സ്‌നേഹം ചുരത്തി റബറിന്റെ നാട്‌; ഹൃദയാംഗീകാരംനേടി വാസവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

സ്‌നേഹം ചുരത്തി റബറിന്റെ നാട്‌; ഹൃദയാംഗീകാരംനേടി വാസവൻ


 
പാലാ
മലയോര നാട്ടിൽ റബർ കർഷകരുടെ ഹൃദയാംഗീകാരംനേടി എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ പര്യടനം ആവേശത്തിരയിളക്കി. കർമമണ്ഡലത്തിൽ ചൈതന്യം നിറച്ച പൊതുപ്രവർത്തകനായ വാസവനെ മലനാടൻ ജനത അത്യാവേശപൂർവം സ്വീകരിച്ചു. തെരഞ്ഞെടുപ്പു ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിന്റെ കൂറ്റൻ ശില്പം നൽകിയാണ‌്  പൂവരണി വിളക്കുംമരുത‌് സ്വീകരണ കേന്ദ്രത്തിൽ പ്രവർത്തകർ വരവേറ്റത‌്.

തെരഞ്ഞെടുപ്പ‌് ചിഹ്നം പതിച്ച ചെങ്കൊടി കെട്ടി നൂറുകണക്കിന‌് ഇരുചക്ര വാഹനങ്ങളും നിരവധി  ഓട്ടോറിക്ഷകളും കാറുകളും സ്ഥാനാർഥിയുടെ പര്യടനത്തെ അനുഗമിച്ചു. പാലായുടെ നഗരവീഥികളിൽ ഇരമ്പിയാർത്തെത്തിയ പര്യടനം പ്രധാന ടൗണുകളെയടക്കം പ്രകമ്പനം കൊള്ളിച്ചു. അക്ഷരനഗരിയുടെ വീരനായകൻ കടന്നുവരുന്നു എന്ന അനൗൺസ‌്മെന്റ‌് കേട്ട‌് വീട്ടമ്മമാരും വിദ്യാർഥികളും അടക്കമുള്ളവർ വീടിനു പുറത്തേക്കെത്തി സ്ഥാനാർഥിയ‌്ക്ക‌് വിജയാശംസ നേർന്നു. ടൗണുകളിൽ എത്തിയപ്പോൾ കടകമ്പോളങ്ങളിൽനിന്നുള്ള തൊഴിലാളികളും ജീവനക്കാരും കടയുടമകളുമടക്കം പുറത്തേക്ക‌് ഇറങ്ങിവന്ന‌് വാസവനെ അഭിവാദ്യംചെയ‌്തു.

സ്വീകരണ കേന്ദ്രങ്ങളിലെങ്ങും ആവേശക്കാഴ‌്ചകളായിരുന്നു. സ്ഥാനാർഥിയെ വഹിച്ചുള്ള തുറന്ന ജീപ്പ‌് എത്തുമ്പോഴേക്കും  ഉശിരൻ മുദ്രാവാക്യവുമായി ജനങ്ങൾ ആർത്തു. കണിക്കൊന്നയും റോസാപൂക്കളും മുല്ലമാലയും പഴങ്ങളും ഉൾപ്പെടെ നൽകിയാണ‌് പ്രിയനേതാവിനെ വരവേറ്റത‌്. പാലാ മണ്ഡലത്തിലെ രാമപുരം പഞ്ചായത്തിലെ ഇടക്കോലിയിൽ നിന്നായിരുന്നു പര്യടന തുടക്കം. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ  ഉദ്ഘാടനം ചെയ്തു. പയസ് രാമപുരം അധ്യക്ഷനായി.
സ്ഥാനാർഥി എത്തുമ്പോഴേക്കും കണിക്കൊന്ന പൂക്കളുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കാത്തുനിന്നിരുന്നു. വാദ്യമേളങ്ങളുടെയും മാലപ്പടക്കത്തിന്റെയും അകമ്പടിയോടെയായിരുന്നു വരവേല്പ‌്. തുടർന്ന് സ്വീകരണത്തിനുശേഷം ചെറിയ വാക്കുകളിൽ സ്ഥാനാർഥി വോട്ടഭ്യർഥിച്ചു.  വളക്കാട്ടുക്കുന്ന്, ചേറ്റുകുളം തുടങ്ങി വിവിധ കേന്ദ്രങ്ങൾ പിന്നിട്ട് പര്യടനം ഇടിയനാലിൽ എത്തിയപ്പോൾ കൂടിനിന്നവർ പായസം നൽകി സ്ഥാനാർഥിയെയും പ്രവർത്തകരെയും വരവേറ്റു.

രാമപുരം ടൗണിലെ കേന്ദ്രത്തിൽ മുൻ ദേശീയ വനിതാ കായിക താരം  ജോളി മാത്യുവും മറ്റ് സ്ത്രീകളും ഉൾപ്പെടെയുള്ളവർ  പൂക്കൾ നൽകി സ്വീകരിച്ചു. ഏഴാച്ചേരിയിലും സ്ത്രീകളുൾപ്പെടെ  നിരവധിപേർ സ്ഥാനാർഥിയെ വരവേറ്റു. താമരമുക്കിലേക്കുള്ള വഴിമധ്യേ  കാത്തുനിന്നവർ സ്ഥാനാർഥിയുടെ പര്യടന വാഹനം കൈകാട്ടി നിർത്തി പഴക്കുല നൽകി സ്നേഹം പ്രകടിപ്പിച്ചു. താമരമുക്കിലും ആവേശകരമായ വരവേല്പാണ് ലഭിച്ചത്.   ഭരണങ്ങാനം പഞ്ചായത്തിലേക്ക് പ്രവേശിച്ച പര്യടന പരിപാടിയെ പ്രവിത്താനം കവല, മാർക്കറ്റ് കവല എന്നിവിടങ്ങളിൽ യാത്രാമധ്യേ വഴിയിൽ കാത്തുനിന്ന അമ്പതോളം തൊഴിലുറപ്പ്   തൊഴിലാളി സ്ത്രീകൾ സ്ഥാനാർഥിക്ക‌് വിജയാശംസകൾ നേർന്നു. തുടർന്ന് കയ്യൂരിൽ എത്തിയ വാസവനെ  സ്ത്രീകൾ ഉൾപ്പെടെ ഗ്രാമവാസികൾ  മുദ്രാവാക്യം വിളികളോടെയാണ്  വരവേറ്റത്. 

ചൂണ്ടചേരിയിൽ  കർഷകത്തൊഴിലാളി സ്ത്രീകളും പെൻഷൻ ഗുണഭോക്തക്കളുമായ പുളിക്കപ്പറമ്പിൽ മേരിക്കുട്ടി ജോർജ്, വരിക്ക പൊതിക്കൽ തങ്കമ്മ അയ്യപ്പൻ, വാഴയിൽ അമ്മിണി വേലു എന്നിവർ  കാത്തുനിന്ന് സ്വീകരിച്ചു. ഭരണങ്ങാനം ടൗണിലെ  സ്വീകരണ ശേഷം പര്യടനം മീനച്ചിലാർ കടന്ന്  മീനച്ചിൽ പഞ്ചായത്തിലെ പാറപള്ളിയിലേക്ക് എത്തുമ്പോൾ മുത്തുക്കുടകളും  കുരുത്തോല തോരണങ്ങളാലും അലങ്കരിച്ച്  ഗ്രാമവാസികൾ കാത്തുനിൽക്കുകയായിരുന്നു. നാസിക‌് ഡോളിന്റെ മേളക്കൊഴുപ്പിനൊപ്പം മാലപ്പടക്കവും  മുദ്രാവാക്യം വിളികളും മറ്റുമായി അന്തരീക്ഷം മുഖരിതമാക്കി.  ഇടമറ്റം, രാജീവ് കോളനി എന്നിവിടങ്ങളിലെ സ്വീകരണശേഷം  കാവുങ്കൽ  ജങ്ഷനിലേക്കെത്തിയ സ്ഥാനാർഥിയെ നാട്ടുകാർ പഴക്കുലകളും കണിക്കൊന്ന പൂക്കളും നൽകിയാണ് വരവേറ്റത്.

വൈകിട്ടോടെ മണ്ഡലത്തിലെ എംഎൽഎ കൂടിയായ കെ എം മാണിയുടെ മരണവാർത്ത അറിഞ്ഞതോടെ മുത്തോലിക്കടവിൽ സ്വീകരണ പരിപാടി അവസാനിപ്പിച്ചു. തുടർന്ന‌് സ്ഥാനാർഥി വി എൻ വാസവൻ യോഗത്തിൽ അനുശോചനം അറിയിച്ചു.

വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് നേതാക്കളായ കെ എസ് രാജു, വി ജി വിജയകുമാർ, പയസ് രാമപുരം, ഷാർളി മാത്യു, അനിൽ മത്തായി, അഡ്വ. വി ടി തോമസ്,  പീറ്റർ പന്തലാനി, സി കെ ഹരിഹരൻ, സി എം സിറിയക്, എം ടി ജാന്റീഷ്, കെ പി റെജി, അഡ്വ. പി എസ് സുനിൽ, കെ എസ് അജയകുമാർ, എം പി കൃഷ്ണൻനായർ,  കെ എസ് സുദർശൻ,  കെ എസ് സുരേഷ് എന്നിവർ സംസാരിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, എൽഡിഎഫ് നേതാക്കളായ മാണി സി കാപ്പൻ, ബാബു കെ ജോർജ്, ആർ ടി മധുസൂദനൻ, ജോയി ജോർജ്, പി എം ജോസഫ്, കുര്യാക്കോസ് ജോസഫ്, ഷാജി കടമല, ജോസ് പാറേക്കാട്ട്, അഡ്വ. സണ്ണി ഡേവിഡ്, കെ എസ് മാധവൻ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.

കെ എം മാണിയുടെ നിര്യാണം ; വി എൻ വാസവന്റെ ഇന്നത്തെയും നാളത്തെയും പ്രചാരണം മാറ്റി
കോട്ടയം
കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ 10,11 തീയതികളിലെ  പര്യടനം അടക്കമുള്ള പൊതുപരിപാടികൾ കെ എം മാണിയുടെ നിര്യാണം മൂലം മാറ്റിയതായി എൽഡിഎഫ‌് പാർലമെന്റ‌് മണ്ഡലം പ്രസിഡന്റ‌് സി കെ ശശിധരനും സെക്രട്ടറി ടി ആർ രഘുനാഥനും അറിയിച്ചു.
തലമുതിർന്ന രാഷ്ട്രീയ നേതാവായിരുന്ന കെ എം മാണിയുടെ വേർപാടിൽ എൽഡിഎഫ‌് കമ്മിറ്റി അഗാധമായ ദുഃഖവും അറിയിച്ചു.

ഹൃദയാംഗീകാരം നൽകി ദേശീയ കായികതാരവും
പാലാ
എൽഡിഎഫ് സാരഥി വി എൻ വാസവനെ വരവേൽക്കാൻ ദേശീയ കായികതാരവും. അത‌്‌ലറ്റിക് മീറ്റിൽ ദേശീയ തലത്തിൽ ശ്രദ്ധേയയായ രാമപുരം പൂട്ടിയാനിയിൽ ജോളി മാത്യു ആണ് പൂക്കൾ നൽകി സ്ഥാനാർഥിയെ വരവേറ്റത്. രാമപുരം ടൗണിൽ നടന്ന സ്വീകരണ യോഗത്തിലാണ് അവർ എത്തിയത്.

പതിനായിരം മീറ്റർ ഓട്ടത്തിൽ 2016 ലാണ് ദേശീയ കായികതാരമായി ജോളി മാത്യുവിന‌് അംഗീകാരം ലഭിച്ചത്. തന്റെ അപേക്ഷ സംസ്ഥാന സർക്കാർ അനുഭാവപൂർവം പരിഗണിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അവർ എത്തിയത്. അംഗീകാരം സംബന്ധിച്ച അറിയിപ്പ് കിട്ടിയെങ്കിലും ഇതുവരെ ഒരാനുകൂല്യവും കേന്ദ്ര സർക്കാർ ലഭ്യമാക്കിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കായിക മന്ത്രാലയത്തിനും അപേക്ഷ നൽകിയെങ്കിലും മറുപടി പോലും കിട്ടിയില്ല.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. നിവേദനം ലഭിച്ചതായും തുടർന്ന് സ്പോർട്സ് വകുപ്പിന് കൈമാറിയതായും തുടർ നടപടി സ്വീകരിച്ചതുമായുള്ള അറിയിപ്പ് ലഭിച്ചു. കായിക ഡയറക്ടറേറ്റിൽ എത്താൻ അറിയിച്ചുള്ള ഫോൺ സന്ദേശവും ലഭിച്ചതായി ജോളി മാത്യൂ പറഞ്ഞു.
മുമ്പ് തപാൽ വകുപ്പിൽ 89 ദിവസം താൽക്കാലികമായി ജോലി ലഭിച്ചിരുന്നു. സ്കൂളുകളിൽ പിടി ടീച്ചറായി കുറച്ചുകാലം. ഇപ്പോൾ മറ്റ് ജോലികളൊന്നുമില്ല. 

ആശുപത്രികൾക്ക്‌ പുതിയമുഖം
പിറവം
മണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ മുഖച്ഛായ മാറ്റി എൽഡിഎഫ‌് സർക്കാർ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനുള്ള നയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തിരുമാറാടി പിഎച്ച്സി കുടുംബാരോഗ്യ കേന്ദ്രമായി. രണ്ടാംഘട്ടത്തിൽ രാമമംഗലം കുടുംബാരോഗ്യ കേന്ദ്രമാകും. എഫ്എച്ച്സി ആയി മാറുന്ന ആശുപത്രികളിൽ വൈകിട്ട് ആറുവരെ ഡോക്ടർമാരുടെ സേവനം ലഭിക്കും. കൂടാതെ മൂന്നു ഡോക്ടർമാർ, ലബോറട്ടറി സംവിധാനം എന്നിവയും ഉണ്ടാകും.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്ത് രാമമംഗലം, പാമ്പാക്കുട സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ ലബോറട്ടറികളിലെ സേവനം മെച്ചപ്പെടുത്തി. ലാബിന്റെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ നാലുവരെയായി ക്രമീകരിച്ചത‌്‌ നിരവധി രോഗികൾക്കാണ് ആശ്വാസമേകിയത്. മുൻ എൽഡിഎഫ‌്‌ സർക്കാരിന്റെ കാലത്ത് താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തിയ പിറവം ആശുപത്രിയിൽ അത്യാധുനിക രക്ത പരിശോധനാ സംവിധാനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കിയത് ആർദ്രം പദ്ധതിയിലൂടെയാണ്. ഇവിടെ 1.10 കോടി രൂപ ചെലവഴിച്ച‌് ഒരേ സമയം ഏഴുപേർക്ക് ഡയാലിസിസ് ചെയ്യാവുന്ന കേന്ദ്രവും  സ്ഥാപിച്ചു.

സർക്കാർ പ്രഖ്യാപിച്ച ആർദ്രം പദ്ധതിക്കു കീഴിലാണ‌് പിറവം മണ്ഡലത്തിലെ ആരോഗ്യമേഖലയിൽ ഉണർവ‌് പ്രകടമായത‌്.  പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് പുതിയ ഒപി ബ്ലോക്ക് പണിയാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് യുഡിഎഫ്  സർക്കാർ പ്രഖ്യാപിച്ച രണ്ടു കോടി വാഗ്ദാനത്തിൽ ഒതുങ്ങി. അന്ന് മന്ത്രി കൂടി ആയിരുന്ന സ്ഥലം എംഎൽഎ അനൂപ് ജേക്കബ്  പേരിന‌്‌ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തി. എന്നാൽ കരാറുകാരൻ നിർമാണം ഉപേക്ഷിക്കുകയും പദ്ധതി പെരുവഴിയിലാകുകയും  ചെയ്തു. എംഎൽഎ തിരിഞ്ഞുനോക്കാത്ത അവസ്ഥ വന്നപ്പോൾ എൽഡിഎഫിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാനുള്ള മുൻകൈ എടുക്കുകയും പൊതുമരാമത്ത്, ആരോഗ്യവകുപ്പ് മന്ത്രിമാരെ കണ്ട് നിവേദനം നൽകുകയും ചെയ്തു. തുടർന്ന‌് ആദ്യ കരാറുകാരനെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കെട്ടിടം നിർമാണം മേയിൽ പൂർത്തിയാകുന്ന തരത്തിൽ മുന്നേറുകയാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2UJm1HH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages