മാവോയിസ‌്റ്റ‌്–-പൊലീസ‌് ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു ; തെരച്ചിൽ വ്യാപകം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

മാവോയിസ‌്റ്റ‌്–-പൊലീസ‌് ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു ; തെരച്ചിൽ വ്യാപകം

കൽപ്പറ്റ
വയനാട്ടിലെ ലക്കിടിയിൽ  പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ‌്റ്റ‌് പ്രവർത്തകൻ മരിച്ചതിൽ അന്വേഷണം തുടങ്ങി. മലപ്പുറം നിലമ്പൂർ പാണ്ടിക്കാട‌് ചെറുതപ്പള്ളിൽ സി പി ജലീലാണ‌്(26) മരിച്ചത‌്. ബുധനാഴ‌്ച രാത്രി 7.45ഓടെ കോഴിക്കോട‌്–-വയനാട‌് ജില്ലാ അതിർത്തിയായ ലക്കിടിയിലെ ഉപവൻ റിസോർട്ടിന‌് സമീപമായിരുന്നു ഏറ്റുമുട്ടൽ. റിസോർട്ടിൽ പണപ്പിരിവിനെത്തിയ  സംഘം രണ്ട‌് ലക്ഷം രൂപയും 10 പേർക്ക‌് ഭക്ഷണവുമാണ‌് ആദ്യം ആവശ്യപ്പെട്ടത‌്. തുടർന്ന‌്  അമ്പതിനായിരം രൂപവീതം മാസപ്പടി നൽകണമെന്നും ഭീഷണിപ്പെടുത്തി.

പൊലീസെത്തിയപ്പോൾ വെടിവച്ചു. ആത്മരക്ഷാർഥം പൊലീസ‌് നടത്തിയ പ്രത്യാക്രമണത്തിലാണ‌് ജലീൽ  മരിച്ചത‌്.  തലക്കും തോളിലുമാണ‌് വെടിയേറ്റത‌്. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക‌് പരിക്കേറ്റതായി സൂചയുണ്ട‌്. മരിച്ചത‌് ജലീലാണെന്ന‌് സഹോദരൻ സി പി റഷീദ‌് സ്ഥലത്തെത്തി തിരിച്ചറിഞ്ഞു. ജലീൽ സിപിഐ മാവോയിസ‌്റ്റിന്റെ കബനി–-നാടുകാണി ദളത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം ക്രൈംബ്രാഞ്ച്, മജിസ‌്ട്രേറ്റ‌് തല അന്വേഷണങ്ങളും നടക്കുമെന്ന്‌ സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബഹ‌്റ അറിയിച്ചു.

സാധാരണ പാന്റ‌്സും ഷർട്ടും ധരിച്ചാണ്‌‌ ജലീലും കൂട്ടാളിയും എത്തിയത്‌. മങ്കി ക്യാപ്പ‌് ഇട്ട‌് മുഖം മറച്ചിരുന്നു. ഹോട്ടലുകാർ ഫോണിൽ വിളിച്ചതിനെ തുടർന്ന‌് തണ്ടർബോൾട്ടുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഇവർ പുറത്തിറങ്ങി. പൊലീസിനെ കണ്ടയുടൻ വെടിയുതിർത്തു. ജലീൽ നാടൻ തോക്കു കൊണ്ട‌ാണ്‌ വെടിവച്ചത‌്. പിന്നീട‌് ഒപ്പമുണ്ടായിരുന്നയാളും വെടിയുതിർത്തു.  സംഘം രക്ഷപ്പെട്ടുപോയ വനപാതയിൽ രക്തപ്പാടുകളുണ്ട‌്. വെടിയേറ്റ‌് പൊലീസ‌് വാഹനത്തിന്റെ ചില്ല‌് തകർന്നു.

രാത്രിയായതിനാൽ പൊലീസിന‌് വനത്തിനകത്ത‌് കടന്ന‌്  വിശദമായ തിരച്ചിൽ നടത്താനായില്ല. പുലരുംവരെ വനത്തിൽനിന്ന‌് ഇടക്കിടെ മാവോയിസ‌്റ്റുകൾ  വെടിവച്ചു.  പിന്നീട‌് നടത്തിയ തെരച്ചിലിലാണ‌്  ഹോട്ടലിലെ കൃത്രിമവെള്ളച്ചാട്ടത്തിന്‌ സമീപം ജലീലിന്റെ ജഡം കണ്ടത്‌.  വ്യാഴാഴ‌്ച രാവിലെയോടെ കൂടുതൽ സേനയും ബോംബ‌് സ‌്ക്വാഡും ഫോറൻസിക‌് വിദഗ‌്ധരുമെത്തി. വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പരിക്കേറ്റയാളെ കണ്ടെത്താനായില്ല. ഇയാളുടേതെന്ന‌് സംശയിക്കുന്ന തൊപ്പി ലഭിച്ചു.

രാവിലെ  ഒമ്പതോടെ പൊലീസ‌് ഇൻക്വസ‌്റ്റ‌് ആരംഭിച്ചു. തുടർന്ന‌് പോസ‌്റ്റ‌്മോർട്ടത്തിനായി കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക‌് കൊണ്ടുപോയി. മരിച്ച ജലീലിന്റെ മൂത്ത സഹോദരൻ മൊയ‌്തീൻ മാവോയ‌ിസ‌്റ്റ‌് നേതാവാണ‌്. ഇയാൾ മൂന്ന‌് വർഷമായി പൂണെ ജയിലിലാണ‌്. മറ്റൊരു സഹോദരൻ ഇസ‌്മായിലും മാവോയിസ‌്റ്റ‌് പ്രവർത്തകനാണ‌്. റഷീദ‌് പോരാട്ടം സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹിയാണ‌്. ഏറ്റുമുട്ടലിൽ പരിക്കേറ്റയാൾ മഹാരാഷ‌്ട്ര സ്വദേശി ലോകേഷ‌് മദനോ തമിഴ‌്നാട‌് സ്വദേശി വേൽമുരുകനോ ആകാമെന്ന്‌ പൊലീസ‌് സംശയിക്കുന്നു.

ക്രൈംബ്രാഞ്ച്‌, മജിസ്‌ട്രേറ്റ്‌തല അന്വേഷണം: ഡിജിപി
സായുധരായ മാവോയിസ്റ്റുകൾക്കെതിരെ പൊലീസ‌് സ്വീകരിച്ച നടപടികൾ സംബന്ധിച്ച‌് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബഹ‌്റ അറിയിച്ചു.

സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയൽ അന്വേഷണങ്ങളും നടക്കും. വടക്കൻ ജില്ലകളിൽ  മാവോയിസ്റ്റുകൾ സാധാരണക്കാരുടെ സ്വൈരജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന‌് ഡിജിപി വ്യക്തമാക്കി.
റിസോർട്ടിലെത്തിയ സംഘം  പണം പിടിച്ചുവാങ്ങാനും ഭക്ഷണം കൊള്ളയടിക്കാനുമാണ‌് ശ്രമിച്ചത‌്. പൊലീസിനെ  കണ്ടപ്പോൾ ആദ്യം വെടിവച്ചെന്നും അദ്ദേഹം പറഞ്ഞു. ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം പോസ്റ്റ്മോർട്ടം നടത്തും.

കണ്ണൂർ റെയ‌്ഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ, വയനാട് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി ആർ, എസ‌്‌പി (ഓപ്പറേഷൻസ്) ദേബേഷ് കുമാർ ബെഹ്റ എന്നിവർ  ക്യാമ്പ് ചെയ‌്ത‌് നടപടികൾക്ക‌് നേതൃത്വം നൽകുമെന്നും പൊലീസ‌് മേധാവി വ്യക്തമാക്കി.

പണം വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചു
ലക്കിടി ഉപവൻ റിസോർട്ടിൽനിന്ന‌് മാവോയിസ‌്റ്റുകൾ പണം വാങ്ങുന്ന ദൃശ്യം പൊലീസിന‌് ലഭിച്ചു. റിസോർട്ടിലെ സിസിടിവിയിൽനിന്നാണ‌് ദൃശ്യം ലഭിച്ചത‌്. ജീവനക്കാരിലൊരാൾ പണം റിസപ‌്ഷനിലിരിക്കുന്നയാൾക്ക‌് കൊടുക്കുന്നതും ഇയാൾ ഇത‌് കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട‌്. ജലീലാണ‌് പണം വാങ്ങിയത‌്. ലഭിച്ച പണം ജലീൽ എണ്ണിനോക്കുന്നുമുണ്ട‌്. രണ്ട‌് ലക്ഷം രൂപയാണ‌് റിസോർട്ടിലെത്തി  ആവശ്യപ്പെട്ടത‌്.

തങ്ങളുടെ കൈവശം പണമില്ലെന്നും ഇടപാടുകൾ ഓൺലൈൻ വഴിയാണെന്നും അറിയിച്ചെങ്കിലും സംഘം പിന്മാറിയില്ല. ജീവനക്കാർ പണം പിരിച്ച‌് അയ്യായിരം രൂപയാക്കി നൽകിയെങ്കിലും കൂടുതൽ തുകക്കായി  ഏറെനേരം സമ്മർദം ചെലുത്തി. പിന്നീട‌് ജീവനക്കാരിലൊരാൾ എടിഎമ്മിൽ നിന്ന‌്അയ്യായിരം രൂപ കൂടി എടുത്തുനൽകി. തോക്കും ഗ്രനേഡുമായി എത്തിയ ഇവർ  ജീവനക്കാരെ ഭീഷണിപ്പെടുത്തി. തോക്ക‌് തൂക്കി ഇവർ റിസോർട്ടിലേക്ക‌് കയറിവരുന്നതും  ദൃശ്യങ്ങളിലുണ്ട‌്.



 



from Kerala || Deshabhimani ​Online ​News https://ift.tt/2ENBmwS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages