തൃക്കാക്കര
രാഷ്ട്രീയപ്രവർത്തനത്തിന‌് വേറിട്ട മുഖം സമ്മാനിച്ച‌് ജില്ലയിൽ പാലിയേറ്റീവ‌് പ്രസ്ഥാനത്തിന‌് നേതൃത്വം നൽകിയ പി രാജീവ‌്, നാമനിർദേശപത്രിക സമർപ്പണദിനവും വേറിട്ടതാക്കി. ശനിയാഴ‌്ച നാലു കിടപ്പുരോഗികൾക്ക‌് സാന്ത്വനം പകർന്നശേഷമാണ‌് എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് നാമനിർദേശപത്രിക സമർപ്പിച്ചത‌്.
തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിനുസമീപം താമസിക്കുന്ന കണ്ടത്തിൽവീട്ടിൽ സുധീറിന്റെ കുടുംബത്തിലുള്ള മൂന്നു കിടപ്പുരോഗികളെയാണ് രാജീവ് സന്ദർശിച്ചത്. രോഗപീഡയിൽ കഴിയുന്ന കോമളം (82), മകൾ ശ്രീകല (53), മകൻ രാജീവ് (54) എന്നിവരെ കണ്ട‌് ആശീർവാദം ഏറ്റുവാങ്ങി. ജന്മനാ അംഗവൈകല്യമുള്ള ശ്രീകല മാനസികമായ വെല്ലുവിളിയും നേരിടുന്നുണ്ട്. കട്ടിലിൽത്തന്നെയാണ് ഏതുനേരവും കിടപ്പ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന‌് അരികിൽ ആരെങ്കിലും വേണം. കണ്ണിന് കാഴ്ചയില്ലാത്ത രാജീവും മാനസിക വെല്ലുവിളി നേരിടുന്നുണ്ട‌്.
വീട്ടിൽ ആരെങ്കിലും എത്തുന്നത‌് വലിയ ആശ്വാസമാണെന്ന‌് കോമളം പറഞ്ഞു. സ്ഥാനാർഥിയെ കണ്ടപ്പോൾ സന്തോഷം തോന്നി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന‌് അവർ രാജീവിനോട‌് പറഞ്ഞു.
തുടർന്ന‌് ഇതിനടുത്ത‌് താമസിക്കുന്ന ഇ എം എസ് അളിയൻ എന്നു നാട്ടുകാർ വിളിക്കുന്ന കളപ്പുരയ്ക്കൽ അബ്ദുൾ ഖാദറെ (72)യും കണ്ടു. ഇദ്ദേഹവും കിടപ്പുരോഗിയാണ്.
തന്റെ വോട്ട‌് പി രാജീവിനുതന്നെയെന്ന‌് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുദിനം തന്നെ ഓർമിപ്പിക്കണമെന്ന് ആശാ പ്രവർത്തകയും കൗൺസിലറുമായ നിഷാ ബീവിയോട് അബ്ദുൾ ഖാദർ പറഞ്ഞു. സിപിഐ എം തൃക്കാക്കര സെൻട്രൽ ലോക്കൽ സെക്രട്ടറി കെ ആർ ജയചന്ദ്രൻ, സി പി സാജിൽ, എൻ കെ വാസുദേവൻ എന്നിവരും രാജീവിനൊപ്പമുണ്ടായി.
ആഘോഷമായി പത്രികാസമർപ്പണം
തൃക്കാക്കര
എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ നാമനിർദേശ പത്രികാ സമർപ്പണവും ആഘോഷമാക്കി എൽഡിഎഫ‌് പ്രവർത്തകരും ജനങ്ങളും. വെള്ളിയാഴ‌്ച പത്രിക സമർപ്പിക്കുമെന്ന വിവരം അറിഞ്ഞ‌് മണ്ഡലത്തിലെമ്പാടുമുള്ള എൽഡിഎഫ‌് പ്രവർത്തകർ രാവിലെതന്നെ കലക്ടറേറ്റ‌് പരിസരത്തെത്തി.
സിപിഐ എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിന‌് മുന്നിൽ സംഘടിച്ച ഇവർ സ്ഥാനാർഥിയെ മുന്നിൽനിർത്തി വൻ പ്രകടനമായാണ‌് കലക്ടറേറ്റ‌് ഗേറ്റിലെത്തിയത‌്. എൽഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകി. മുതിർന്ന നേതാവ് എം എം ലോറൻസ്, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, പാർലമെന്റ് മണ്ഡലം കൺവീനർ സി എം ദിനേശ‌്മണി, ചെയർമാൻ പി രാജു, എംഎൽഎമാരായ എസ് ശർമ, എം സ്വരാജ്, കെ ജെ മാക്സി, ജോൺ ഫെർണാണ്ടസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കെ മണിശങ്കർ, എൽഡിഎഫ‌് നേതാക്കളായ സാബു ജോർജ്, ബി എ അഷറഫ്, ജോർജ് ഇടപ്പരത്തി, തൃക്കാക്കര മണ്ഡലം സെക്രട്ടറി സി കെ പരീത്, കളമശേരി മണ്ഡലം സെക്രട്ടറി വി എ സക്കീർ ഹുസൈൻ എന്നിവർ ഒപ്പമുണ്ടായി. എസ‌് ശർമ എംഎൽഎ, സി എൻ മോഹനൻ, സി എം ദിനേശ‌് മണി, പി രാജു എന്നിവർക്കൊപ്പം വരണാധികാരിയായ കലക്ടറുടെ ചേംബറിലെത്തിയാണ‌് പത്രിക കൈമാറിയത‌്. മുന്ന‌് സെറ്റ‌് പത്രിക നൽകി. കഥാകൃത്ത് ടി പത‌്മനാഭനാണ‌് കെട്ടിവയ‌്ക്കാനുള്ള തുക നൽകിയത‌്. എംഎൽഎമാരായ എസ് ശർമ, ജോൺ ഫെർണാണ്ടസ‌്, കെ ജെ മാക‌്സി എന്നിവരാണ‌് സ്ഥാനാർഥിയായി പി രാജീവിനെ നിർദേശിച്ചത‌്.
രാവിലെ അമ്മയുടെ ആശീർവാദം വാങ്ങിയാണ‌് പി രാജീവ‌് നാമനിർദേശം നൽകുന്നതിനായി പുറപ്പെട്ടത‌്. എം ടി വാസുദേവൻനായരെ ഫോണിൽ വിളിച്ച‌് ആശീർവാദം വാങ്ങി. രാവിലെ കളമശേരിയിലെ ഇ ബാലനന്ദന്റെയും തൃപ്പൂണിത്തുറയിലെ എ പി വർക്കിയുടെയും എരൂരിലെ ടി കെ രാമകൃഷ്ണന്റെയും സ‌്മൃതി മണ്ഡപങ്ങളിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന‌് കാക്കനാട‌് കിടപ്പുരോഗികളെയും സന്ദർശിച്ചശേഷമാണ‌് പി രാജീവ‌് നാമനിർദേശപത്രിക നൽകാനെത്തിയത‌്.
കലക്ടറേറ്റിൽ വൻ മാധ്യമപ്പടയാണ‌് നാമനിർദേശ പത്രികാസമർപ്പണം റിപ്പോർട്ട‌് ചെയ്യാനെത്തിയത‌്. പത്രിക സമർപ്പിച്ചു പുറത്തുവന്ന പി രാജീവിനു മുന്നിൽ മാധ്യമങ്ങൾ മൈക്കുമായെത്തിയെങ്കിലും കലക്ടറേറ്റിനു പുറത്തെത്തി സംസാരിക്കാമെന്ന‌് രാജീവ‌് പറഞ്ഞു. യുഡിഎഫ‌് തുടരെ പരാതി നൽകുന്നത‌് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരോട‌് തെരഞ്ഞെടുപ്പിനെ സർഗാത്മക സംവാദമാക്കാനാണ‌് താൻ ആഗ്രഹിക്കുന്നതെന്ന‌് പി രാജീവ‌് പറഞ്ഞു. താൻ വിദ്യാർഥികളെ കാണുന്നതിനെതിരെയാണ‌് പരാതികൾ നൽകുന്നത‌്. നമുക്ക‌് പറയേണ്ടതു പറയുകയും വോട്ടർമാരെ കേൾക്കുകയും ചെയ്യുക എന്നത‌് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
.jpg)
പി രാജീവിന‌് കൈവശം 1000 രൂപ
കൊച്ചി
എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന‌് 16,78,774 രൂപയുടെ ആസ‌്തി. നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച ആസ‌്തിരേഖയിലാണ‌് ഈ വിവരം. സ്വന്തംപേരിൽ ഭൂമിയോ കെട്ടിടമോ ഇല്ല. 8,14,567 രൂപയുടെ ബാധ്യതയുണ്ട‌്. കൈവശമുള്ളത‌് 1000 രൂപയാണ‌്. ഒമ്പതു ലക്ഷം രൂപ മൂല്യമുള്ള 2012 മോഡൽ ഇന്നോവ കാർ സ്വന്തം പേരിലുണ്ട‌്. ബാങ്ക‌് നിക്ഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസും ഉണ്ട‌്.
രാജീവിന്റെ ഭാര്യ വാണി കേസരിക്ക‌് 42, 98,155 രൂപ മൂല്യമുള്ള ജംഗമവസ‌്തുക്കളുണ്ട‌്. 11.69 ലക്ഷത്തിന്റെ ബാങ്ക‌് നിക്ഷേപവും 7.25 ലക്ഷത്തിന്റെ ഇൻഷുറൻസും 24 ലക്ഷം രൂപ വിലയുള്ള സ്വർണവും ഉൾപ്പെടെയാണിത‌്. രാജീവിന്റെ അമ്മ രാധയ‌്ക്ക‌് 79,661 രൂപയുടെ ജംഗമസ്വത്താണുള്ളത‌്.
വാണി കേസരിക്ക‌് 1.90 കോടി രൂപ മൂല്യമുള്ള സ്ഥാവര സ്വത്തുണ്ട‌്. വീടും കൃഷി ഭൂമിയും ഉൾപ്പെടെയാണിത‌്. അമ്മ രാധയുടെ പേരിൽ 2.31 കോടിയുടെ സ്ഥാവര വസ‌്തുക്കളുണ്ട‌്.
കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും എൽഎൽബിയുമാണ‌് രാജീവിന്റെ ഉയർന്ന വിദ്യാഭ്യാസയോഗ്യത. മുൻ രാജ്യസഭാ എംപി എന്ന നിലയിലുള്ള 21,500 രൂപ പെൻഷനാണ‌് മാസവരുമാനം. സ‌്കൂൾ ഓഫ‌് ലീഗൽ സ‌്റ്റഡീസിൽ ഡയറക്ടറായ വാണിക്ക‌് 80,375 രൂപയാണ‌് മാസവരുമാനം. നോർത്ത‌് പറവൂർ, അങ്കമാലി, എറണാകുളം നോർത്ത‌് സ‌്റ്റേഷനുകളിലായി ഓരോ കേസുകളാണ‌് രാജീവിന്റെ പേരിലുള്ളത‌്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ‌് മൂന്നു കേസും.
രണ്ടാംഘട്ട പര്യടനം ഇന്ന് തൃപ്പൂണിത്തുറയില്‍
കൊച്ചി
എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ രണ്ടാംഘട്ട പൊതുപര്യടനം ഞായറാഴ‌്ച തൃപ്പൂണിത്തുറ മണ്ഡലത്തിൽനിന്ന് ആരംഭിക്കും. രാവിലെ 7.30ന് പൂത്തോട്ടയിൽ ആരംഭിക്കുന്ന പര്യടനം രാത്രി എട്ടിന‌് മരട് നോർത്തിൽ സമാപിക്കും.
വിജയം കുറിച്ചിട്ട‌് തിനയാട്ട‌് വീട‌്
വൈപ്പിൻ
എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് സ്വന്തം വീട‌് നൽകി തിനയാട്ട് രാജേഷ്. പള്ളിപ്പുറം പഞ്ചായത്തിൽ ചെറായി ഏഴാം വാർഡിലെ വീടിന്റെ മുൻവശത്തെ ഭിത്തിയിൽ രാജീവിന്റെ ചിഹ്നവും ഫോട്ടോയും നൽകിയിട്ടുണ്ട‌്. മത്സ്യബന്ധനരംഗത്ത‌് പ്രവർത്തിക്കുന്ന രാജേഷ് സിപിഐ എം പ്രവർത്തകനാണ‌്. 16–-ാം ബൂത്തിലെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രദീപ് ശോണയാണ് രാജേഷിന്റെ വീട‌് പ്രചാരണത്തിനായി ഒരുക്കിയത്.
.jpg)
from Kerala || Deshabhimani Online News https://ift.tt/2HZHTIg
via IFTTT
No comments:
Post a Comment