കോൺഗ്രസ‌് സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കാൻ ശനിയാഴ‌്ച നടത്തിയ നീക്കവും പാളിയതോടെ സംഗതി ഹൈക്കമാൻഡിന്റെ കളത്തിലേക്ക‌് മാറ്റി. സ്ഥാനാർഥി ചർച്ചയ‌്ക്കായി നേതാക്കൾ ഞായറാഴ‌്ച കൂട്ടത്തോടെ ഡൽഹിക്ക‌് തിരിക്കും. തിങ്കളാഴ‌്ചയും ചൊവ്വാഴ‌്ചയും അവിടെയായിരിക്കും തന്ത്രങ്ങളും ചരടുവലികളും. സ്ഥാനാർഥി ചർച്ചകൾക്കായി മുൻ കെപിസിസി പ്രസിഡന്റുമാരെയും വി ഡി സതീശനെയും ഡൽഹിക്ക‌് വിളിച്ചിട്ടുണ്ട‌്. എല്ലാവരും ഞായറാഴ‌്ച ഡൽഹിയിലെത്തും.
15നുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ‌് നേതൃത്വം ഇപ്പോൾ.
സാധ്യതാ പട്ടിക തയ്യാറാക്കാനായി മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ‌് ചെന്നിത്തല എന്നിവർ കെപിസിസി ആസ്ഥാനത്ത‌് അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറിലേറെ കൂടിയാലോചന നടത്തിയെങ്കിലും പല സീറ്റിലും ഒറ്റപ്പേരിന‌് സാധ്യത തെളിഞ്ഞില്ല. ഇതോടെ ചർച്ച മതിയാക്കി മൂന്നും നാലും പേര‌് എഴുതി ഡൽഹിക്ക‌് പോകാൻ തീരുമാനിക്കുകയായിരുന്നു. സിറ്റിങ‌് സീറ്റുകളിൽ വേറെ പട്ടിക നൽകേണ്ടതില്ലെന്ന‌് ഹൈക്കമാൻഡിന്റെ കർശന നിർദേശം നിലവിലുണ്ടെങ്കിലും അത‌് മറികടന്ന‌് എറണാകുളത്തും പത്തനംതിട്ടയിലും മറ്റ‌് പേരുകളും ഉൾപ്പെടുത്തി. എറണാകുളത്ത‌് കെ വി തോമസിന്റെ പേരിനൊപ്പം ഹൈബി ഈഡന്റെയും പത്തനംതിട്ടയിൽ പി ജെ കുര്യൻ, ഉമ്മൻചാണ്ടി എന്നിവരുടെ പേരുമാണ‌് ഉള്ളത‌്.
ഇടുക്കിയിലും ഉമ്മൻചാണ്ടിയുടെ പേരുണ്ട‌്.
കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നിവരുടെ പേരുകളും ഹൈക്കമാൻഡിനു മുന്നിൽ സമർപ്പിക്കാനാണ‌് ധാരണ. ആലപ്പുഴയിൽ എ എം ആരിഫ‌് വന്നതോടെ മത്സരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച വേണുഗോപാലിനു മേൽ കടുത്ത സമ്മർദമുണ്ട‌്. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെയും കണ്ണൂരിൽ കെ സുധാകരനെയും പട്ടികയിൽ ഉൾപ്പെടുത്തി. എ പി അബ്ദുള്ളക്കുട്ടിയുടെ പേര‌് വടകരയിലും കണ്ണൂരിലും കാസർകോട്ടും ഉൾപ്പെടുത്തിയിട്ടുണ്ട‌്. കാസർകോട്ട‌് സുബ്ബയ്യ റൈയാണ‌് ആദ്യപേരുകാരൻ. ടി സിദ്ദിഖ‌്, ഷാനിമോൾ ഉസ‌്മാൻ, എം എം ഹസ്സൻ എന്നിങ്ങനെ ആറു പേരുകളാണ‌് വയനാട‌് സീറ്റിൽ. ആരെ വേണമെങ്കിലും ഹൈക്കമാൻഡ‌് തീരുമാനിക്കട്ടെ എന്നതാണ‌് സ്ഥിതി.
തൃശൂരിൽ വി എം സുധീരന്റെയും ടി എൻ പ്രതാപന്റെയും പേരാണുള്ളത‌്. ചാലക്കുടിയിൽ പ്രതാപനു പുറമെ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ‌്, മാത്യൂ കുഴൽനാടൻ എന്നീ പേരുകളുണ്ട‌്.
പാലക്കാട്ട‌് വി കെ ശ്രീകണ‌്ഠന്റെ പേരിനൊപ്പം ഷാഫി പറമ്പിലിന്റെ പേരും മുന്നോട്ടുവയ‌്ക്കും. ആറ്റിങ്ങലിൽ അടൂർ പ്രകാശ‌്, ഷാനി മോൾ ഉസ‌്മാൻ എന്നിവരെയും ഉൾപ്പെടുത്തി.
from Kerala || Deshabhimani Online News https://ift.tt/2J2RCzG
via IFTTT
No comments:
Post a Comment