കോഴിക്കോട‌്
രാജ്യത്ത‌് യുദ്ധോന്മാദം വളർത്തുക എന്നത‌് ഭരണനേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ‌് അജൻഡയാണെന്ന‌് എഴുത്തുകാരൻ എൻ എസ‌് മാധവൻ പറഞ്ഞു. മാധ്യമങ്ങളുടെ, വിശിഷ്യാ വാർത്താചാനലുകളുടെ അകമ്പടിയിലാണ‌് ഈ നിരന്തരശ്രമം. എന്നാൽ ദേശീയതയുടെ ആഖ്യാനങ്ങളും പ്രത്യയശാസ‌്ത്രവും മറയാക്കിയാണ‌് യുദ്ധോത്സുകതയുടെ പ്രചാരണം. ഭരണനേതൃത്വത്തിന്റെ ഈ തന്ത്രം തുറന്നുപറയേണ്ട പ്രതിപക്ഷം നിശ്ശബ്ദരാണ‌്. എന്നാൽ ജനങ്ങൾ വസ‌്തുതയും യാഥാർഥ്യവും തിരിച്ചറിയുന്നു എന്നതാണ‌് ആശ്വാസകരം. ടൗൺഹാളിൽ സംഘടിപ്പിച്ച ‘സമാധാനവും യുദ്ധവും’ -സംവാദം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹ മാധ്യമങ്ങളുടെ സാധ്യതകളാണ‌് യുദ്ധോത്സുകത സൃഷ‌്ടിക്കുന്നത‌് മനസ്സിലാക്കാൻ സഹായകമായത‌്. ഒരു പരിധിവരെ പ്രതികരണങ്ങളുമുയരുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയാണ‌് ഇത്തരമൊരു ഘട്ടത്തിൽ തുണയായത‌്. ദേശീയതയുടെ എല്ലാ ഭാഷ്യങ്ങളും ഉപയോഗിച്ചുള്ള പ്രചാരണത്തിന്റെ സ്വാധീനശേഷി ഭരണകർത്താക്കൾക്ക‌് അറിയാം. എന്നാൽ ദുഷ‌്ടലാക്ക‌് തിരിച്ചറിയേണ്ട പ്രതിപക്ഷം നിശ്ശബ്ദരായെന്നതാണ‌് ശ്രദ്ധിക്കേണ്ട വസ‌്തുത–- അദ്ദേഹം പറഞ്ഞു. കോഴിക്കോട‌് സാംസ‌്കാരിക വേദി സംഘടിപ്പിച്ച ചടങ്ങിൽ എ കെ അബ്ദുൾ ഹക്കീം അധ്യക്ഷനായി. സോന രാജീവൻ, രാജേന്ദ്രൻ എടത്തുംകര എന്നിവർ സംസാരിച്ചു. കെ വി ശശി സ്വാഗതവും ലിജീഷ‌്കുമാർ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2VQKtnx
via IFTTT
No comments:
Post a Comment