക്കാർ ചെറുപ്പക്കാർക്കെതിരെ ചുമത്തിയത‌്.
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യവും മതനിരപേക്ഷ കൂട്ടായ‌്മയും ഉണ്ടാക്കുന്നതിൽ പോലും കോൺഗ്രസ‌് പരാജയപ്പെട്ടു. ഡൽഹിയിലും ബംഗാളിലും അത‌് വ്യക്തമായി. എന്നാൽ 2014ൽ നിന്ന‌് വ്യത്യസ‌്തമായി പ്രതിപക്ഷ ഐക്യം ശക്തമാണെന്നും ബിജെപിയെ തൂത്തെറിഞ്ഞ‌് മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും എം എ ബേബി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2I2IM3J
via IFTTT
No comments:
Post a Comment