ചെങ്ങന്നൂർ
ആരാണ് കൂടുതൽ അഴിമതി നടത്തിയതെന്ന കാര്യത്തിലാണ‌് ബിജെപിയും കോൺഗ്രസും തമ്മിൽ തർക്കമെന്ന‌് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. എൽഡിഎഫ് മാവേലിക്കര പാർലമെന്റ‌് മണ്ഡലം കൺവൻഷൻ ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുണിയുരിഞ്ഞ് ഡൽഹിക്കു പോയ പതഞ്ജലി വ്യവസായി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് വിദേശ മാധ്യമത്തിന് സങ്കൽപ്പിക്കാൻ കഴിയുന്ന നിലയിൽ ഇന്ത്യയെ എത്തിച്ചത് കോൺഗ്രസാണ്. ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരിക്കാനുള്ള അംഗസംഖ്യയേ കോൺഗ്രസിനു കിട്ടൂ. വിമാനത്താവളങ്ങൾ വരെ വിറ്റുതുലയ‌്ക്കുകയാണ് ബിജെപി. പശുവിനെ വളർത്താൻ ഗോശാലയുണ്ടാക്കുമെന്ന് പറയുന്ന പ്രകടനപത്രിക ലോകത്ത് ഇന്ത്യയിൽ മാത്രമേ കാണൂ.
പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൊടുക്കരുതെന്നു പറഞ്ഞ രാജ്യദ്രോഹികളാണ് കേരളത്തിലെ കോൺഗ്രസുകാർ. ആയിരം വീടുവച്ചു കൊടുക്കുമെന്നു പറഞ്ഞ അവർ പറയുന്നത് 36 വീടുവച്ചു കൊടുത്തുവെന്നാണ്. അതിശക്തനായ കുമ്മനം വന്നുവെന്നാണ് മാധ്യമങ്ങൾ പറയുന്നത്. പലതവണ തോറ്റ കുമ്മനത്തിന് ഇത്തവണയും അതു തന്നെയാണ് സംഭവിക്കുക. ശ്രീധരൻപിള്ളയ‌്ക്കാണെങ്കിൽ എന്നും തോൽക്കാനേ വിധിയുള്ളൂ.
തെരഞ്ഞെടുപ്പിന‌്മുമ്പേ ആലപ്പുഴയിൽ എൽഡിഎഫ് ജയിച്ചു. അവിടെ പുരുഷൻ തോൽക്കുമോ, സ‌്ത്രീ തോൽക്കുമോ എന്നേ അറിയാനുള്ളൂ. കോട്ടയത്ത് മാണിയും ജോസഫും തമ്മിൽ അടിയാണ‌്. അവിടെ വി എൻ വാസവനും വിജയം ഉറപ്പിച്ചു.
ഹൈമാസ‌്റ്റ‌് ലൈറ്റിനു പോലും കമീഷൻ വാങ്ങാത്ത എംപി മാവേലിക്കരയ‌്ക്ക‌് ഉണ്ടാകണം. പ്രളയത്തിൽ ക്യാമ്പു സന്ദർശിക്കുകപോലും ചെയ്യാത്ത എംപി ഇവിടെ ഉണ്ടാകരുത്. ചെറ്റക്കുടിലിനു മുന്നിൽ നിന്നുള്ള ഫോട്ടോയിലൂടെ മനോരമ അവതരിപ്പിച്ച എംപിക്ക‌് സ്വന്തം പേരിലും പ്രിയപ്പെട്ടവരുടെ പേരിലും നിരവധി കെട്ടിടങ്ങളുണ്ട‌്.
നിസ്വാർഥനായ ചിറ്റയം ഗോപകുമാർ അഴിമതി നടത്തില്ലെന്ന സാക്ഷ്യപത്രം തനിക്ക് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TO80YI
via IFTTT
No comments:
Post a Comment