തിരുവനന്തപുരം
അവശ്യ സൗകര്യങ്ങൾ ഒരുക്കാതെ വോട്ട‌് ചേർക്കൽ നാടകം നടത്തിയ തെരഞ്ഞെടുപ്പ‌് കമീഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോക‌്സഭ തെരഞ്ഞെടുപ്പിന‌് മുന്നോടിയായി തെരഞ്ഞെടുപ്പ‌് കമീഷന്റെ വെബ‌്സൈറ്റിൽ ഓൺലൈനായി പുതിയ വോട്ടർമാരെ ചേർക്കാൻ പ്രത്യേക ക്യാമ്പ‌് നടത്തിയിരുന്നു. എന്നാൽ, വെബ‌്സൈറ്റ‌് തകരാറും ക്യാമ്പുകളിലെ ബൂത്ത‌് ലെവൽ ഓഫീസർമാർക്ക‌് (ബിഎൽഒ) ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്ത‌് കൊടുക്കാത്തതും മൂലം പേര‌് ചേർക്കാൻ എത്തിയ പലർക്കും നിരാശയായിരുന്നു ഫലം. ശനിയാഴ്ച ബൂത്തുകളിലെത്തി നിരാശരായി മടങ്ങി ഞായറാഴ്ച വീണ്ടുമെത്തിയപ്പോഴും പേര‌് ചേർക്കാനാവാത്തത‌് പലയിടങ്ങളിലും പൊതുജനങ്ങളും ബിഎൽഒമാരും തമ്മിൽ വാക്കേറ്റമുണ്ടാകാൻ കാരണമായി.
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ 24970 പോളിങ‌് ബൂത്തുകളിലും ബിഎൽഒമാരുടെ നേതൃത്വത്തിലാണ‌് ക്യാമ്പുകൾ സജ്ജീകരിച്ചിരുന്നത‌്. അങ്കണവാടി ടീച്ചർമാരുൾപ്പെടെ ആറും ഏഴും ആളുകളെയാണ‌് ക്യാമ്പുകളുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയത‌്. എന്നാൽ, ഓൺലൈനായി പേര‌് ചേർക്കാൻ എത്തിയ വോട്ടർമാരുടെ കൈയിൽനിന്ന‌് ഫോട്ടോയും വിലാസം തെളിയിക്കുന്ന രേഖകളും കൈപ്പറ്റുക മാത്രമാണ‌് ബൂത്തുകളിൽ നടന്നത‌്. ക്യാമ്പുകളിൽ നിയോഗിക്കപ്പെട്ടവർക്ക‌് ലാപ‌്ടോപ‌്, ഇന്റർനെറ്റ‌് കണക്ഷൻ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാത്തതാണ‌് കാരണം. ശനിയാഴ്ച എത്തിയ പലരെയും സൗകര്യക്കുറവ‌് വിശദീകരിച്ച‌് പലയിടത്തുനിന്നും തിരികെ അയച്ചു.
ലാപ‌്ടോപ‌് ആവശ്യപ്പെട്ടപ്പോൾ രേഖകൾ ശേഖരിച്ച‌് അടുത്ത പ്രവൃത്തിദിനമായ ചൊവ്വാഴ്ച അതത‌് താലൂക്ക‌് ഓഫീസുകളിൽ എത്തിക്കണമെന്ന നിർദേശമാണ‌് ലഭിച്ചതെന്ന‌് ബിഎൽഒമാർ പറഞ്ഞു. താലൂക്ക‌് ഓഫീസ‌് ജീവനക്കാർ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര‌് ചേർത്തുകൊള്ളുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
സ്വന്തമായി ലാപ‌്ടോപ്പും ഇന്റർനെറ്റ‌് കണക്ഷനും ഉള്ള ബിഎൽഒമാർക്ക‌് തെരഞ്ഞെടുപ്പ‌് കമീഷൻ വെബ‌്സൈറ്റ‌് വഴി പുതിയ വോട്ടർമാരുടെ പേര‌് ചേർക്കാമെന്നായിരുന്നു നിർദേശം. എന്നാൽ, കമിഷൻ വെബ‌്സൈറ്റിലെ സാങ്കേതിക തകരാറ‌് മൂലം ലിങ്ക‌് തുറക്കാനായില്ലെന്ന‌് ബിഎൽഒമാർ ചൂണ്ടിക്കാട്ടി. ഫലത്തിൽ, സ്വന്തമായി ലാപ‌്ടോപ‌് ഉള്ളവരും ഇല്ലാത്തവരുമായ ബിഎൽഒമാർക്ക‌് രണ്ടുദിവസം രേഖകൾ ശേഖരിക്കുക മാത്രമായിരുന്നു ജോലി.
ശേഖരിച്ച രേഖകൾ കൈപ്പറ്റിയതിന്റെ രസീത‌് നൽകാനുള്ള സംവിധാനവും ലഭ്യമായിരുന്നില്ല. ഓൺലൈൻ രജിസ‌്ട്രേഷൻ എപ്പോൾ നടക്കുന്നു, രജിസ‌്റ്റർ ചെയ‌്തോ തുടങ്ങിയ കാര്യങ്ങളിലെ അവ്യക്തത പരിഹരിക്കാനാവാത്തതും പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. മുൻകാലങ്ങളിൽ ഓൺലൈനായി ഓരോ അപേക്ഷയും സമർപ്പിക്കുന്ന മുറയ്ക്ക‌് ബിഎൽഒമാരുടെയും അപേക്ഷകന്റെയും മൊബൈലിലേക്ക‌് വിവരങ്ങൾ മെസേജായി എത്തിയിരുന്നു. എന്നാൽ, പുതിയ സംവിധാനത്തിൽ അപേക്ഷകൾ സൂക്ഷ‌്മപരിശോധന ചെയ്യേണ്ട ഘട്ടത്തിൽ മാത്രമാണ‌് ബിഎൽഒമാർക്ക‌് വിവരങ്ങൾ ലഭ്യമാകുന്നത‌്.
എന്നാൽ, ക്യാമ്പുകളിൽ പേര‌് ചേർക്കാനാകാത്തവർ ആശങ്കപ്പെടേണ്ടതില്ലെന്ന‌് മുഖ്യ ഇലക‌്ടറൽ ഓഫീസറുടെ കാര്യാലയം അറിയിച്ചു. നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതിക്ക‌് പത്തുദിവസം മുമ്പ‌് വരെ ഓൺലൈനായി പേര‌് ചേർക്കാം. നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പേര‌് ചേർക്കാമെന്നും സാങ്കേതിക തകരാർ താൽക്കാലികമാണെന്നും ഓഫീസ‌് വിശദീകരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2C15ODm
via IFTTT
No comments:
Post a Comment