കൊച്ചി > ‘‘സർക്കാർ പണം അനുവദിച്ചില്ലായിരുന്നെങ്കിൽ ഇന്നും ഞങ്ങൾ വാടക വീടുകളിൽ കഴിഞ്ഞേനെ. 12 വർഷത്തിനുള്ളിൽ ഒമ്പത‌് വീടുകളിൽ മാറി മാറി താമസിച്ചു. മകൾക്കാണ‌് ഏറ്റവും വലിയ സന്തോഷം. കൂട്ടുകാരുടേതുപോലെ സ്വന്തമായി ഒരു വീട‌് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ‌് അവൾ’’–- എറണാകുളം മുളവുകാട‌് സ്വദേശി ബൈജുവിന്റെ വാക്കുകളിൽ വീടിന്റെ ഉടമയായതിലുള്ള അഭിമാനം; ‘‘എല്ലാം പെറുക്കിക്കെട്ടി ഇനി ഓടേണ്ടല്ലോ? ’’
മരപ്പണിക്കാരനായ ബൈജു വരുമാനത്തിൽനിന്ന‌് ചെറിയ തുക മാറ്റിവച്ചാണ‌് മുളവുകാട‌് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂന്ന‌് സെന്റ‌് സ്ഥലം വാങ്ങിയത‌്. 800 രൂപയിൽ തുടങ്ങി 6000 രൂപവരെയായി ഇതിനിടയിൽ വാടക. മകൾ വളർന്നതോടെ ചെലവും വർധിച്ചു.
ഭാര്യ ലാലിയും ദിവസക്കൂലിക്ക‌് തൊഴിലിനു പോകുന്നുണ്ടെങ്കിലും മിച്ചം ഒന്നും ഇല്ലാതായി. സംസ്ഥാന സർക്കാരിന്റെ ‘ലൈഫ‌്’ പദ്ധതി വന്നതോടെ പഞ്ചായത്ത‌് അധികൃതർ ബൈജുവിന്റെ സ്വപ‌്നത്തിന‌് കൂടൊരുക്കി. പഞ്ചായത്ത‌് പ്രസിഡന്റ‌് വിജി ഷാജനും വാർഡ‌് അംഗം ബെന്നിയും നേതൃത്വം വഹിച്ചതോടെ 410 ചതുരശ്രഅടിയിൽ ‘ഇട്ടിക്കുന്നത്ത‌്’ എന്ന മനോഹരഭവനം ഒരുങ്ങി. ലൈഫ‌് പദ്ധതി പ്രകാരം നാല‌് ലക്ഷം രൂപയാണ‌് ലഭിച്ചത‌്. രണ്ടു മാസം കൊണ്ട‌് പണി പൂർത്തിയാക്കി താക്കോൽ കൈമാറി.
അഞ്ച് വർഷത്തിനുള്ളിൽ മുഴുവൻ പേർക്കും വീട്, തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹ്യ പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനം–-ഇതാണ‌് സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി. ഭൂമിയുള്ള ഭവനരഹിതർ, ഭൂമിയേ ഇല്ലാത്തവർ, നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടും വീടുപണി പൂർത്തിയാക്കാൻ കഴിയാത്തവർ, പുറമ്പോക്കിലും തീരത്തും തോട്ടം മേഖലയിലും താൽക്കാലിക വീടുള്ളവർ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചായിരുന്നു ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത‌്. വിധവകൾ, അഗതികൾ എന്നിവർക്കായിരുന്നു മുൻഗണന.
from Kerala || Deshabhimani Online News http://bit.ly/2TTGxkE
via IFTTT
No comments:
Post a Comment