വെളിച്ചത്തിനെന്തു വെളിച്ചം ; ‘‘ഇരുട്ടല്ല... വെളിച്ചമാണ് നമുക്ക‌ു വേണ്ടത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

വെളിച്ചത്തിനെന്തു വെളിച്ചം ; ‘‘ഇരുട്ടല്ല... വെളിച്ചമാണ് നമുക്ക‌ു വേണ്ടത്


തൊടുപുഴ
‘‘ഇരുട്ടല്ല... വെളിച്ചമാണ് നമുക്ക‌ു വേണ്ടത്. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ‌് ചിഹ്നമായ ‘ടോർച്ചി’ന്റെ വെളിച്ചത്തിൽ വർഗീയത അടക്കമുളള ഏതു ക്ഷുദ്രജീവിയെയും അകറ്റാ''മെന്ന് പ്രാസംഗികൻ പറഞ്ഞപ്പോൾ വിജയഭേരി മുഴക്കി നിറഞ്ഞ കൈയടി.

ജനഹൃദയങ്ങളിലേക്ക‌് ജോയ്സ് ജോർജ് ആഴ‌്ന്നിറങ്ങുകയാണ‌്. ആബാലവൃദ്ധത്തിന്റെയും മുഖങ്ങളിൽ സ്ഫുരിക്കുന്നത് സ്ഥാനാർഥിയോടുള്ള ഹൃദ്യമായ ആത്മബന്ധം.
വിജയാഭിവാദ്യം നേരാൻ നഗരത്തിലും നാട്ടിടവഴികളിലുമെല്ലാം കൂട്ടമായെത്തുന്ന ജനങ്ങൾ.

നാടിന്റെ തുടിപ്പറിഞ്ഞ്, ഓരോ മനസ്സും കവർന്നാണ് ജനനായകന്റെ പര്യടനം. തൊടുപുഴ നിയോജകമണ്ഡലത്തിൽ പുറപ്പുഴ പഞ്ചായത്തിലെ ഗ്രാമീണമേഖലയായ കുണിഞ്ഞിയിലായിരുന്നു ശനിയാഴ്ചത്തെ പര്യടനത്തിന‌് തുടക്കം. ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ പി സി ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു. സ്വീകരിക്കാൻ മുത്തുക്കുടകളേന്തി  സ്ത്രീകൾ അടക്കം വൻജനാവലി. കൊന്നപ്പൂക്കളും റോസാപുഷ്പങ്ങളുമായി കുരുന്നുകൾ. സ്ഥാനാർഥി എത്തിയപ്പോൾ ആവേശം അലതല്ലി. അഭിവാദ്യമേകി നടന്നുവരുമ്പോൾ പുഷ്പവൃഷ്ടി. സ്വീകരണത്തിന് നന്ദിപറഞ്ഞ് ഏതാനും വാക്കുകൾ. മണ്ഡലത്തിനുവേണ്ടി ചെയ്ത ചിലതുമാത്രം സൂചിപ്പിച്ച് വീണ്ടും വോട്ടു നൽകണമെന്ന അഭ്യർഥനയോടെ അടുത്ത സ്ഥലത്തേക്ക‌്. അകമ്പടിയായി ചെമ്പതാകകളുമേന്തി ഇരുചക്രവാഹനങ്ങളിൽ യുവാക്കൾ.

    പുറപ്പുഴ ജങ്ഷനിൽ അനൗൺസ‌്മെന്റ‌് വാഹനം എത്തിയതോടെ റോഡ് നിറഞ്ഞു. അക്കൂട്ടത്തിൽ 85കാരനായ ഗോപാലൻ ചേട്ടൻ വടി കുത്തിപ്പിടിച്ച് അടുത്തെത്തി ജോയ്സിന് അനുഗ്രഹം നേർന്നു. ജോയ്സിന് പുറപ്പുഴക്കാർ ഒരുക്കിവച്ചിരുന്നത് ഗംഭീരസ്വീകരണം. സ്ത്രീകളുടെയും നിറഞ്ഞ പങ്കാളിത്തം. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പ്രഥമപരിഗണന നൽകിയതെന്ന് ജോയ്സ് ജോർജ്. ഇനിയും ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് മടക്കം. നെടിയശാലയിലും വഴിത്തലയിലും മാറ്റേറിയ സ്വീകരണം. കർഷകനായ നടുത്തൊട്ടിയിൽ ശിവദാസ് പാറക്കടവിൽ പാളത്തൊപ്പി ധരിച്ച്  ഇളനീരുമായി കാത്തുനിന്നു. അരിക്കുഴയിലും ചിറ്റൂരിലും സ്നേഹമൂറുന്ന കാഴ്ചകൾ. 

എംപി എന്ന നിലയിൽ പൂർത്തീകരിച്ചും നടപ്പാക്കി വരുന്നതുമായ വികസനപദ്ധതികളെക്കുറിച്ചാണ് സ്ഥാനാർഥിയുടെ സംവാദം. എതിരാളികളുടെ നുണപ്രചാരണങ്ങളെ ജോയ്സ് കടപുഴക്കിയെറിയുന്നു. കുന്നത്തുപാറയിൽ ആരവങ്ങൾക്ക് നടുവിലേക്ക‌് ജോയ്സ് വന്നിറങ്ങി. ചുവപ്പുകോട്ടയിൽ വീഥിക്കിരുവശവുമായി മുത്തുക്കുടയുമായി അണിനിരന്ന സ്ത്രീകളും കുട്ടികളും തികഞ്ഞ ആവേശത്തിൽ. മുതിർന്നവർ നൽകിയ പൂക്കളും ഹാരവുമെല്ലാം കുട്ടികൾക്ക് സമ്മാനിച്ച് ജോയ്സ് നടന്നുനീങ്ങി. 

മുണ്ടേക്കല്ലിലെ സ്വീകരണത്തിനുശേഷം കോലാനി പാറക്കടവിലേക്ക‌്. ഇവിടെ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകരുടെ ‘ഇടി'. നടുക്കണ്ടവും പിന്നീട്ട് കോലാനിയിൽ എത്തുമ്പോൾ വെയിലിന് കാഠിന്യമേറി. കത്തിക്കാളുന്ന വെയിലിനെ തോൽപ്പിച്ച് ചെണ്ടമേളം. മുത്തുക്കുടകളുടെ തണലിൽ സ്ഥാനാർഥിയെ സ്വീകരിച്ച് വേദിയിലേക്ക‌്. മലയാളപ്പഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കവാടമായ ഒളമറ്റത്ത് നഗരസഭ മുൻ ചെയർപേഴ്സൺ മിനി മധുവിന്റെ നേതൃത്വത്തിൽ ഇടുക്കിയുടെ കർമനിരതനായ പോരാളിയെ വരവേറ്റു. ഇവിടെയും നാടിന്റെ പരിഛേദമെത്തി. ചൂടിന്റെ കാഠിന്യം അകറ്റാൻ മിനി മധു സമ്മാനിച്ച ഒരുകുല പഴം ജോയ്സ് പ്രവർത്തകർക്കേകി.

തൊടുപുഴ നഗരത്തിലൂടെ ആവേശത്തേരിലേറി നഗരസഭ ബസ‌് സ‌്റ്റാൻഡിൽ എത്തുമ്പോൾ സൂര്യൻ തലയ്ക്കുമുകളിൽ. കുമാരമംഗലം, ഈസ്റ്റ് കലൂർ, ഏഴല്ലൂർ, പട്ടയംകവല, മുതലക്കോടം, വെങ്ങല്ലൂർ എന്നിവിടങ്ങളിലെല്ലാം നിറമനസ്സുമായി കാത്തു നിൽക്കുന്നവർ. ടൗണിലൂടെ മങ്ങാട്ടുകവലയും പിന്നിട്ട‌് കുമ്മൻകല്ലിൽ സമാപനം.  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ വി വി മത്തായി, പി പി ജോയി, മുഹമ്മദ് ഫൈസൽ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ജോർജ് അഗസ്റ്റ്യൻ, എം ലതീഷ്, എം ആർ സഹജൻ, എം എം സുലൈമാൻ, പി പി സുമേഷ്, അനിൽ കൂവപ്ലാക്കൻ, ബാബു മഞ്ഞള്ളൂർ, വി ആർ പ്രമോദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Pa8SlL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages