അന്തർസംസ്ഥാന സ്വകാര്യബസ‌് ഓപ്പറേറ്റർമാരെ നിയന്ത്രിക്കാനും നിരക്ക‌് കൊള്ള അവസാനിപ്പിക്കാനും സംസ്ഥാന ഗതാഗതവകുപ്പ‌്. ഓപ്പറേറ്റർമാർക്ക‌് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയും യാത്രാനിരക്ക‌് നിശ്ചയിച്ചുമാണ‌് അന്തർസംസ്ഥാന സ്വകാര്യബസ‌് സർവീസുകളെ സർക്കാരിന്റെ കർശന വരുതിയിലാക്കുന്നത‌്.
ടിക്കറ്റ‌് ബുക്കിങ‌് ഏജൻസികൾക്ക‌് എൽഎപിടി ലൈസൻസ‌് അനുവദിക്കാൻ കഴിഞ്ഞ ദിവസം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന‌് പിറകെയാണ‌് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത‌്. യാത്രക്കാരുടെ സുരക്ഷിതത്വം, സർവീസ‌് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാകും ഓപ്പറേറ്റർമാർക്ക‌് മാനദണ്ഡങ്ങൾ. ഇവ പാലിച്ചാൽ മാത്രമേ താൽക്കാലിക പെർമിറ്റ‌് അനുവദിക്കൂ. നികുതി അടച്ച‌് താൽക്കാലിക പെർമിറ്റിന‌് അപേക്ഷ നൽകുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കും. മാനദണ്ഡത്തിന‌് വിരുദ്ധമാണെങ്കിൽ പെർമിറ്റ‌് അനുവദിക്കില്ല.
കോൺട്രാക്ട‌് ക്യാര്യേജുകൾക്ക‌് നിശ്ചിത വാടക, യാത്രാനിരക്ക‌് ഉൾപ്പെടെ ചുമത്തുന്നതിനുള്ള മാർഗങ്ങളിലൂടെ നിരക്ക‌് കൊള്ളയ‌്ക്ക‌് അറുതിവരുത്തും. വാടക നിരക്ക‌് സർക്കാർ നിശ്ചയിച്ച‌് നൽകും. വാടക തുക പരിഗണിച്ച‌് ടിക്കറ്റ‌് നിരക്ക‌് നിശ്ചയിക്കുക. ഇതിന‌് പുറമേ കിലോമീറ്റർ, മണിക്കൂർ ഇനത്തിൽ യാത്രാനിരക്ക‌് ഏർപ്പെടുത്താനുള്ള സാധ്യതകളും പരിഗണിക്കും.
ഓപ്പറേറ്റർമാരുടെ മാനദണ്ഡങ്ങൾ, നിരക്ക‌് നിർണയം എന്നിവയുൾപ്പെടെ മന്ത്രിതല യോഗത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഗതാഗത സെക്രട്ടറി ജസ‌്റ്റിസ‌് രാമചന്ദ്രൻ കമീഷന‌് കൈമാറും. നിർദേശങ്ങൾകൂടി പരിഗണിച്ച‌് കമീഷൻ പഠനം നടത്തും.
കേരള–-ബംഗളൂരു റൂട്ടിൽ പുതുതായി സർവീസുകൾ ആരംഭിക്കാൻ ബസ‌് വാടകയ‌്ക്ക‌് നൽകുന്നവരെ തെരഞ്ഞെടുക്കാൻ തിങ്കളാഴ‌്ച താൽപ്പര്യപത്രം ക്ഷണിക്കും. കേരളവും കർണാടകയും 50 വീതം സർവീസ‌് ആരംഭിക്കാനാണ‌് ധാരണ. സ്വകാര്യ ഉടമകൾ ബസ‌് വിട്ടുനൽകിയില്ലെങ്കിൽ കർണാടകസർക്കാരിൽ നിന്ന‌് ബസുകൾ വാടകയ‌്ക്ക‌് എടുക്കും. ജൂൺ ഒന്നുമുതൽ അന്തർസംസ്ഥാന സ്വകാര്യബസ‌് സർവീസുകൾക്ക‌് വേഗപ്പൂട്ടും ജിപിഎസും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട‌്.അതിനിടെ, നിയമലംഘനം നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യബസ‌് സർവീസുകളെ കണ്ടെത്താനുള്ള ഓപ്പറേഷൻ നൈറ്റ‌് റൈഡേഴ‌്സ‌് തുടരുകയാണ‌്.
ഞായറാഴ‌്ച 168 ബസിനെതിരെ കേസെടുത്തു. 5,05000 രൂപ പിഴ ഈടാക്കി. 43 ടിക്കറ്റ‌് ബുക്കിങ‌് ഏജൻസികൾക്ക‌് നോട്ടീസ‌് നൽകി. സ‌്റ്റേറ്റ‌് ക്യാര്യേജ‌് സർവീസ‌് നടത്തിയതിന‌് 120 കേസും ചരക്ക‌് കടത്തിയതിന‌് രണ്ട‌് കേസും എടുത്തു. അന്തർസംസ്ഥാന സ്വകാര്യബസ‌് സർവീസ‌് മുടക്കിയതിനെ തുടർന്ന‌് വിവിധ ഭാഗങ്ങളിൽ കെഎസ‌്ആർടിസി 18 സർവീസ‌് നടത്തി.
from Kerala || Deshabhimani Online News http://bit.ly/2XQj8D1
via IFTTT
No comments:
Post a Comment