2004 ആവർത്തിക്കും ; ബിജെപിയെ തടയാൻ ഇടതുപക്ഷത്തിനേ കഴിയൂ: യെച്ചൂരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

2004 ആവർത്തിക്കും ; ബിജെപിയെ തടയാൻ ഇടതുപക്ഷത്തിനേ കഴിയൂ: യെച്ചൂരി

തിരുവനന്തപുരം
കേരളത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 2004 നു സമാനമായ സാഹചര്യമാണ‌് ഒരുങ്ങുന്നതെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ ബിജെപി ചിത്രത്തിലില്ല. എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള മത്സരമാണിവിടെ. രാജ്യം മുഴുവൻ ബിജെപിയെ തോൽപ്പിക്കാൻ ഒറ്റക്കെട്ടാവുമ്പോൾ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ‌് കോൺഗ്രസ‌് ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരം കേസരി സ്മാരക ഹാളിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ രാഹുൽ എൽഡിഎഫിനെതിരെ മത്സരിക്കുന്നതിന്റെ സന്ദേശം എന്താണെന്ന‌് ജനങ്ങളോടു വിശദീകരിക്കേണ്ടത‌് കോൺഗ്രസ‌് ആണ‌്. ഭയം കൊണ്ടാണോ വയനാട്ടിലും മത്സരിക്കുന്നത‌് എന്നും അറിയില്ല. കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരാണ‌്. ശരിയായ തീരുമാനമെടുക്കാൻ അവർക്കറിയാം. 2004ലെ തെരഞ്ഞെടുപ്പിൽ കേരളം വിധി എഴുതിയത‌് ഇതിനുദാഹരണമാണ‌്. ബിജെപിയെ താഴെ ഇറക്കി കേന്ദ്രത്തിൽ ബദൽ സർക്കാർ രൂപീകരിക്കുമെന്ന‌് തെരഞ്ഞെടുപ്പിനു മുമ്പ‌് സിപിഐ എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ‌് സുർജിത്ത‌് പറഞ്ഞു. അന്ന‌് എൽഡിഎഫിനെ 20ൽ 18 സീറ്റിൽ വിജയിപ്പിച്ചാണ‌് കേരളം ബദൽ സർക്കാരിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചത‌്. സമാനമായ സാഹചര്യമാണ‌് ഇപ്പോൾ. ബിജെപിയുടെ വർഗീയ ഭരണത്തിന‌് അന്ത്യം കുറിച്ച‌് കേന്ദ്രത്തിൽ മതിനിരപേക്ഷ സർക്കാർ അധികാരത്തിലേറും. ഇരുപത‌് സീറ്റിലും എൽഡിഎഫിനെ വിജയിപ്പിച്ച‌് ജനങ്ങൾ മതനിരപേക്ഷ സർക്കാരിന‌് ഉറച്ച പിന്തുണ പ്രഖ്യാപിക്കും.

ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ‌് ഇടതുപക്ഷത്തിന്റെ മുഖ്യ ലക്ഷ്യം. ഇതിനായി പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കരുത്ത‌് വർധിപ്പിക്കുകയാണ‌് രണ്ടാമത്തെ ലക്ഷ്യം. മൂന്നാമത്തെ ലക്ഷ്യം മതനിരപേക്ഷ സർക്കാർ രൂപീകരിക്കുക എന്നതും. ഇടതുപക്ഷത്തിന്റെ കരുത്ത‌് വർധിച്ചാലതിന്റെ ഗുണം ജനങ്ങൾക്കാണ‌്. 2004ലെ അനുഭവം ഇതു തെളിയിച്ചതാണ‌്. ജനങ്ങൾക്ക‌് ഗുണകരമായ ഒരുപാട‌് കാര്യങ്ങൾ അന്നത്തെ സർക്കാരിനെക്കൊണ്ട‌് നടപ്പാക്കാൻ ഇടതുപക്ഷത്തിനായി.

തെരഞ്ഞെടുപ്പിനു മുമ്പ‌് സഖ്യമുണ്ടാക്കുന്ന രീതി ദേശീയരാഷ‌്ട്രീയത്തിലില്ല. മൊറാർജി ദേശായി, വി പി സിങ‌്, ദേവഗൗഡ, എ ബി വാജ‌്പേയ‌്, മൻമോഹൻ സിങ‌് എന്നിവർ പ്രധാനമന്ത്രിമാരായത‌് തെരഞ്ഞെടുപ്പിനുശേഷം സഖ്യം രൂപീകരിച്ചാണ‌്. 2019ലും ഇതുതന്നെ സംഭവിക്കും. 2004ൽ ഇടതുപക്ഷത്തിന്റെ 61 എംപിമാരിൽ 57 പേർ കോൺഗ്രസ‌് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ‌് ലോക‌്സഭയിലെത്തിയത‌്.

രാജ്യത്തിന്റെ സമസ്ത മേഖലയിലും നാശം വിതച്ച നരേന്ദ്ര മോഡി സർക്കാരിനെ താഴെ ഇറക്കി പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയാണ‌് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. നരേന്ദ്ര മോഡി ഒറ്റയ‌്ക്ക‌്, ശേഷിക്കുന്നവരെല്ലാം മറുപക്ഷത്ത‌്–-ഇതാണ‌് ബിജെപിയുടെ പ്രചാരണം. എൻഡിഎയിൽ 32 കക്ഷികളുണ്ടെന്ന വസ്തുത മറച്ചുവച്ചാണ‌് ഈ പ്രചാരണം. എല്ലാ കാര്യങ്ങളിലും ഇതുപോലെ നുണ പ്രചാരണം നടത്തുകയാണ‌് ബിജെപിയെന്ന‌ും യെച്ചൂരി പറഞ്ഞു.

ബിജെപിയെ തടയാൻ ഇടതുപക്ഷത്തിനേ കഴിയൂ: യെച്ചൂരി
സ്വന്തം ലേഖകൻ
ബിജെപിയുടെ തുടർഭരണത്തിന‌് തടയിടാൻ ഇടതുപക്ഷത്തിന‌ുമാത്രമേ കഴിയൂവെന്ന‌്  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ താഴെ ഇറക്കിയാലേ ഇന്ത്യയെ രക്ഷിക്കാനാകൂ. ഈ ചരിത്രനിയോഗം ഏറ്റെടുക്കാൻ ഇടതുപക്ഷം തയ്യാറായിക്കഴിഞ്ഞെന്ന‌് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പൊതുയോഗങ്ങൾ ഉദ‌്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ നിർണായകമായ തെരഞ്ഞെടുപ്പിനാണ‌് രാജ്യം ഒരുങ്ങുന്നത‌്. രാജ്യത്തെ മുച്ചൂടും മുടിച്ച ബിജെപി ഭരണത്തിന‌് അന്ത്യംകുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത‌്.

ഭൂമിയുടെയും ആകാശത്തിന്റെയും മാത്രമല്ല, ബഹിരാകാശത്തിന്റെയും കാവൽക്കാരനാണ‌് താനെന്ന‌് മോഡി പറയുന്നു. സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാതെ സ്വപ‌്നംകാണുന്ന കാവൽക്കാരനാണ‌് മോഡി. സ്വപ‌്നം കണ്ടത‌് പദ്ധതിക‌ളായി പ്രഖ്യാപിക്കും. പക്ഷേ, ഒരിക്കലും നടപ്പാകില്ല. സ്വന്തം കടമകൾ മറന്ന‌ കാവൽക്കാരനെ പുറത്താക്കുക എന്നത‌് ഉടമകളായ ജനങ്ങളുടെ കടമയാണ‌്.

നുണകളാൽ കെട്ടിപ്പൊക്കിയ കൊട്ടാരമാണ‌് ബിജെപി സർക്കാർ. എന്തിനും ഏതിനും അവർ നുണ പറയും. ബാലാകോട്ട‌് ആക്രമണത്തെക്കുറിച്ച‌് അവർ നുണ പറഞ്ഞു. വിജയിക്കില്ല എന്നായപ്പോൾ ഉപഗ്രഹവേധ മിസൈലിനെക്കുറിച്ചായി നുണ. ബിജെപിമാത്രമാണ‌് ഭീകരർക്ക‌് എതിര‌് എന്നാണ‌് അവകാശവാദം.

കർഷകർ മോഡി ഭരണത്തിനു കീഴിൽ പട്ടിണിയിലായി. യുവാക്കൾ തൊഴിലില്ലാതെ അലഞ്ഞുതിരിയുന്നു. ബിജെപി വാരിക്കൂട്ടിയ അഴിമതിപ്പണത്തിന്റെ പകുതി ഉണ്ടായിരുന്നെങ്കിൽ രാജ്യത്തെ പട്ടിണി മാറ്റാമായിരുന്നു.  തൊഴിൽ നൽകാമായിരുന്നു. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ‌് ആർഎസ‌്എസ‌് ശ്രമിക്കുന്നത‌്. സ്വകാര്യ ക്രിമിനൽസേനകളെ ഉപയോഗിച്ച‌് അവർ ദളിതരെയും മുസ്ലിങ്ങളെയും അടിച്ചമർത്തുന്നു. 

പശുവിന്റെ പേരിൽ ഈ സേന കൊലപാതകം നടത്തുന്നു. അതേസമയം, കേരളത്തിലെ ഒരു ബിജെപി സ്ഥാനാർഥി പറഞ്ഞത‌് ജയിച്ചാൽ നല്ല പശുവിറച്ചി ലഭ്യമാക്കുമെന്നാണ‌്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും പശുവിന്റെ ഇറച്ചിക്ക‌് അവർ അയിത്തം കൽപ്പിച്ചിട്ടില്ല. ബിജെപിയുടെ ഇരട്ടത്താപ്പിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത‌്  –-യെച്ചൂരി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2uzDLGU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages