ഭരണനൈപുണ്യവും ദൈവശാസ്ത്രവും സമന്വയിച്ച വ്യക്തിത്വമായിരുന്നു ഡി ബാബുപോളിന്റേത്. ആ പ്രത്യേകതയാണ് അധികാര മണ്ഡലങ്ങളിൽ വ്യത്യസ്തനാക്കിയതും. വിരമിച്ച ശേഷവും അഡ്മിനിസ്ടേറ്റീവ് സർവീസിലെ സീനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബഹുമാനിതൻ. ബ്യൂറോക്രാറ്റ്, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വേദപണ്ഡിതൻ തുടങ്ങി പല രംഗങ്ങൾ. എഴുത്തുകാരനെന്ന നിലയിൽ ഉറച്ച നിലപാടുകൾക്കും മൂല്യങ്ങൾക്കുംനിലകൊണ്ടു. ആ ഗുണങ്ങൾ മാതാപിതാക്കളിൽനിന്ന്, പ്രത്യേകിച്ച് അച്ഛനിൽനിന്ന് പാരമ്പര്യമായി കിട്ടിയതാണെന്ന് ആത്മകഥയിൽ ആവർത്തിച്ചു. അച്ഛൻ റവ. പി എ പൗലോസ് കോർ എപിസ്കോപ്പ ജാക്കോബിയറ്റ് പുരോഹിതൻ. 20‐ാം നൂറ്റാണ്ടിന്റെ ആദ്യം മദ്രാസിൽനിന്നും ഉന്നത ബിരുദമെടുത്ത അദ്ദേഹം അധ്യാപകനായിരുന്നു.
ഇന്ത്യൻ സംസ്കാരത്തോട് ആദരവ് പുലർത്താൻ മകനെ പഠിപ്പിച്ചത് അദ്ദേഹം. 32 വർഷം പ്രധാനാധ്യാപകനും അത്രയും കാലം വികാരിയുമായിരുന്ന പൗലോസ് കോർ എപിസ്കോപ്പ വിദ്യാഭ്യാസ പ്രവർത്തകനായും അറിയപ്പെട്ടു. ബാബുപോളിനെയും സഹോദരനെയും (അനുജൻ റോയി പോൾ സിവിൽ സർവീസ് നേടി കേന്ദ്ര സർക്കാരിൽ സെക്രട്ടറിയും യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗവുമായി) ചെറുപ്പത്തിലേ വിജ്ഞാനത്തിന്റെ വിശാലലോകത്തേക്ക് നയിക്കുന്നതിൽ പിതാവിന്റെ പ്രേരണയുണ്ടായി. അധ്യാപികയായ അമ്മ മേരിപോൾ യഥാർഥ ക്രിസ്തുമത വിശ്വാസിയുടെ ഇരുകരങ്ങൾ പ്രാർഥനയും ഉപവാസവുമാണെന്ന് പഠിപ്പിച്ചു. ബൈബിൾ‐ നാടോടി കഥകളുടെ വിസ്മയ ലോകം തുറന്നുതന്ന രണ്ട് അമ്മൂമ്മമാരെപ്പറ്റിയും ബാബുപോൾ എഴുതിയിട്ടുണ്ട്. കുറുപ്പംപടിയിലെ പള്ളിയും പരിസരവുമായിരുന്നു കുട്ടിക്കാല കളിത്തട്ട്. പ്രാഥമിക വിദ്യാഭ്യാസം അവിടെ എംജിഎം സ്കൂളിൽ.
1956ൽ 15‐ാം വയസ്സിൽ ആലുവ യുസി കോളേജിൽ പ്രീ യൂണിവേഴ്സിറ്റിക്ക് ചേർന്നു. പ്രീ എൻജിനിയറിങ്ങും ഉൾപ്പെടെ രണ്ടു വർഷം. ആ ക്യാമ്പസാണ് ജീവിത വീക്ഷണം രൂപപ്പെടുത്തിയത്. യുസി കോളേജ് ക്രിസ്തുവിന്റെയും ടാഗോറിന്റെയും ഗാന്ധിജിയുടെയും ആദർശങ്ങൾ ഒന്നുചേർന്ന ത്രിവേണിയാണെന്ന് ബാബുപോൾ നിരീക്ഷിച്ചു. തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ പഠനശേഷം ടികെഎമ്മിൽ അധ്യാപകൻ. അക്കാലത്താണ് ഐഎഎസ് പരീക്ഷാപഠനം. ആദ്യ അവസരത്തിൽ ഏഴാം റാങ്കോടെ വിജയം. മദ്രാസ് സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ എംഎയും. കേരള സർവകലാശാല വൈസ് ചാൻസലർ തൊട്ട് ചീഫ് സെക്രട്ടറിവരെ വിവിധ ചുമതലകളിൽ. തദ്ദേശ വകുപ്പിൽ ഓംബുഡ്സ്മാൻ പദവിയിലുമിരുന്നു.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പ്രൊജക്ട് കോ‐ ഓർഡിനേറ്ററായും 1972ൽ ഇടുക്കി ജില്ല രൂപീകരിച്ചപ്പോൾ ആദ്യ കലക്ടറായും സേവനം. കോട്ടയത്തായിരുന്നു അന്ന് ജില്ലാ ഓഫീസ്. മുഖ്യമന്ത്രി അച്യുതമേനോനുണ്ടായ വിശ്വസമാണ് ചുമതല ഏൽപ്പിക്കാൻ കാരണം. അക്കാലത്തെ അനുഭവങ്ങളാണ് 'ഗിരിപര്‍വം' പുസ്തകത്തില്‍. ബാബുപോള്‍ ടൂറിസം സെക്രട്ടറിയായപ്പോഴാണ് 'ദൈവത്തിന്റെ സ്വന്തം നാട്' പരസ്യവാചകം പ്രചാരത്തില്‍ വന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായും കൊച്ചിന്‍ പോര്‍ട്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രൊജക്ട് തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.
മദര്‍ തെരേസയോട് വലിയ ആദരവായിരുന്നു ബാബുപോളിന്. അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായെത്തിയ അവര്‍ ഉപയോഗിച്ച കസേര പൂജാവസ്തുപോലെ സൂക്ഷിച്ചു. ഭാര്യ നിര്‍മല കാന്‍സര്‍ ബാധിച്ച് മരിച്ചശേഷം വിശ്വാസവഴിയിലായിരുന്നു ബാബുപോളിന്റെ ജീവിതം. 'വേദശബ്ദ രത്‌നാകരം' ബൈബിള്‍ വിജ്ഞാനകോശത്തിന്റെ കര്‍ത്താവായ അദ്ദേഹം ആ മേഖലയിലെ പണ്ഡിതനെന്ന നിലയിലും ആദരിക്കപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2G8TIsZ
via IFTTT
No comments:
Post a Comment